‘ഇതൊരു തുടക്കം മാത്രം’; ഷാഫി പറമ്പിലിനെയും സതീശനെയും ഉന്നമിട്ട് എ.കെ. ഷാനിബും പി. സരിനും; കേരളത്തിലെ കോണ്‍ഗ്രസിനെ പെരുവഴിയിലാക്കിയത് ഷാഫിയും രാഹുലും സതീശനും ഉള്‍പ്പെടുന്ന ക്രൈം സിന്‍ഡിക്കേറ്റ്, കോണ്‍ഗ്രസുകാരുടെ തലയെണ്ണി പണം വാങ്ങി; പരാതികള്‍ മുഖ്യമന്ത്രിയുടെ പക്കലെന്നു സരിന്; പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ഷാനിബ്
'രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടിയത് കൊണ്ടുമാത്രം കാര്യമില്ല. വീഴുമ്പോള്‍ ആ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്നുപേരും വീഴണം. വെറുതെയല്ല താന്‍ ഷാഫി പറമ്പിലിനെയും വി.ഡി. സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചതെന്നും അവര്‍ നടത്തിയ ഹവാല, റിവേഴ്സ് ഹവാല ഇടപാടുകളെല്ലാം ചര്‍ച്ചയിലേക്ക് വരു'മെന്നും സരിന് വ്യക്തമാക്കി.

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം തള്ളിയതിനു പിന്നാലെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതോടെ കൂടുതല്‍ പ്രതിരോധത്തിലായി രാഷ്ട്രീയ ഗുരു കൂടിയായ ഷാഫി പറമ്പില്‍ എംപി. രാഹുലിന്റെ എല്ലാ കൊള്ളരുതായ്മകളും അറിഞ്ഞിട്ടും കുടപിടിച്ചു കൊടുത്തെന്നും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ഗുരുതര ആരോപണവുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ രംഗത്തു വരുന്നത് അന്വേഷണം ഷാഫിയിലേക്കും നീളുമെന്ന സൂചനയാണ് നല്‍കുന്നത്. ‘ഇതൊരു തുടക്കം മാത്രമാണ്’ എന്നാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ എ.കെ. ഷാനിബിന്റെ കുറിപ്പ്. പെണ്‍കുട്ടി പറഞ്ഞ പരാതി കൈയിലുണ്ടെന്നും പരാതി വന്നില്ലെങ്കില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഷാനിബ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി.
രാഹുലിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ ഗുരുതര പരാതികള്‍ ലഭിച്ചില്ലെന്ന ദുര്‍ബല പ്രതിരോധവുമായാണ് ഷാഫി പറമ്പില്‍ ഇന്നലെ രംഗത്തു വന്നതെങ്കില്‍ അതിനും മുമ്പേ ഷാഫിയിലേക്ക് ആരോപണങ്ങള്‍ എത്തുന്ന തരത്തിലായിരുന്നു ഷാനിബിന്റെ പോസ്റ്റുകള്‍. രാഹുലിനു സ്വീകാര്യതയുണ്ടാക്കാന്‍ സിനിമാ താരങ്ങളെ പാലക്കാട്ടെ വിവിധ പരിപാടികളില്‍ എത്തിച്ചിരുന്നതും എ ഗ്രൂപ്പുകാരനായി അറിയപ്പെടുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കു രാഹുലിനൊപ്പം വേദി പങ്കിടാന്‍ നിര്‍ദേശം നല്‍കിയിരുന്നത് ആരാണെന്നും ആര്‍ക്കറിയാമെന്നു ഷാഫിയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഷാനിബ് ആരോപിക്കുന്നത്. കേവലമായ പൊളിറ്റിക്കല്‍ കരിയര്‍ സംരക്ഷിക്കാന്‍ ‘വടകര പുയ്യാപ്ല’ എന്നു കെപിസിസി പ്രസിഡന്റ് വിളിച്ചയാള്‍ എല്ലാ രാഹുലിന്റെ എല്ലാ ക്രിമിനല്‍ പ്രവൃത്തിക്കും ചൂട്ടു പിടിച്ചിട്ടുണ്ടെന്നും ഷാനിബ് നേരത്തേ തന്നെ ആരോപിക്കുന്നുണ്ട്.
അതേസമയം കുറച്ചുകൂടി കടന്നാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ പി. സരിന് രംഗത്തു വന്നിട്ടുള്ളത്. ഈ വിധി കോണ്‍ഗ്രസിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്. രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ ആശ്വാസത്തിന്റെ നെടുവീര്പ്പിടുകയായിരുന്നുവെന്നും പാര്‍ട്ടിക്കുളളിലെ തെറ്റുകളെ തിരിച്ചറിഞ്ഞ് പുഴുക്കുത്തുകളെ പുറത്താക്കിയില്ലെങ്കില്‍ കേരളത്തില്‍ ഒരിക്കല്‍ കോണ്‍ഗ്രസുണ്ടായിരുന്നു എന്ന് പറയേണ്ടിവരുമെന്നും സരിന് പറഞ്ഞു.
‘രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടിയത് കൊണ്ടുമാത്രം കാര്യമില്ല. വീഴുമ്പോള്‍ ആ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്നുപേരും വീഴണം. വെറുതെയല്ല താന്‍ ഷാഫി പറമ്പിലിനെയും വി.ഡി. സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചതെന്നും അവര്‍ നടത്തിയ ഹവാല, റിവേഴ്സ് ഹവാല ഇടപാടുകളെല്ലാം ചര്‍ച്ചയിലേക്ക് വരു’മെന്നും സരിന് വ്യക്തമാക്കി.
‘ഇയാളെ മാത്രം പൂട്ടിയത് കൊണ്ട് കാര്യമില്ല. ഈ ക്രൈം സിന്‍ഡിക്കേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതിന് പല രീതികളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എങ്ങനെയായിരുന്നു ഇവര്‍ മാത്രം പങ്കുകൊണ്ടിരുന്നത്? അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന കെ. സുധാകരനെ ഇവര്‍ എങ്ങനെയാണ് നോക്കുകുത്തിയായി മാറ്റിയത്? കെ.സി. വേണുഗോപാലിനെ പോലും അശക്തനാക്കിക്കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി വരാന്‍ പോകുന്ന ഭരണമാറ്റത്തിന്റെ പേരില്‍ തൂക്കിവിറ്റവരാണ് അവര്‍.
2026-ലെ ഭരണം കോണ്‍ഗ്രസിനാണ് എന്നാണ് അവരുടെ മനസില്‍. അന്ന് ഭരണത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ധനമന്ത്രിയുമൊക്കെ ഇവര്‍ മൂന്നുപേരും ആയേക്കാം എന്നായിരിക്കുമല്ലോ അവര്‍ സ്വപ്നം കാണുന്നത്. ആ സ്വപ്നത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ തലയെണ്ണി കണക്കുപറഞ്ഞ് അവര്‍ വാങ്ങിയത് എന്തൊക്കെയാണ്, ഇവര്‍ ആരില്‍ നിന്നാണ് പണം കൈപ്പറ്റിയിരുന്നത്. ഇവരുടെ ഭയം എന്തായിരുന്നു എന്നെല്ലാം മനസിലാക്കണം’ പി. സരിന് പറഞ്ഞു.
2026ല്‍ അധികാരം പിടിക്കണമെന്ന പാഴ്സ്വപ്നം കൈമാറിക്കൊണ്ട് ചെയ്ത നെറികേടുകള്‍ക്കൊക്കെ നിങ്ങളെവെച്ചാണ് അവര്‍ കവചം തീര്‍ത്തതെന്നാണ് കോണ്‍ഗ്രസുകാര്‍ മനസിലാക്കേണ്ടത്. നിങ്ങളെ വിറ്റാണ് ഈ പ്രസ്ഥാനത്തെ അവര്‍ ചതിച്ചത് എന്ന് നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷം, വീഴുന്നത് ഈ മൂന്നുപേരും കൂടിയാകണം. അധികാരം പിടിക്കലാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ 2031-നെക്കുറിച്ച് നിങ്ങള്‍ സ്വപ്നം കാണുന്നുണ്ടെങ്കില്‍, നിങ്ങള്‍ തെറ്റുകള്‍ ഏറ്റുപറയുമ്പോള്‍ സകലതിനെയും ചെവിക്ക് പിടിച്ച് പുറത്താക്കുക എന്നതാണ്. അതിന് കെല്‍പ്പുളളവര്‍ പാര്‍ട്ടിക്കകത്ത് ഉണ്ടോ എന്ന് കണ്ടറിയണമെന്നും സരിന് പറഞ്ഞു.
ഈ പൊളിക്കിറ്റല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ ബാക്കി രണ്ടുപേര്‍ രണ്ടു ചേരികളിലായി തിരിഞ്ഞുകൊണ്ട് ചെയ്തുകൊണ്ടിരിക്കുന്ന സകല ഇടപാടുകള്‍ക്കും ഇടപെടലുകള്‍ക്കും ക്ലാരിറ്റി വരും. അത്തരം പരാതികളൊക്കെ ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ കയ്യിലുണ്ട്. പരാതികള്‍ മാത്രമല്ല തെളിവുകളുമുണ്ടെന്നും സരിന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഷാഫിക്കെതിരേ രംഗത്തുവന്നത് എം.എ. ഷഹനാസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകതന്നെയാണ്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തനിക്കൊപ്പം ഒറ്റയ്ക്കു വരണമെന്നു രാഹുല്‍ ആവശ്യപ്പെട്ടെന്നു പിന്നീട് അവര്‍ മാധ്യമങ്ങള്‍ക്കു മുന്നിലും വെളിപ്പെടുത്തി. രാഹുലിന്റെ പീഡനങ്ങള്‍ പുറത്തുവന്നപ്പോള്‍ വീണ്ടും സന്ദേശമയച്ചപ്പോള്‍ വിഷാദം സ്ഫുരിക്കുന്ന ‘സ്മൈലി’ ആയിരുന്നു മറുപടിയായി ലഭിച്ചതെന്നും ഇവര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പറഞ്ഞു.
രാഹുലിന്റെ ഇത്തരം സ്വാഭാവ വൈകൃതങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അയാള്‍ അതിനെ പരിഹാസപൂര്‍വം അവഗണിച്ചു എന്ന് മാത്രമല്ല ഇത്തരമൊരു ലൈംഗിക വൈകൃതനെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കുവാന് പരിശ്രമിക്കുകയും ചെയ്തു എന്ന് ഷഹനാസ് പറയുമ്പോള്‍ തകര്‍ന്ന് വീഴുന്നത് ഷാഫി പറമ്പിലിന്റെ ഇമേജ് കൂടിയായിരുന്നു. ഷഹനാസ് ഒരു ഇടത്പക്ഷക്കാരിയല്ല, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഘട്ടത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരാളാണ് അവര്‍. കെപിസിസി സംസ്കാര സാഹിതിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്.
അപ്പോള്‍ ഉത്തരവാദപ്പെട്ട ഒരു പോസ്റ്റിലുള്ള ഒരു വനിതാ പ്രവര്‍ത്തക തന്നെ നിരവധി സ്ത്രീകള്‍ ഇയാളില്‍നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അതൊക്കെ അവഗണിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കുവാന് ഷാഫി പറമ്പില്‍ പ്രവര്‍ത്തിച്ചെന്നാണു വ്യക്തമാകുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആക്കുക മാത്രമല്ല അതേയാളെ തന്റെ പിന്‍ഗാമയിയായി പാലക്കാട്ടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്പിക്കുകയും ചെയ്തു. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫ് മൊത്തത്തിലും എത്തിയ ദുരവസ്ഥയ്ക്കു കാരണക്കാരന്‍ ഷാഫിയുമാണെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.






