പാര്‍ട്ടിയില്‍ നിന്നുണ്ടായ സൗഹൃദം, സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ നല്‍കിയിട്ടുള്ളൂ ; രാഹുലിന്റെ ഹെഡ്മാഷ് ഷാഫിയാണെന്ന ആക്ഷേപത്തിന് പാലക്കാട് എംപിയുടെ മറുപടി

പാലക്കാട്: സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുല്‍ മാങ്കൂട്ടത്തിന് നല്‍കിയിട്ടുള്ളൂ എന്നും രാഹുലുമായി പാര്‍ട്ടിയിലൂടെയുള്ള ബന്ധം മാത്രമാണ് ഉള്ളതെന്നും ഷാഫി പറമ്പില്‍ എംപി. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വഞ്ചിയൂര്‍ കോടതി തള്ളിയതിന് പിന്നാലെ പ്രിയപ്പെട്ട ശിഷ്യനെ ഷാഫിയും കൈവിട്ടു.
പരിപൂര്‍ണമായി താനൊരു പാര്‍ട്ടിക്കാരനാണെന്നും പാര്‍ട്ടിയെടുക്കുന്ന അച്ചടക്കനടപടി താനും അംഗീകരിക്കുന്നതായും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുലിനെതിരെ പാര്‍ട്ടിയെടുത്ത ഒരു നടപടിക്കും താന്‍ ഉള്‍പ്പെടെ ആരും വിഘാതം സൃഷ്ടിച്ചിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടും തനിക്കില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് താന്‍ കൊണ്ടുവന്നതല്ല. സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് താന്‍ നല്‍കിയിട്ടുള്ളൂ. നന്നായി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും നല്‍കുന്ന പിന്തുണയാണത്. നന്നായി പ്രവര്‍ത്തിക്കുന്ന ആരേയും വളരാന്‍ പിന്തുണയ്ക്കുന്നതുപോലെ തന്നെയാണ് രാഹുലിനോടും ചെയ്തതെന്നും പറഞ്ഞു.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എംഎല്‍എ എട്ടാം ദിവസവും കാണാമറയത്താണ്. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.






