ചിന്ന ചിന്ന ചിഹ്ന കണ്‍ഫ്യൂഷന്‍; ടിവിയാണോ ഓവനാണോ ചിഹ്നമെന്ന് ചോദിച്ചാല്‍; ചിഹ്നം നോക്കണ്ട പേര് ഓര്‍ത്തുവെച്ചാല്‍ മതിയെന്ന് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍േേക്ക സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ക്ക് ചിന്ന ചിന്ന ചിഹ്ന കണ്‍ഫ്യൂഷനുകള്‍. തങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയ ചിഹ്നങ്ങളില്‍ ടിവിയാണ് പല സ്വതന്ത്രരേയും വെട്ടിലാക്കിയിരിക്കുന്നത്.
കാരണം കിട്ടിയ ചിഹ്നത്തിന്റെ രൂപം കാണുമ്പോള്‍ അത് ടിവിയാണോ അതോ മൈക്രോവേവ് ഓവനാണോ എന്ന കാര്യത്തിലാണ് സംശയം.
പുതുതലമുറ വോട്ടര്‍മാരാണ് സ്ഥാനാര്‍ത്ഥി ടിവി അടയാളത്തില്‍ വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ടിവിയുടെ ചിത്രമുള്ള നോട്ടീസ് കൊടുത്തപ്പോള്‍ ചേട്ടാ ഇത് ടിവിയല്ല ഓവനല്ലേ എന്ന് തിരിച്ചു ചോദിച്ചത്. ഓവനല്ല ടിവി തന്നെയാണെന്ന് സ്ഥാനാര്‍ത്ഥി മറുപടി നല്‍കിയപ്പോള്‍ ന്യൂജെന്‍ വോട്ടര്‍മാര്‍ ചിഹ്നം ഓവനാണെന്ന് തിരിച്ചുവാദിച്ചു. ഇതോടെ ഓവന്‍ മോഡല്‍ ടിവി അടയാളം കിട്ടിയവര്‍ അടികിട്ടിയപോലെയായി.
ടിവിയുടെ രൂപവും ആകൃതിയുമൊക്കെ മാറി എല്‍ഇഡിയും ഫ്‌ളാറ്റ് മോഡലുമൊക്കെ വന്നെങ്കിലും തെരഞ്ഞെടുപ്പ് ക്്മ്മീഷന്‍ ഇപ്പോഴും നൊസ്റ്റാള്‍ജിക് മൂഡ് തരുന്ന ആ പഴയ മോഡല്‍ ടിവി തന്നെയാണ് അടയാളചിഹ്നമായി ഉപയോഗിക്കുന്നത്.
ബാലറ്റില്‍ പഴയ ടെലിവിഷന്റെ പടമാണ് ചിഹ്നമായി രേഖപ്പെടുത്തിയിട്ടുളളത്. ഈ ചിഹ്നം തന്നെയാണ് സ്ഥാനാര്‍ഥികള്‍ പോസ്റ്ററുകളിലും അഭ്യര്‍ഥനകളിലും പ്രിന്റ് ചെയ്യ്തിട്ടുളളത്. എന്നാല്‍ വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ഥി ടെലിവിഷന്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോള്‍ പുതുതലമുറ വോട്ടര്‍മാര്‍ ചിഹ്നം ടിവിയല്ലല്ലോ മൈക്രോവേവ് ആണല്ലോ എന്ന് ചോദിച്ചത്.
ഇത് ടിവി തന്നെയാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ സ്ഥാനാര്‍ത്ഥിക്ക് പഴയ ടിവികളെക്കുറിച്ച് വിവരണം നല്‍കേണ്ട സ്ഥിതിയാണ്.
പുതുതലമുറയിലെ വോട്ടര്‍മാര്‍ക്ക് എണ്‍തുകളിലും തൊണ്ണൂറുകളിലുമുണ്ടായിരുന്ന വലിയ ടെലിവിഷനെ സംബന്ധിച്ച് അറിവില്ലാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. പുതുതലമുറ വോട്ടര്‍മാര്‍ കണ്ടിട്ടുളളത് വീതികുറഞ്ഞ എല്‍ഇഡി, എല്‍സിഡി ടെലിവിഷനുകളെ മാത്രമാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുളള ടെലിവിഷന്‍ ചിഹ്നം വ്യാപകമായി ഉപയോഗിക്കുന്ന മൈക്രോവേവ് ഓവന് സമാനമായിട്ടുളളതാണ്.
പഴയ വലിയ ടെലിവിഷന്‍ പെട്ടികള്‍ കണ്ടിട്ടില്ലാത്ത പുതുതലമുറയാണ് ചിഹ്നം മൈക്രോവേവല്ലേയെന്ന് ചോദിച്ച് സ്ഥാനാര്‍ഥികളെ കുഴപ്പിക്കുന്നത്.
ഭാഗ്യത്തിന് കമ്മീഷന്‍ ഓവന്‍ ചിഹ്നം ആര്‍ക്കും കൊടുത്തിട്ടില്ല. അതുകൊണ്ട് ഓവനാണെന്ന് കരുതി ടിവിക്ക് വോട്ടുകുത്തിയാലും കുഴപ്പമില്ല.
കണ്‍ഫ്യൂഷന്‍ തീരാത്ത വോട്ടര്‍മാരോട് നിങ്ങള്‍ ചിഹ്നം നോക്കേണ്ട സ്ഥാനാര്‍ത്ഥിയുടെ പേരു നോക്കി അതോര്‍ത്ത് വോട്ടു ചെയ്താല്‍ മതിയെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു മനസിലാക്കാനും ശ്രമിക്കുന്നുണ്ട്.
എന്തായാലും ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഓവന്റെ ഷേയ്പ്പുള്ള ടിവിക്ക് രൂപമാറ്റം വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹിക്കുന്നവര്‍. കണ്‍ഫ്യൂഷനോടെ വോട്ടു തേടിയിറങ്ങുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരോട് ഇപ്പോള്‍ വോട്ടുചോദിച്ച് മടങ്ങുമ്പോള്‍ പറയുന്നതിതാണ് – ചിഹ്നമേതായാലും വോട്ട് ഈ പാവം സ്ഥാനാര്‍ത്ഥിക്ക് ചെയ്താല്‍ മതി.






