കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ മുഖം നഷ്ടപ്പെട്ട് ‘രാഹുല്‍ വില്‍ ഡു ഗ്രേറ്റ് തിംഗ്‌സ്’ എന്നു പറഞ്ഞ ഷാഫി പറമ്പില്‍ എംപിയും; പരാതികളുടെ സ്വഭാവത്തെക്കുറിച്ച് ആദ്യംമുതല്‍ അറിഞ്ഞു; എന്നിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട്ടേക്കു വിളിച്ചുവരുത്തി എംഎല്‍എയുമാക്കി; നടപടി വൈകുന്നത് മാങ്കൂട്ടത്തിലിന്റെ ഭീഷണി ഭയന്നെന്നും സംശയം
ഷഹനാസ് ഇടത്പക്ഷക്കാരിയല്ല, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഘട്ടത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരാളാണ് അവര്‍. കെപിസിസി സംസ്‌കാര സാഹിതിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്.

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകയായ എം.എ. ഷഹനാസിന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി ഷാഫി പറമ്പില്‍ എംപിയും. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കുന്നതിനു മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നെന്നും പുച്ഛമായിരുന്നു പ്രതികരണമെന്നുമാണ് എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തനിക്കൊപ്പം ഒറ്റയ്ക്കു വരണമെന്നു രാഹുല്‍ ആവശ്യപ്പെട്ടെന്നു പിന്നീട് അവര്‍ മാധ്യമങ്ങള്‍ക്കു മുന്നിലും വെളിപ്പെടുത്തി. രാഹുലിന്റെ പീഡനങ്ങള്‍ പുറത്തുവന്നപ്പോള്‍ വീണ്ടും സന്ദേശമയച്ചപ്പോള്‍ വിഷാദം സ്ഫുരിക്കുന്ന ‘സ്‌മൈലി’ ആയിരുന്നു മറുപടിയായി ലഭിച്ചതെന്നും ഇവര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പറഞ്ഞു.
രാഹുലിന്റെ ഇത്തരം സ്വാഭാവ വൈകൃതങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അയാള്‍ അതിനെ പരിഹാസപൂര്‍വം അവഗണിച്ചു എന്ന് മാത്രമല്ല ഇത്തരമൊരു ലൈംഗിക വൈകൃതനെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കുവാന്‍ പരിശ്രമിക്കുകയും ചെയ്തു എന്ന് ഷഹനാസ് പറയുമ്പോള്‍ തകര്‍ന്ന് വീഴുന്നത് ഷാഫി പറമ്പിലിന്റെ ഇമേജ് കൂടിയാണെന്നു രാഷ്ട്രീയ വിമര്‍ശകനായ ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു.
ഷഹനാസ് ഒരു ഇടത്പക്ഷക്കാരിയല്ല, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഘട്ടത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരാളാണ് അവര്‍. കെപിസിസി സംസ്‌കാര സാഹിതിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്.
അപ്പോള്‍ ഉത്തരവാദപ്പെട്ട ഒരു പോസ്റ്റിലുള്ള ഒരു വനിതാ പ്രവര്‍ത്തക തന്നെ നിരവധി സ്ത്രീകള്‍ ഇയാളില്‍നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അതൊക്കെ അവഗണിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കുവാന്‍ ഷാഫി പറമ്പില്‍ പ്രവര്‍ത്തിച്ചെന്നാണു വ്യക്തമാകുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആക്കുക മാത്രമല്ല അതേയാളെ തന്റെ പിന്‍ഗാമയിയായി പാലക്കാട്ടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്പിക്കുകയും ചെയ്തു. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫ് മൊത്തത്തിലും എത്തിയ ദുരവസ്ഥയ്ക്കു കാരണക്കാരന്‍ ഷാഫിയുമാണെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയിരിക്കുന്ന ഘട്ടത്തില്‍ ഇങ്ങനെ ഒരു വിവരം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്ന് തന്നെ മനസിലാക്കാന്‍ അവസരം കിട്ടിയാല്‍ ഒരു മിനിമം സാമൂഹ്യബോധമുള്ള നേതാവ് ചെയ്യുക അത്തരം ആളുകളെ പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. എന്നാല്‍ അതിന് നേരെ വിപരീതമായ പണിയാണ് ഷാഫി ചെയ്തത്.
ഓഗസ്റ്റില്‍ ഷാഫി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘രാഹുല്‍ വില്‍ ഡൂ ഗ്രേറ്റ് തിംഗ്‌സ്’ എന്നായിരുന്നു ഷാഫിയുടെ വാക്കുകള്‍. ഷാഫി പറഞ്ഞ രാഹുലിന്റെ ആ ഗ്രേറ്റ് തിങ്ങ്‌സ് എന്തൊക്കെയാണെന്ന് കേരളം ഇതിനകം കണ്ടുകഴിഞ്ഞെന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുന്നു. പാര്‍ട്ടിയുടെ മുഖം മാത്രമല്ല, സ്വന്തം മുഖംകൂടി വെളിപ്പെടുത്തുകയാണു ഷാഫി ചെയ്യുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭീഷണിക്കു വഴങ്ങിയാണ് പലരും അയാള്‍ക്കെതിരേ രംഗത്തു വരാന്‍ മടിക്കുന്നതെന്നും ചര്‍ച്ചകളില്‍ പൊതുവേ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. രാഹുലിന്റെ കുറ്റകൃത്യങ്ങളില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന സംശയവും വിവിധ നിരീക്ഷകര്‍ ഉയര്‍ത്തുന്നു. സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മൃദു സമീപനം ഇതിനു കാരണമാണെന്നും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഓരോ മേഖലയിലേയും ഒളിയിടത്തില്‍ സഹായികള്‍ നിരവധിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നടിയുടെ ചുവന്ന കാറില്‍ രാഹുല്‍ സഞ്ചരിച്ചത് രണ്ടു കിലോമീറ്റര്‍ മാത്രമാണ്. പിന്നാലെ കാറും മൊബൈലും മാറി. കേരളവും തമിഴ്‌നാടും കടന്ന് കര്‍ണാടകയിലെത്തിയപ്പോഴും മാറിമാറിവന്നത് നിരവധി സഹായികളും മൊബൈലുകളും കാറുകളും. പെട്ടെന്നുള്ള നീക്കങ്ങളല്ല ഇതെന്ന് വ്യക്തമാകുംവിധമുള്ള തയാറെടുപ്പുകളായിരുന്നു ഇതെന്നാണു പറയുന്നത്. യുവതി പരാതി നല്‍കി നിമിഷങ്ങള്‍ക്കകം തന്നെ രക്ഷപ്പെടാനുള്ള ആസൂത്രണങ്ങള്‍ രാഹുല്‍ നടത്തി. കര്‍ണാടകയിലെ രണ്ട് ഒളിത്താവളങ്ങളില്‍ പൊലീസെത്തി. പൊലീസ് എത്തും മുന്‍പ് രാഹുല്‍ ഇവിടെനിന്ന് വീണ്ടും മുങ്ങി.
രാഹുലിന് അത്രയെളുപ്പം ഊരിപ്പോരാവുന്ന കേസല്ല ഇതെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. ബലാത്സംഗം, ഗര്‍ഭഛിദ്രം ഉള്‍പ്പെടെ രണ്ട് പ്രധാന വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്, പരാതിക്കാരിയുടെ ദേഹത്ത് വരുത്തിയ മുറിവുകള്‍, പാടുകള്‍ എന്നിവയിലൂടെ നടന്നത് ബലാത്സംഗമെന്ന് തെളിയുന്നു. താനും തന്റെ അഭിഭാഷകനും മാത്രമേ കേസിന്റെ നില അറിയാവൂയെന്ന നിര്‍ബന്ധത്താലാണ് വാദം അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഹര്‍ജി നല്‍കിയത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സൗഹൃദമുണ്ടാക്കി. നാലുതവണ ക്രൂരമായി ബലാത്സംഗം ചെയ്തു. തിരുവനന്തപുരത്തേയും പാലക്കാട്ടേയും ഫ്‌ലാറ്റുകളില്‍ വച്ചാണ് ബലാത്സംഗം ചെയ്തത്. അമ്മ വിവാഹത്തിനു സമ്മതിക്കണമെങ്കില്‍ നീ ഗര്‍ഭിണിയായി കാണിക്കണമെന്ന് പറഞ്ഞ് പറ്റിച്ചു. ഗര്‍ഭിണിയായി കഴിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായ സമയത്തും ക്രൂരമായി ബലാത്സംഗം ചെയ്തു. ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത പരാതിയില്‍ വ്യകതമാക്കുന്നത്.
പീഡനത്തെക്കുറിച്ച് മിണ്ടിയാല്‍ പൊതുമധ്യത്തില്‍ അപമാനിക്കുമെന്നതായിരുന്നു രാഹുലിന്റെ ഭീഷണി. കോണ്‍ഗ്രസിന്റെ സൈബര്‍ പ്രവര്‍ത്തകരെ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തുമെന്നും നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് യുവതി പരാതിയുമായെത്താതിരുന്നത്. അതിജീവിത കോണ്‍ഗ്രസിന് നല്‍കിയ പരാതിയിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു അതിജീവിത കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് അതില്‍ തുടര്‍നടപടി സ്വീകരിച്ചിരുന്നില്ല. പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടാണ് തുടര്‍ന്ന് സ്വീകരിക്കാതിരുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിശദീകരണം.






