Breaking NewsKeralaLead NewsNEWSNewsthen Specialpolitics

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; വാദം കേള്‍ക്കല്‍ തുടരും; രാഹുലിന്റെ അറസ്്റ്റിന് വിലക്കില്ല; ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കും

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; വാദം കേള്‍ക്കല്‍ തുടരും; രാഹുലിന്റെ അറസ്്റ്റിന് വിലക്കില്ല; ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കും

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിധി പറയുക. വാദം കേള്‍ക്കല്‍ നാളെയും തുടരും. ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കും.
അതേസമയം രാഹുലിന്റെ അറസ്റ്റിന് കോടതിയുടെ വിലക്കില്ല.

Signature-ad

അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നാണ് പ്രോസിക്യൂഷനും രാഹുല്‍ മാങ്കൂട്ടത്തിലും ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കാന്‍ അനുവദിച്ചത്. മറ്റു കേസുകള്‍ പരിഗണിച്ചശേഷം 11.30ഓടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നടപടികളാരംഭിച്ചത്. നേരത്തെ അവസാനമായിരിക്കും കേസ് പരിഗണിക്കുകയെന്നാണ് അറിയിച്ചിരുന്നതെങ്കിലും മറ്റു കേസുകള്‍ പരിഗണിച്ച് മാറ്റിവെച്ചശേഷം രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു.
കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തെത്തിയാല്‍ അത് ഏത് വിധത്തില്‍ പ്രചരിപ്പിക്കപ്പെടുമെന്ന് പറയാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും വാദം. സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് ഇരുഭാഗവും അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

രാഹുലിന്റെ അഭിഭാഷകന്‍ യുവതിക്കെതിരായ തെളിവുകള്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യത്തിനായി പാടുപെട്ട് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. വീഡിയോകളും ചില ശബ്ദരേഖകളും കോടതി പരിശോധിച്ചു. രാഹുല്‍ സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ചു. യുവതിയുമായുള്ളത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം. മറ്റാരുടെയും പ്രേരണയില്ലാതെയാണ് യുവതി ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ചതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
യുവ രാഷ്ട്രീയ നേതാവിന്റെ ഭാവി നശിപ്പിക്കാനാണ് ഈ വ്യാജപരാതിയെന്നും സിപിഎം ബിജെപി ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും രാഹുലിന്റെ അഭിഭാഷകന്‍ പറഞ്ഞു.
തെളിവുകള്‍ പോലീസിനു കൊടുക്കാതെ മാധ്യമങ്ങള്‍ക്ക് നല്‍കിയത് ഇത് വ്യക്തമാക്കുന്നുവെന്നും രാഹുലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരണയുണ്ടായെന്നും ഇതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോടതിയില്‍ സമര്‍പിക്കപ്പെട്ട പോലീസ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഉണ്ടായിരുന്നത്. സീല്‍ ചെയ്ത കവറിലുള്ള പോലീസ് റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.
ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് പോലീസ് ഹാജരാക്കിയത്. ബലാത്സംഗം നടത്തിയതിന് തെളിവുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം സീല്‍ ചെയ്ത കവറില്‍ പോലീസ് കോടതിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: