രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ നാളെ വിധി പറയും ; ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയെന്ന് രാഹുല്‍ ; എംഎല്‍എ ക്രിമിനല്‍ മൈന്‍ഡുള്ളയാള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ബലാത്സംഗത്തിന് ഇരയാക്കി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി നാളെയും വാദം കേള്‍ക്കും. ഇന്ന് അടച്ചിട്ട് വാദം കേട്ട കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയുമെന്നാണ് കരുതുന്നത്. അതേസമയം രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഒളിവില്‍ പോയ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട പരിശോധിക്കാനുള്ള രേഖകള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും വിധി പറയുക.
ഒന്നേമുക്കാല്‍ മണിക്കൂറോളമാണ് കേസില്‍ വാദമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട രേഖകളില്‍ വിശദമായ പരിശോധന വേണമെന്ന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞു. ഇരുഭാഗവും നല്‍കിയ രേഖകള്‍ പരിശോധിക്കും. എന്നാല്‍ വിധി പറയും വരെ അറസ്റ്റുണ്ടാകില്ലെന്ന ഉറപ്പ് വേണമെന്നും വിധി നീണ്ടുപോയാല്‍ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടിയില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയുമായി നടന്നത് ഉഭയസമ്മത പ്രകാരമുളള ലൈംഗികബന്ധമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. മറ്റാരുടെയും പ്രേരണയില്ലാതെയാണ് യുവതി ഗര്‍ഭചിദ്രത്തിനുളള മരുന്ന് കഴിച്ചതെന്നും ബലാത്സംഗം നടന്ന കാലയളവില്‍ പൊലീസുമായും വനിതാ സെല്ലുമായും വനിതാ വിംഗുമായും അതിജീവിതയ്ക്ക് ബന്ധമുണ്ടായിരുന്നെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഗാര്‍ഹിക പീഡനത്തിന് പരാതി കൊടുത്തപ്പോള്‍ പൊലീസുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നെന്നും പീഡനം നടന്നിട്ടുണ്ടെങ്കില്‍ അന്ന് പരാതി കൊടുക്കാമായിരുന്നു എന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി.
എന്നാല്‍ രാഹുല്‍ പല തവണ യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും രാഹുല്‍ യുവതിയെ ബലാത്സംഗം ചെയ്തതായും പറഞ്ഞു. നിര്‍ബ്ബന്ധപൂര്‍വ്വം ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍ മനസ് ഉള്ളയാളാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ രാഹുല്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ട്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.






