Breaking NewsCrimeKeralaLead Newspolitics

നിയമം നിയമത്തിന്റെ വഴിയെ പോകും…രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും കൈവിട്ടു ; എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെടും ; പീഡനപരാതി കെപിസിസി നേതൃത്വം പോലീസിന് കൈമാറി

തിരുവനന്തപുരം: ലൈംഗിപവാദത്തില്‍ അടുത്ത പരാതിയും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും കൈവിട്ട് കോണ്‍ഗ്രസ്. 23 കാരി നല്‍കിയ പരാതി പോലീസിന് കൈമാറി. നിയമപരമായി മുമ്പോട്ട് പോകാനാണ് തീരുമാനം. കേരളത്തിന് പുറത്ത് താമസിക്കുന്ന 23-കാരിയാണ് രാഹുലിനെതിരെ പരാതിയുമായി കെപിസിസിയെ അടക്കം സമീപിച്ചത്.

യുവതി കെപിസിസിയ്ക്ക് പുറമേ രാഹുല്‍ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ഹോം സ്‌റ്റേയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് 23 കാരി നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. രാഹുല്‍ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പിന്നീട്, വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍, തന്നെ ഉള്‍പ്പെടെ ആരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്റെ രാഷ്ട്രീയ ജീവിതം ഒരിക്കലും തന്റെ ഭാര്യക്കോ കുട്ടിക്കോ ആവശ്യമായ ശ്രദ്ധ നല്‍കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടിയെന്നും പരാതിക്കാരി വ്യക്തമാക്കി.

Signature-ad

പീഡിപ്പിച്ചെന്ന പരാതി കെ പി സി സി അധ്യക്ഷന്‍ പൊലീസ് മേധാവിക്ക് കൈമാറിയതോടെ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യനീക്കവും പാളുമെന്ന് ഉറപ്പായിരിക്കുകയാണ്. പീഡനക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മറ്റൊരു യുവതികൂടി സമാന രീതിയിലുള്ള പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം കടന്നേക്കും. പാലക്കാട് എം എല്‍ എ സ്ഥാനത്തുനിന്നും രാജിവെപ്പിക്കും.

തദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പരാതി ഉയര്‍ന്നത് യു ഡി എഫ് ക്യാമ്പിന്റെ ആത്മവീര്യം തകര്‍ത്തിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്നും രാഹുലിനെ നേരത്തെ നീക്കിയെങ്കിലും കോണ്‍ഗ്രസ് അംഗമായി തുടരുകയാണ്. കോണ്‍ഗ്രസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ എം എല്‍ എസ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.

രാഹുലിനെതിരേ ഉയര്‍ന്ന് ലൈംഗികാപവാദം ഉയര്‍ന്നത് മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നത രൂപപ്പെട്ടിരുന്നു. രാഹുലിനെതിരെ ആരും പരാതിപ്പെട്ടിട്ടില്ലെന്നും, രാഹുലിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപിച്ച് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹവും നിശബ്ദനായിരിക്കുകയാണ്. പ്രതിപക്ഷ നേതാവും കെപിസിസി അദ്ധ്യക്ഷനും രമേശ് ചെന്നിത്തലയെയും കെ.സി.വേണുഗോപാലും കെ.മുരളീധരനും പോലെയുള്ള മുതിര്‍ന്ന നേതാക്കളും ആദ്യം മുതല്‍ രാഹുലിനെതിരേയുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: