Breaking NewsIndiaLead NewsNEWSNewsthen SpecialSocial MediaTRENDING

ഗംഭീറിനെ ‘മൈന്‍ഡ്’ ചെയ്യാതെ കോലി; ടീമില്‍ അടിമുടി പടലപ്പിണക്കമെന്ന് റിപ്പോര്‍ട്ട്; ഗംഭീറിനെയും അഗാര്‍ക്കറെയും വിളിച്ചുവരുത്തി ബിസിസിഐ; ടീമിന്റെ ടെസ്റ്റ് പതനത്തിനു പിന്നാലെ നിര്‍ണായക തീരുമാനങ്ങള്‍ ഉടനെന്നും റിപ്പോര്‍ട്ട്

റാഞ്ചി: ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു ബാറ്റു കൊണ്ടു മറുപടി നല്‍കിയതിനു പിന്നാലെ ടീമിലെ പടലപ്പിണക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത്. 2027 ലോകകപ്പ് വരെ താരങ്ങള്‍ ടീമില്‍ തുടരുമോ എന്നതു സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. ഇതുള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനമെടുക്കാന്‍ ബിസിസിഐ അടിയന്തര യോഗം ചേരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ടീമിന്റെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറുമായുള്ള ഇരുവരുടെയും ബന്ധം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ഇരുതാരങ്ങളും ഗംഭീറുമായി ചേര്‍ച്ചയിലല്ലെന്നാണു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലിയും രോഹിതും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ബന്ധത്തില്‍ വിള്ളലുകള്‍ വീണതെന്നാണ് സൂചന. ഇരുവരും ടെസ്റ്റില്‍ വിരമിച്ചത് ടീമിന്റെ ഘടനയെ തന്നെ ബാധിച്ചു. ഇതോടെ ടീമിന്റെ പതനവും ആരംഭിച്ചു.

Signature-ad

ഓസ്‌ട്രേലിയന്‍ ഏകദിന മത്സരങ്ങള്‍ക്കിടെ, രോഹിത്തും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും തമ്മിലും അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്റ്റില്‍നിന്നു വിരമിച്ച ശേഷം രോഹിത്തും കോലിയും ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത് ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പര തുടങ്ങിയ ശേഷവും കാര്യങ്ങള്‍ അത്ര പന്തിയല്ല. ഗംഭീറിനോട് വളരെക്കുറച്ച് മാത്രമാണ് കോലി സംസാരിക്കുന്നത്. ആദ്യ ഏകദിന മത്സരത്തിനു ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോള്‍ അവിടെയുണ്ടായിരുന്ന ഗംഭീറിനെ നോക്കാതെ കോലി കയറി പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മത്സരശേഷം ഗംഭീറും രോഹിത്തും തമ്മിലുള്ള ചൂടേറിയ ചര്‍ച്ചയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവരും തമ്മില്‍ എന്താകും സംസാരിച്ചതെന്നതില്‍ ഒട്ടേറെ ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.

എന്നാല്‍ സെഞ്ചറി നേടി ഔട്ടായ കോലി, തിരിച്ചു ഡ്രസിങ് റൂമിലെത്തിയപ്പോള്‍ ഗംഭീര്‍ അഭിനന്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതിനു മുന്‍പ്, രോഹിത് ശര്‍മ അര്‍ധസെഞ്ചറി നേടിയപ്പോള്‍ ഗംഭീര്‍ കയ്യടിക്കുന്ന ദൃശ്യങ്ങളുമുണ്ട്. എന്തുതന്നെയായാലും സീനിയര്‍ താരങ്ങളും കോച്ചും തമ്മില്‍ എന്തൊക്കെയോ നീറിപ്പുകയുന്നുണ്ടെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരങ്ങളുടെ ആരാധകര്‍, സമൂഹമാധ്യമങ്ങളില്‍ ഗംഭീറിനെ ആക്രമിക്കുന്ന രീതി ബിസിസിഐയെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഈ സംഭവവികാസങ്ങള്‍ക്കിടെയാണ് ബിസിസിഐ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.

അഗാര്‍ക്കറെയും ഗംഭീറിനെയും വിളിച്ചുവരുത്തി

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അടിയന്തര യോഗം വിളിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിനാണ് യോഗം. രണ്ടാം ഏകദിനത്തിനു മുന്നോടിയായി രാവിലെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 3നു റായ്പുരിലാണ് രണ്ടാം ഏകദിനം.

മുന്‍ ക്യാപ്റ്റന്‍മാരായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ബിസിസിഐയുടെ നടപടി. ഗംഭീറിനെയും അഗാര്‍ക്കറിനെയും കൂടാതെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്റ് സെക്രട്ടറി പ്രഭ്‌തേജ് സിങ് ഭാട്ടിയ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പുതുതായി നിയമിതനായ ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മത്സരദിനത്തിലാണ് യോഗമെന്നതിനാല്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും യോഗത്തിലേക്ക് വിളിക്കാനുള്ള സാധ്യത കുറവാണ്.

ടീമിലെ ‘സെലക്ഷന്‍ സ്ഥിരത’, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍, മൊത്തത്തിലുള്ള ടീമിന്റെ പ്രകടനം എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയത് യോഗത്തില്‍ ചര്‍ച്ചയാകും. ഗംഭീറും അഗാര്‍ക്കറും യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍, ഇതു സംബന്ധിച്ച് ഇവരില്‍നിന്നു വിശദീകരണം തേടിയേക്കും. ഇവരുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് ഭാവി നടപടികള്‍ ആസൂത്രണം ചെയ്യാനും ബിസിസിഐ ഉദ്ദേശിക്കുന്നു.

വിരാട് കോലി, രോഹിത് ശര്‍മ എന്നീ താരങ്ങളുടെ ഭാവി സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം. മുതിര്‍ന്ന താരങ്ങളും മാനജ്‌മെന്റും തമ്മില്‍ ശരിയായ രീതിയില്‍ ആശയവിനിമയം നടക്കുന്നില്ലെന്നും ഇതു പരിഹരിക്കണമെന്നും ബോര്‍ഡ് കരുതുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: