Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘സ്ഥലം വാങ്ങാം, പക്ഷേ, ഭൂമി ഏറ്റെടുക്കാന്‍ പാടില്ല!; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും ഇഡി; പരിഹസിച്ചു ഡോ. തോമസ് ഐസക്; കിഫ്ബിയെ തകര്‍ക്കല്‍ ലക്ഷ്യം; യുഡിഎഫ് ചൂട്ടുപിടിക്കുന്നു

കൊച്ചി: കിഫ്ബി മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിനെ പരിഹസിച്ചു മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. പണം ഉപയോഗിച്ചു സ്ഥലം വാങ്ങാം പക്ഷേ, ഭൂമി ഏറ്റെടുക്കാന്‍ പാടില്ലെന്ന വിചിത്ര വാദമാണ് ഇഡി നോട്ടീസ് ഉന്നയിക്കുന്നതെന്നും ഇതു രണ്ടും ഒന്നാണെന്ന് അറിയില്ലേ എന്നുമാണ് പരിഹാസം.

തെരഞ്ഞെടുപ്പു മുന്നില്‍കണ്ടു കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇതിനു രമേശ് ചെന്നിത്തലയെപ്പോലുള്ള ആളുകള്‍ ചൂട്ടു പിടിക്കുകയാണ്. യുഡിഎഫ് അനുകൂലിക്കുന്നത് സങ്കടകരമെന്നും ഐസക് പറഞ്ഞു.

Signature-ad

മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നല്‍കിയതെന്നാണു വിശദീകരണം. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. വിശദീകരണം തേടിയശേഷമായിരിക്കും തുടര്‍നടപടികള്‍. മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടിസ് നല്‍കി. ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡി പറയുന്നത്. 2019ല്‍, 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കി 2,150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തോമസ് ഐസക്കിന് 2 തവണ നോട്ടിസ് നല്‍കിയിരുന്നു.

വലിയ ഗൂഢാലോചനയാണ് മസാല ബോണ്ട് വിഷയത്തില്‍ നടന്നതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ” ഇതിലും കുറച്ച് പലിശയ്ക്ക് കേരളത്തില്‍ വായ്പ കിട്ടുമായിരുന്നു. മസാല ബോണ്ട് അപകടമെന്നു നേരത്തെ പറഞ്ഞതാണ്. ലാവ്ലിന്‍ കമ്പനിയുമായുള്ള ഡീല്‍ ആണ് നടന്നത്. ലാവ്ലിന്‍ കമ്പനിക്ക് ഷെയറുള്ള സ്ഥാപനത്തിന് ബോണ്ടുകള്‍ വില്‍ക്കുന്നത് ദുരൂഹമാണെന്നും അന്നു ഞാന്‍ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് ഈ രീതിയില്‍ പണം സമാഹരിക്കാന്‍ കഴിയില്ല. വലിയ സാമ്പത്തിക ലാഭം ചിലര്‍ക്ക് ഉണ്ടായിട്ടുണ്ട്. നോട്ടിസ് കൊടുത്തത് ശരിയായ നടപടിയാണ്”രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ ഇ.ഡി നോട്ടിസ് കിട്ടുന്നുണ്ടെന്നും അത് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ”ആര് പൊക്കിയാലും കേരളത്തില്‍ ബിജെപി പൊങ്ങില്ല. ഇടയ്ക്ക് ഇ.ഡി നോട്ടിസ് അയക്കും. പിന്നീടത് അങ്ങനെ തന്നെ കെട്ടുപോകും” കെ.മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: