രാഹുല്‍ രാഷ്ട്രീയ വനവാസത്തിന് പോകണം; എംഎല്‍എ സ്ഥാനത്തുനിന്ന് മാറണം, ഇനിയും പുണ്യാള പരിവേഷം നല്‍കുന്നത് കോണ്‍ഗ്രസിനു സര്‍വനാശത്തിന് കാരണമാകുമെന്നും വെള്ളാപ്പള്ളി; ‘ശരിയായി അന്വേഷിച്ചാല്‍ ശബരിമലയില്‍ തന്ത്രിയും കുടുങ്ങും’; പ്രതിരോധം പാളി കോണ്‍ഗ്രസ്
ശരിയായി അന്വേഷിച്ചാല്‍ തന്ത്രിയും കുടുങ്ങും. ദക്ഷിണവയ്ക്കാതെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. കേസില്‍ മന്ത്രിയെ ബന്ധിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ അജന്‍ഡയാണ്. ദേവസ്വംബോര്‍ഡില്‍ മന്ത്രിക്ക് ഇടപെടാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വെള്ളാപ്പള്ളി

ചേര്‍ത്തല: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായതോടെ കോണ്‍ഗ്രസും യുഡിഎഫും കൂട്ടക്കുഴപ്പത്തിലായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പശ്ചാത്താപം ഉണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ ധാര്‍മികത കണക്കിലെടുത്ത് എംഎല്‍എ സ്ഥാനത്തുനിന്ന് മാറണം. പുണ്യവാളന്‍ ചമയുകയും ചിലരുടെ തോളിലേറുകയുംചെയ്ത രാഹുലിന്റെ മുഖംമൂടി അഴിഞ്ഞു. ഇനിയും പുണ്യവാള പരിവേഷം നല്‍കുന്നത് കോണ്‍ഗ്രസിന്റെ സര്‍വനാശത്തിന് കാരണമാകും. കേസായതോടെ കോണ്‍ഗ്രസില്‍ ആകെ കുഴപ്പമായി. ശബരിമലയില്‍ തന്ത്രി അറിയാതെ ഒന്നും നടക്കില്ല. ശരിയായി അന്വേഷിച്ചാല്‍ തന്ത്രിയും കുടുങ്ങും. ദക്ഷിണവയ്ക്കാതെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. കേസില്‍ മന്ത്രിയെ ബന്ധിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ അജന്‍ഡയാണ്. ദേവസ്വംബോര്‍ഡില്‍ മന്ത്രിക്ക് ഇടപെടാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗികപീഡനങ്ങളും അതിജീവിതയുടെ പരാതിയും പ്രതിരോധിക്കാനാകാതെ പതറുകയാണു കോണ്‍ഗ്രസ്. രാഷ്ട്രീയ ഗൂഢാലോചനാ സിദ്ധാന്തം മുന്‍നിര്‍ത്തിയുള്ള പ്രതിരോധം അമ്പേ പാളി. ജൂലൈയില്‍ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും വിഷയം ചര്‍ച്ചയായിരുന്നു. ഇരയെ കുറിച്ച് അഭ്യൂഹങ്ങളുമുണ്ടായെങ്കിലും ‘പ്രതി ‘ മാങ്കൂട്ടത്തിലാണെന്നത് രഹസ്യമായിരുന്നില്ല. ആഗസ്ത് ആദ്യം ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നു. 23 ന് വാര്‍ത്താസമ്മേളനം റദ്ദ് ചെയ്ത രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. നേതാക്കളുടെ പ്രതികരണങ്ങളും രാഹുലിന് എതിരായിരുന്നു. കോണ്‍ഗ്രസിന്റെ വനിതാനേതാക്കള്‍ ഉള്‍പ്പെടെ പല സ്ത്രീകളും ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്താണ് ആഗസ്ത് 25 ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് നിലപാടെടുത്തവരാണ് രാമേശ് ചെന്നിത്തലയും വി ഡി സതീശനും മറ്റും.
അന്ന് ശബരിമല സ്വര്‍ണ മോഷണമോ തെരഞ്ഞെടുപ്പ് പ്രഖ്യാപനമോ ഇല്ല. അയ്യപ്പന്റെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് ആരെയും രക്ഷിക്കാനില്ലെന്നും കട്ടവരെ അകത്താക്കുമെന്നുമുള്ള ഉറച്ച നിലപാടാണ് സിപിഐ എം ആദ്യം തന്നെ പ്രഖ്യാപിച്ചത്. ചരിത്രത്തിലില്ലാത്ത വിധം ഒമ്പതര വര്‍ഷമുണ്ടായ വികസനവും ക്ഷേമ നടപടികളും തന്നെയാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം. രാഹുലിന്റെ ലൈംഗിക പീഡന കേസ് ചര്‍ച്ച തെരഞ്ഞെടുപ്പ് വേളയിലേക്ക് എത്തിച്ചത് കോണ്‍ഗ്രസ് തന്നെയാണ്. വ്യക്തമായ തെളിവുകള്‍ സഹിതം പീഡനം പുറത്തുവന്ന വേളയില്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല. ഷാഫി പറന്പിലിന്റെ നേതൃത്വത്തിലുള്ള സംരക്ഷക സംഘത്തിന് കീഴ്പ്പെട്ടതിന്റെ ദുരന്തഫലമാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.






