Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു; തെളിവുകള്‍ നിരവധി ലഭിച്ചിട്ടും രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കേസില്‍ പുരോഗതിയില്ല; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതോടെ ആവേശം തണുത്തു; അട്ടിമറി സംശയിച്ച് വിദഗ്ധര്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വിജയത്തിനായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു. കേസെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും രാഹുലിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് അപ്പുറം കേസിനു പുരോഗതിയില്ലെന്നാണു വിമര്‍ശനം. ഇടയ്ക്ക് ക്രൈംബ്രാഞ്ച് അന്വേഷണം ‘ഊര്‍ജിത’പ്പെടുത്തുന്നതുമാത്രമാണ് നടക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണോ എന്ന സംശയം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു. ഭരണം മാറുമെന്ന ഭയത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിക്കു മടിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഇടയ്ക്കു വീണ്ടും ചര്‍ച്ചയിലേക്കു വന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളെ അടക്കം പ്രതികളാക്കിയിരുന്നു. ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രാഹുലിനു നോട്ടീസും നല്‍കി. വ്യാജ കാര്‍ഡ് വിതരണത്തിനായി ‘കാര്‍ഡ് കലക്ഷന്‍ ഗ്രൂപ്പ്’ എന്ന പേരില്‍ പ്രതികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

Signature-ad

രാഹുലിന്റെ അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ പൊലീസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവര്‍ വ്യാജ രേഖയുണ്ടാക്കിയതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മൊഴി. അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നേരത്തെ വിഷയത്തില്‍ രാഹുലിന് കോണ്‍ഗ്രസ് രാഷ്ട്രീയ സംരക്ഷണം ഒരുക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗത്വം ചേര്‍ത്തതിന്റെ വിവരങ്ങള്‍ ദേശീയ കമ്മിറ്റിയുടെ വെബ്സൈറ്റിലാണ്. സെര്‍വറിലുളള വിശദാംശങ്ങള്‍ കൈമാറാന്‍ ഇതുവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി തയ്യാറായിട്ടില്ല.

സംഘടനാ തെരഞ്ഞെടുപ്പിനായി അടൂരില്‍ മാത്രം യൂത്ത് കോണ്‍ഗ്രസ് നിര്‍മ്മിച്ചത് 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു കാര്‍ഡ് നിര്‍മ്മാണം. വികാസ് കൃഷ്ണയെന്ന എഡിറ്ററുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ എം.ജെ. രഞ്ജുവിനെ കേസുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഗൂഗിള്‍ പേ വഴി പ്രതിദിനം 1,000 രൂപ വികാസ് കൃഷ്ണയ്ക്ക് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറില്‍ കാര്‍ഡ് നിര്‍മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ ദൃശ്യമാധ്യമങ്ങളാണു പുറത്തുകൊണ്ടുവന്നത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്ന ആരോപണം വന്നത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി പരാതിയാണ് ഉയര്‍ന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: