അഭിഷേക് നായര്‍ക്കൊപ്പം കട്ടയ്ക്കു കൂടെനിന്ന് വിളിച്ചെടുത്തത് വമ്പന്‍ താരങ്ങളെ; ഐപിഎല്‍ ലേലത്തില്‍ കോടികള്‍ കിലുങ്ങുമ്പോള്‍ 757 കോടിക്കു ഫ്രാഞ്ചൈസി സ്വന്തമാക്കിയ ജിനിഷയും ചര്‍ച്ചയിലേക്ക്; വനിതാ പ്രീമിയര്‍ ലീഗില്‍ ഇനി വമ്പന്‍ കളികള്‍ മാത്രം

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് ലേലത്തിലും കോടിക്കിലുക്കം. ലോകകപ്പ് വിജയത്തിനു പിന്നാലെ ഒരുപിടി താരങ്ങളാണു കോടികള്‍ പോക്കറ്റിലാക്കിയത്. വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനു ചുക്കാന്‍ പിടിച്ച ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്കാണ് ലേലത്തില്‍ പൊന്നുംവില ലഭിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന താരലേലത്തില്‍ 3.2 കോടി രൂപയ്ക്കാണ് യുപി വോറിയേഴ്‌സ് ഇരുപത്തെട്ടുകാരി ദീപ്തിയെ ടീമില്‍ തിരിച്ചെത്തിച്ചത്. വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ പ്രതിഫലം കൂടിയാണിത്. മുന്‍ സീസണുകളില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ദീപ്തിയെ ഇത്തവണ ലേലത്തിന് മുന്‍പ് യുപി ടീം റിലീസ് ചെയ്തിരുന്നു.
2.4 കോടി രൂപയ്ക്ക് യുപി വോറിയേഴ്‌സ് ടീമിലെത്തിയ വെറ്ററന്‍ താരം ശിഖ പാണ്ഡെയാണ് ലേലത്തില്‍ അപ്രതീക്ഷിത പ്രതിഫലം നേടിയ താരം. മുപ്പത്താറുകാരിയായ പേസ് ബോളര്‍ 2023ലാണ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ലേലത്തിലെ ഉയര്‍ന്ന മൂന്നാമത്തെ പ്രതിഫലം ശിഖയുടേതാണ്. മലയാളി താരം ആശ ശോഭനയെ 1. 1 കോടി രൂപ മുടക്കി ടീമിലെത്തിച്ചതും യുപിയാണ്.
ഇങ്ങനെ കോടികള്‍ നല്‍കി വനിതാ താരങ്ങളെ ടീമിലെത്തിച്ച യുപി ടീമിന്റെ അമരത്തും ഒരു വനിതയുണ്ട്. താരലേലത്തില്‍ യുപി വോറിയേഴ്‌സിനായി ഹെഡ് കോച്ച് അഭിഷേക് നായര്‍ക്കൊപ്പമിരുന്ന വാശിയോടെ ലേലം വിളിച്ച ജിനിഷ ശര്‍മ. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കിയ യുപിയുടെ വട്ടമേശ ചര്‍ച്ചകളില്‍ ജിനിഷയുടെ സാന്നിധ്യം ശ്രദ്ധേയമായി.
യുപി വോറിയേഴ്‌സിന്റെ ഉടമകളായ കാപ്രി ഗ്ലോബല്‍ കമ്പനിയുടെ സ്പോര്‍ട്സ് വിഭാഗം ഡയറക്ടറാണ് 28 വയസ്സുകാരിയായ ജിനിഷ ശര്‍മ. കമ്പനി ഉടമ രാജേഷ് ശര്‍മയുടെ മകള്‍. 2023ലാണ് ഫ്രാഞ്ചൈസിയെ കാപ്രി ഗ്ലോബല്‍ സ്വന്തമാക്കിയത്. 757 കോടിക്കാണ് കമ്പനി ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം നേടിയത്.
1998ല്‍ മുംബൈയില്‍ ജനിച്ച ജിനിഷ, ഇംഗ്ലണ്ടിലെ എക്‌സെറ്റര്‍ സര്‍വകലാശാലയിലാണ് പഠിച്ചത്. സാമ്പത്തികശാസ്ത്രത്തിലാണ് ബിരുദം. ഇന്ത്യയിലേക്ക് വരുന്നതിനു മുന്‍പ് മാസ്റ്റേഴ്‌സും പൂര്‍ത്തിയാക്കി. കാപ്രി ഗ്ലോബല്‍(ഫിനാന്‍ഷ്യല്‍ സര്‍വീസസ്) വിഭാഗത്തിലാണ് ജിനിഷ ആദ്യം ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് സ്‌പോര്‍ട്‌സ് വിഭാഗത്തിലേക്കു മാറുകയായിരുന്നു. 2024 ഡിസംബറിലാണ് ജിനിഷ വിവാഹിതയായത്. ഭര്‍ത്താവ് ഋഷഭ് സാംഗി.






