തുടര്‍തോല്‍വിയേക്കാള്‍ വലിയ തലവേദന കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ; ‘2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വിജയിച്ചപ്പോള്‍ അവര്‍ അധികാരം ത്യജിച്ചു’ ; കര്‍ണാടക തര്‍ക്കത്തിനിടെ ശിവകുമാറിന്റെ സോണിയാ ഗാന്ധി ഓര്‍മ്മപ്പെടുത്തല്‍

ബംഗലുരു: തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം കോണ്‍ഗ്രസിന് മറ്റൊരു തലവേദനയായി മാറുകയാണ് കര്‍ണാടക മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള സിദ്ധരാമയ്യ-ഡി കെ ശിവകുമാര്‍ വടംവലി. ഡി കെ എസിന്റെ സോണിയാ ഗാന്ധി ‘അധികാരം ത്യജിച്ചതിനെ’ കുറിച്ചുള്ള സൂചനയോടെ വെള്ളിയാഴ്ച വൈകുന്നേരം ഈ തര്‍ക്കം വീണ്ടും ആളിക്കത്തി.
ബെംഗളൂരുവില്‍ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയില്‍ വെച്ച് സംസാരിക്കവെ, 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) വിജയിച്ചതിന് ശേഷം, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ പ്രധാനമന്ത്രിയാകാനുള്ള അവസരം ഉപേക്ഷിച്ചതിനെക്കുറിച്ച് ഡി കെ എസ് സംസാരിച്ചു.
പകരം അവര്‍, റിസര്‍വ് ബാങ്ക് ഗവര്‍ണറായും പിന്നീട് ധനമന്ത്രിയായും സേവനമനുഷ്ഠിച്ച മികച്ച സാമ്പത്തിക വിദഗ്ദ്ധനായ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിയെന്ന് ഡി കെ എസ് പറഞ്ഞു. സിദ്ധരാമയ്യക്ക് പകരം ഡി കെ എസിനെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് നിയമസഭാ സാമാജികര്‍, 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ ഒരു ‘കരാര്‍’ പാലിക്കാന്‍ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇരുവര്‍ക്കും മുഖ്യമന്ത്രി സ്ഥാനം വേണ്ടിയിരുന്നതിനാല്‍ ഉണ്ടാക്കിയ ഈ ‘കരാര്‍’ പ്രകാരം, ഓരോരുത്തര്‍ക്കും 2.5 വര്‍ഷം വീതം ഭരണം ലഭിക്കുമെന്നായിരുന്നു ധാരണ. കഴിഞ്ഞ ആഴ്ച ഈ പകുതി സമയപരിധി കഴിഞ്ഞിട്ടും സിദ്ധരാമയ്യ സ്ഥാനം ഒഴിയുന്നതിനോ, പാര്‍ട്ടി അത്തരമൊരു ‘കരാര്‍’ നടപ്പിലാക്കുന്നതിനോ യാതൊരു സൂചനയും ഉണ്ടായില്ല.
കഴിഞ്ഞ ഒരാഴ്ചയായി, ശിവകുമാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഈ ധാരണയെ മാനിക്കാന്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ക്യാമ്പിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്.






