ഒരായിരം അഗ്നിപര്‍വതങ്ങള്‍ക്കു മുകളില്‍ ഒരു വലിയ രാജ്യം; സൗദി അറേബ്യയിലെ അധികമാര്‍ക്കുമറിയാത്ത അഗ്നിപര്‍വതങ്ങള്‍; കോടിക്കണക്കിന് വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന അഗ്നിപര്‍വതങ്ങളുടെ നാട്

സൗദി അറേബ്യ: എണ്ണക്കിണറുകളെ ഗര്‍ഭം വഹിക്കുന്ന നാടെന്ന് ഗള്‍ഫ് രാജ്യങ്ങളെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ എണ്ണക്കിണറുകളെ മാത്രമല്ല ഒരായിരം അഗ്നിപര്‍വതങ്ങളെയും ഗര്‍ഭം വഹിക്കുന്നുണ്ട്.
കോടിക്കണക്കിന് വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന ആയിരക്കണക്കിന് അഗ്നിപര്‍വതങ്ങള്‍ക്ക് മുകളിലാണ് സൗദി അറേബ്യ സ്ഥിതി ചെയ്യുന്നതെന്ന് അല്‍ഖസീം സര്‍വകലാശാലയിലെ മുന്‍ കാലാവസ്ഥാ ശാസ്ത്ര പ്രൊഫസറും സൗദി വെതര്‍ ആന്റ് ക്ലൈമറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുല്ല അല്‍മിസ്നദ് വെളിപ്പെടുത്തുമ്പോള്‍ ഒരു മഹാരഹസ്യം പേറി നടക്കുന്ന സൗദി അറേബ്യ ലോകത്തിന്് മുന്നില്‍ അത്ഭുതമാവുകയാാണ്.

പടിഞ്ഞാറന്‍ സൗദി അറേബ്യയിലും യെമനിലും ഏകദേശം രണ്ടര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വതങ്ങളുണ്ടായിരുന്നതായാണ് കണക്കാക്കുന്നതത്രെ.
ഹരത്ത് അല്‍നാര്‍, ഹരത്ത് ഖൈബര്‍ എന്നിങ്ങിനെ അറിയപ്പെടുന്ന ഹരത്ത് ബനീ റശീദില്‍ മാത്രം ഏകദേശം 400 അഗ്നിപര്‍വതങ്ങളുണ്ട്. മക്കക്കും മദീനക്കും ഇടയിലുള്ള ഹരത്ത് റഹത്തില്‍ 700 ഓളം അഗ്നിപര്‍വതങ്ങളുള്ളതായും പടിഞ്ഞാറന്‍ സൗദി അറേബ്യയില്‍ രണ്ടായിരത്തോളം നിര്‍ജീവമായ അഗ്നിപര്‍വതങ്ങളുണ്ടെന്നും കണക്കാക്കപ്പെടുന്നു.
ഭൂമിശാസ്ത്രപരമായി ഏറ്റവും കൂടുതല്‍ നിര്‍ജീവമായ അഗ്നിപര്‍വതങ്ങളുള്ള അറബ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഈ വലിയ അഗ്നിപര്‍വതങ്ങളില്‍ ഒന്ന് മാത്രം രണ്ടാഴ്ചക്കാലം പൊട്ടിത്തെറിച്ചാല്‍ അത് ഭൂമിയുടെ കാലാവസ്ഥയിലും താപനിലയിലും കാര്യമായ സ്വാധീനം ചെലുത്തും. സൗദി അറേബ്യയിലെ അഗ്നിപര്‍വതങ്ങള്‍ നിഷ്ക്രിയമാണ്. എന്നാല്‍ അവ പാടെ ഇല്ലാതായിട്ടില്ല. സൗദിയിലെ അഗ്നിപര്‍വതങ്ങള്‍ അവയുടെ നീണ്ട ചരിത്രത്തില്‍, ആവര്‍ത്തിച്ചുള്ള വന്‍ അഗ്നിപര്‍വത പ്രവാഹങ്ങളുടെ ഫലമായി 13 പ്രധാന ലാവാ പാടങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. നൂറുകണക്കിന് കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കറുത്ത ലാവയുടെ വിശാലമായ പ്രദേശങ്ങള്‍ ഇവ അവശേഷിപ്പിച്ചു. മദീനയുടെ തെക്കുകിഴക്കായി ഹരത്ത് റഹത്തിലുള്ള ജബല്‍ അല്‍മല്‍സാ അഗ്നിപര്‍വതമാണ് ഈ മേഖലയില്‍ ഏറ്റവും ഒടുവില്‍ പൊട്ടിത്തെറിച്ചത്. ഹിജ്റ 654 (എ.ഡി. 1256) ല്‍ ഇത് പൊട്ടിത്തെറിച്ചു. അതിന്റെ ലാവാ പ്രവാഹം മദീന നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ വരെ എത്തി.

ജബല്‍ അല്‍മല്‍സാ അഗ്നിപര്‍വത സ്ഫോടനം ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്നു. ലാവാ പ്രവാഹം ഏകദേശം 23 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. ഏറ്റവും ദൈര്‍ഘ്യമേറിയ ലാവാ പ്രവാഹം പ്രവാചക മസ്ജിദില്‍ നിന്ന് 8.2 കിലോമീറ്റര്‍ അകലെയാണ് നിലച്ചത്.
സൗദിയിലെ അഗ്നിപര്‍വതങ്ങളെക്കുറിച്ച് വിശ്വാസങ്ങളും മിത്തുകളുമൊക്കെ നിരവധിയാണ്. ശാസ്ത്രവും വിശ്വാസപ്രമാണങ്ങളുമെല്ലാം കൂടിക്കുഴഞ്ഞ സൗദിയിലെ അഗ്നിപര്‍വതങ്ങള്‍ സുദീര്‍ഘ നിദ്രയിലാണ്.
സൗദി അറേബ്യയിലെ അഗ്നിപര്‍വതങ്ങള്‍ നിലവില്‍ നിര്‍ജീവാവസ്ഥയിലാണ്. പക്ഷേ, ഇവ പാടെ ഇല്ലാതായിട്ടില്ല. ശ്രദ്ധേയവും ശക്തവുമായ ഭൂകമ്പങ്ങളുടെ പരമ്പരക്ക് പിന്നാലെ ഭാവിയില്‍ അവ വീണ്ടും സജീവമായേക്കാമെന്നും ഡോ. അബ്ദുല്ല അല്‍മിസ്നദ് മുന്നറിയിപ്പു തരുന്നു.






