നന്മയുള്ള വാഹനം കരുണയോടെ വീണ്ടുമോടുന്നു; ഗാസയിലെ കുരുന്നുകള്‍ക്ക് ചികിത്സ നല്കാന് പോപ്പ് ഉപയോഗിച്ച വാഹനം ഇനി മൊബൈല്‍ ക്ലിനിക്ക്; മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന് സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍

ഗാസ : ആ വാഹനത്തിന്റെ ഇന്ധനം കരുണയും സ്്്നേഹവുമായിരുന്നു. ആ നന്മയുള്ള വാഹനം ഇപ്പോഴും കരുണയോടെ വീണ്ടുമോടുന്നു. ഗാസ മുനമ്പിലെ പലസ്തീന് കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റിക്കൊണ്ട് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആ വാഹനത്തിലൂടെ തുടരുമ്പോള്‍ ആതുരസേവനത്തിലൂടെ ആയിരങ്ങള്‍ക്ക് ആശ്വാസമേകുകയാണ്.
2014 ബെത്ലഹേം സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ഉപയോഗിച്ച പരിഷ്കരിച്ച മിത്സുബിഷി പിക്കപ്പ് ട്രക്കാണ് ഇപ്പോള്‍ മൊബൈല്‍ ക്ലിനിക്കായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. ഈ സംരംഭത്തെ അന്തരിച്ച മാര്‍പാപ്പ അനുഗ്രഹിക്കുകയും വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റുന്നതിനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച കാരിത്താസ് ജറുസലേം എന്ന കത്തോലിക്കാ സഹായ സംഘടനയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഗാസയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഗൗരവമേറിയ സംഭാവന നല്കാന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കാരിത്താസ് സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ഡട്ടണ്‍ ബെത്ലഹേമില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന് സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍ പറഞ്ഞു. എന്നാല്‍, യുദ്ധബാധിത പ്രദേശത്ത് വാഹനം എപ്പോള്‍ പ്രവേശിക്കുമെന്ന് വ്യക്തമായി പറയാന്‍ ഇവര്‍ക്കും സാധിച്ചിട്ടില്ല. എത്രയും വേഗം മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമമെന്ന് അലിസ്റ്റര്‍ ഡട്ടണ്‍ പറഞ്ഞു.
ഗാസ യുദ്ധത്തെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് സംസാരിച്ചിരുന്നു. ജനുവരിയില്‍, അവിടത്തെ മാനുഷിക സാഹചര്യത്തെ ലജ്ജാകരം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ച മാര്‍പാപ്പ, പലസ്തീന് പോരാളികള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അവരുടെ ബന്ധുക്കളെ കാണുകയും ചെയ്തിരുന്നു. വിശുദ്ധ നാട്ടിലെയും, പ്രത്യേകിച്ച് ഗാസയിലെയും ജനങ്ങളോട് മാര്‍പാപ്പയ്ക്ക് വലിയ സ്നേഹമുണ്ടായിരുന്നുവെന്നും ഫാദര്‍ ഇബ്രാഹിം ഫല്ത്തസ് കൂട്ടിച്ചേര്‍ത്തു.






