കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ് സ്ത്രീയുടെ മൃതദേഹം; സ്ഥലമുടമ പിടിയില്‍

കൊച്ചി: കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ സ്ഥലമുടമ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാക്ക് ചോദിച്ച് ജോര്‍ജ് പുലര്‍ച്ചെ അയല്‍വീടുകളില്‍ എത്തിയിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി.
മരിച്ച സ്ത്രീയുടെ ഫോട്ടോ പൊലീസ് അയല്‍വാസികളെ കാണിച്ചുവെങ്കിലും ആരും തിരിച്ചറിഞ്ഞിട്ടില്ല. മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നുവെന്നും തലമുതല്‍ അരവരെയും പ്ലാസ്റ്റിക് കവറിട്ട് മൂടിയ നിലയിലും ശേഷം ഭാഗം നഗ്നമായ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും ഹരിത കര്‍മ സേനാംഗം വെളിപ്പെടുത്തി. താനൊന്നും ചെയ്തിട്ടില്ലെന്നും ഇതെങ്ങനെ ഇവിടെ എത്തിയെന്ന് അറിയില്ലെന്നുമാണ് ജോര്‍ജ് പറഞ്ഞതെന്നും ഹരിത കര്‍മ സേനാംഗങ്ങള്‍ മനോരമന്യൂസിനോട് പറഞ്ഞു.






