ബീഹാര്‍ പരാജയത്തിന് പിന്നാലെ ‘ഇന്ത്യ’ മുന്നണിയില്‍ വിള്ളലുകള്‍ കൂടുന്നു ; കോണ്‍ഗ്രസ് തന്നെ മുന്നണി വിടാന്‍ പ്ലാന്‍ ചെയ്യുന്നു ; പ്രധാന സഖ്യകക്ഷികളും പുറത്തുപോകാനുള്ള സാധ്യതകള്‍ തേടുന്നു

ന്യൂഡല്‍ഹി : ബീഹാറിലെ കനത്ത തോല്‍വിക്ക് ശേഷം ‘ഇന്ത്യ’ സഖ്യം നിലനില്‍പ്പ് പ്രതിസന്ധി നേരിടുന്നു. ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. പല പ്രാദേശിക പാര്‍ട്ടികളും സഖ്യത്തിന്റെ തന്ത്രം, നേതൃത്വം, വിശ്വാസ്യത എന്നിവയെ പരസ്യമായി ചോദ്യം ചെയ്യുന്നു. നേരത്തേ കോണ്‍ഗ്രസ് തന്നെ സഖ്യം വിടാനൊരുങ്ങുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചെറു കക്ഷികളും ഇപ്പോള്‍ സഖ്യത്തില്‍ അതൃപ്തരാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
സഖ്യത്തിലെ ദേശീയപാര്‍ട്ടികള്‍ പ്രാദേശിക സഖ്യകക്ഷികളെ ‘ജൂനിയര്‍ പങ്കാളികളായി’ കണക്കാക്കുന്നുവെന്നാണ് ചെറിയ പാര്‍ട്ടികളുടെ ആരോപണം. ശിവസേന ബീഹാര്‍ വിധി പ്രതിപക്ഷത്തിന് ഒരു ഉണര്‍ത്തുവിളിയാണെന്ന് വിലയിരുത്തി. സംസ്ഥാന തലത്തിലുള്ള കോണ്‍ഗ്രസ് യൂണിറ്റുകളുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൂട്ടായ തന്ത്രത്തെ ദുര്‍ബലപ്പെടുത്തിയെന്ന് അവര്‍ വാദിക്കുന്നു.
സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് ഗൗരവമായ തിരുത്തലുകള്‍ ആവശ്യമാണെന്ന് തുറന്നുപറഞ്ഞു. ശക്തമായ പ്രാദേശിക സ്വാധീനമുള്ള പാര്‍ട്ടികള്‍ക്ക് ദേശീയ തന്ത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു വികേന്ദ്രീകൃത നേതൃത്വ മാതൃക വേണമെന്നും അവര്‍ വാദിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം സഖ്യത്തിന്റെ ഘടനാപരമായ ബലഹീനതകള്‍ നേരത്തെ തിരിച്ചറിഞ്ഞതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.
നേരത്തേ കോണ്‍ഗ്രസ് ഇന്ത്യാസഖ്യം വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കള്‍ തള്ളിയിരുന്നു. ബീഹാറില്‍ 61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറു സീറ്റുകളിലായിരുന്നു വിജയിച്ചത്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ തനിയെ മത്സരിച്ച് തിരിച്ചുവരവ് നടത്താമെന്ന വിലയിരുത്തലിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം എന്നാണ് വിവരം.






