ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നരേന്ദ്രമോദി വിളിച്ചു, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ‘യുദ്ധം വേണ്ടെന്ന്’ പറഞ്ഞു ; തീരുവകൂട്ടി ഇന്ത്യാ പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ‘യുദ്ധം വേണ്ടെന്ന്’ പ്രധാനമന്ത്രി മോദി തന്നോട് പറഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം 350% തീരുവ ഭീഷണിപ്പെടുത്തി താന്‍ ‘ഒത്തുതീര്‍പ്പാക്കി’ എന്ന വിവാദപരമായ അവകാശവാദം വീണ്ടും ഉന്നയിച്ചു.
ഇന്ത്യ-പാക് യുദ്ധം തടഞ്ഞത് താനാണെന്ന് അവകാശപ്പെട്ട ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിക്കുകയും സംഘര്‍ഷത്തില്‍ നിന്ന് ഇന്ത്യ ‘പിന്മാറുകയാണെന്ന്’ അറിയിക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കി. ഇത്തരമൊരു അസാധാരണമായ അവകാശവാദം ട്രംപ് ഉന്നയിക്കുന്നത് ഇത് ആദ്യമായല്ല. ട്രംപിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞുവെങ്കിലും, തര്‍ക്കം ‘പരിഹരിച്ചതിന്റെ’ ഖ്യാതി യുഎസ് പ്രസിഡന്റ് തുടര്‍ന്നും അവകാശപ്പെടുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ അവകാശവാദം. രണ്ട് ആണവായുധ രാജ്യങ്ങളോടും താന്‍ പറഞ്ഞത് ഇങ്ങനെയാണെന്ന് ട്രംപ് അവകാശപ്പെട്ടു: ‘നിങ്ങള്‍ക്ക് യുദ്ധം ചെയ്യാം, പക്ഷേ ഞാന്‍ ഓരോ രാജ്യത്തിനും 350% തീരുവ ചുമത്തും. അമേരിക്കയുമായി ഇനി വ്യാപാരം ഉണ്ടാകില്ല.’
തന്റെ നടപടി എടുക്കരുത് എന്ന് ഇരു രാജ്യങ്ങളും തന്നോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ താന്‍ ഉറച്ചുനിന്നുവെന്നും ട്രംപ് പറഞ്ഞു. ‘നിങ്ങള്‍ അന്യോന്യം ആണവായുധങ്ങള്‍ പ്രയോഗിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നതും ആ ആണവ പൊടി ലോസ് ഏഞ്ചല്‍സിലൂടെ ഒഴുകി നടക്കുന്നതും ഞാന്‍ അനുവദിക്കില്ല.’
സംഘര്‍ഷം പരിഹരിക്കാനായി 350% തീരുവ ചുമത്താന്‍ താന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിനോട് ആവശ്യപ്പെട്ടുവെന്നും, രാജ്യങ്ങള്‍ യുദ്ധം നിര്‍ത്തിയാല്‍ ‘നല്ല വ്യാപാര കരാര്‍ ഉണ്ടാക്കാം’ എന്ന് വാഗ്ദാനം ചെയ്തുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ‘മറ്റൊരു പ്രസിഡന്റും ഇത് ചെയ്യില്ല… ഈ യുദ്ധങ്ങളെല്ലാം പരിഹരിക്കാന്‍ ഞാന്‍ തീരുവകള്‍ ഉപയോഗിച്ചു… എട്ടില്‍ അഞ്ച് യുദ്ധങ്ങളും ഒത്തുതീര്‍പ്പായത് സാമ്പത്തികശാസ്ത്രം, വ്യാപാരം, തീരുവകള്‍ എന്നിവ കാരണമാണ്,’ ട്രംപ് അവകാശപ്പെട്ടു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ വിളിക്കുകയും ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ചതിന് നന്ദി പറയുകയും ചെയ്തുവെന്ന് ട്രംപ് പറഞ്ഞു. തുടര്‍ന്ന് പ്രധാനമന്ത്രി മോദിയുടെ ഒരു കോള്‍ തനിക്ക് ലഭിച്ചുവെന്നും ‘ഞങ്ങള്‍ പൂര്‍ത്തിയാക്കി’ എന്ന് മോദി പറഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. ‘നിങ്ങള്‍ എന്ത് കാര്യമാണ് പൂര്‍ത്തിയാക്കിയത്?’ എന്ന് താന്‍ ചോദിച്ചപ്പോള്‍, ‘ഞങ്ങള്‍ യുദ്ധത്തിന് പോകുന്നില്ല’ എന്ന് മോദി മറുപടി നല്‍കിയതായും ട്രംപ് പറയുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ‘ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ചു’ എന്ന അവകാശവാദം ട്രംപ് മെയ് 10 ന് ശേഷം 60-ല്‍ അധികം തവണ ആവര്‍ത്തിച്ചിട്ടുണ്ട്.






