ഒടുവില്‍ സാഷ്ടാംഗം നമിക്കുന്നോ? ഹൂത്തികളെ ഉപയോഗിച്ച് സൗദിയെ ആക്രമിച്ച ഇറാന് ഒടുവില്‍ അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കു സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സല്മാന് രാജകുമാരന് കത്തയച്ചു; നീക്കത്തിനു പിന്നില്‍ ഇസ്രയേല്‍ വീണ്ടും ആക്രമിക്കുമെന്ന ഭയവും; മസൂദ് പെഷസ്കിയാന്റെ കത്തിലെ വിവരം സ്ഥിരീകരിച്ച് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം

ദുബായ്: ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കയുടെമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഇറാന് സൗദി ഭരണാധികാരിക്കു കത്തയച്ചെന്നു റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഉപരോധവും നിസഹകരണവും വലയ്ക്കുന്ന ഇറാന്റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കമായി ഇതിനെ വിലയിരുത്തുന്നെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനൊപ്പം ഇസ്രയേല്‍ വീണ്ടും ആക്രമിക്കാനുള്ള സാധ്യത ഒഴിവാക്കുകയുമാണ് കത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുനപാണ് ഇറാന് പ്രസിഡന്റ് മസൂദ് പെഷസ്കിയാന് കത്തയച്ചതെന്ന് ഇറാനിയന്‍- സൗദി മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധകാലത്ത് അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ നിരന്തരം വെല്ലുവിളികള്‍ മുഴക്കിയിരുന്ന ഇറാന്റെ നയപരമായ മാറ്റമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനിയുടെ അറിവോടെയാണോ കത്ത് എന്നതു വ്യക്തമല്ല. ‘ഇറാന് ഇനിയൊരു സംഘര്‍ഷത്തിനു താത്പര്യമില്ല. മേഖലയില്‍ കൂടുതല്‍ സഹകരണവും ആണവ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരവുമാണ് ആഗ്രഹിക്കുന്നത്. നയതന്ത്രപരമായ അവകാശങ്ങള്‍ നടപ്പാക്കണമെന്നും’ കത്തില്‍ ആവശ്യപ്പെടുന്നു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്നത് ഉദ്ദേശിച്ചുള്ള കത്താണു നല്‍കിയതെന്നു ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബാഗേ പറഞ്ഞു. എന്നാല്‍, സൗദി സര്‍ക്കാര്‍ മാധ്യമങ്ങള്‍ ഇതേക്കുറിച്ചുള്ള പ്രതികരണത്തിന് മറുപടി നല്‍കിയിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ജൂണില്‍ ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണവും പിന്നാലെ അമേരിക്ക മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കു നേരേ നടത്തിയ ആക്രമണത്തിനും മുമ്പ് ഇറാനും ഇസ്രയേലും അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാല്‍, ആക്രമണത്തിനു പിന്നാലെ ചര്‍ച്ചകള്‍ അവസാചിച്ചു.
അമേരിക്കയുമായി ചര്‍ച്ചകള്‍ തുടങ്ങാനുള്ള വഴി തുറക്കാനാണ് ഇറാന് ആഗ്രഹിക്കുന്നതെന്നും സമാധാനം ആഗ്രഹിക്കുന്നതിനാല്‍ സല്മാന് രാജകുമാരനും ട്രംപിനോട് ഇക്കാര്യം ആവശ്യപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇതേക്കുറിച്ചു വ്യക്തമായ അറിവുള്ള ഒരാള്‍ വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നെന്നും സഹായിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അമേരിക്കയും ഇറാനും കരാറിലെത്താന്‍ പരമാവധി ശ്രമിക്കുമെന്നും സല്മാന് രാജകുമാരന് അറിയിച്ചെന്നു ഗള്‍ഫ് വൃത്തങ്ങളും പറഞ്ഞു.
പശ്ചിമേഷ്യയിലെ ദീര്‍ഘകാല വൈരികളായ സൗദിയും ഇറാനും വിവിധ വിഭാഗങ്ങളെ ഉപയോഗിച്ച് നിഴല്‍ യുദ്ധത്തിലായിരുന്നു ഇതുവരെ. ഇറാന് ഹൂത്തികളെ ഉപയോഗിച്ചു സൗദിക്കെതിരേ നിരന്തരം ആക്രമണങ്ങള്‍ നടത്തി. 2023ല്‍ ചൈനയുടെ മധ്യസ്ഥതയില്‍ സംഘര്‍ഷം കുറഞ്ഞു. നയതന്ത്ര ബന്ധവും പുനസ്ഥാപിച്ചു. സൗദിയുടെ വര്‍ധിച്ച രാഷ്ട്രീയ പ്രധാന്യം പ്രദേശിക തലത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റി.
അമേരിക്കയുമായി ആഴമേറിയ പ്രതിരോധ ബന്ധവും ട്രംപുമായുള്ള അടുപ്പവും പശ്ചിമേഷ്യയില്‍ മറ്റാര്‍ക്കുമില്ലാത്ത മുന്‍തൂക്കമാണ് സൗദിക്കു നല്‍കുന്നത്. ഇതോടൊപ്പം ഗാസയില്‍ ഹമാസിനും ലെബനനില്‍ ഹിസ്ബുള്ളയ്ക്കും ഇസ്രയേല്‍ ശക്തമായ തിരിച്ചടിയും നല്കി. ഇറാന്റെ അടുത്ത സഖ്യകക്ഷിയായ ബാഷര്‍ അല്‍-അസദിന്റെ വീഴ്ചയും കടുത്ത ക്ഷീണമാണ് ഇസ്ലാമിക രാജ്യത്തിനു നല്‍കിയത്. മേഖലയില്‍ ഇറാന്റെ എല്ലാ മേല്ക്കൊയ്മയും അവസാനിച്ചു.
ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് മധ്യസ്ഥതാ ചര്‍ച്ചകള്‍ സൗദിയുടെ പക്കലേക്കാണ് എത്തുന്നത്. രാജ്യത്തിന്റെ സുദൃഢമായ സാഹചര്യവും അമേരിക്കയുമായുള്ള ബന്ധവും യുദ്ധവിമാന കരാറും സൗദിക്ക് ഗണ്യമായ മുന്‍തൂക്കമാണ് നല്‍കുന്നതെന്നും അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് സൗദിയുടെ ഇടപെടലെന്നും മുന്‍ ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ഹമീദ് അബോട്ടലെബിയും പറഞ്ഞു.






