രാജസ്ഥാനില്‍ മന്ത്രിമാര്‍ താമസിക്കുന്ന വിവിഐപി മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി ; മന്ത്രിമന്ദിരത്തിലെത്തിയ പുലിയെ കണ്ടെത്താന്‍ വനംവകുപ്പും പോലീസും ; പ്രദേശത്ത് അതീവസുരക്ഷ ഏര്‍പ്പെടുത്തി

ജയ്പുര്‍: രാജസ്ഥാനില്‍ മന്ത്രിമാര്‍ താമസിക്കുന്ന വിവിഐപി മേഖലയില്‍ കാട്ടില്‍ നിന്നൊരു വിവിഐപിയെത്തി. മറ്റാരുമല്ല, ഒരു പുള്ളിപ്പുലി.
രാജസ്ഥാന്‍ ജലവിഭവ മന്ത്രി സുരേഷ് സിംഗ് റാവത്തിന്റെ ഔദ്യോഗിക വസതിയിലാണ് പുള്ളിപ്പുലിയെത്തിയത്്.
പുലിയുടെ കാല്‍പാടുകള്‍ വനംവകുപ്പധികൃതര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയ്പൂരിലെ അതീവ സുരക്ഷാ മേഖലയായ വിവിഐപി സിവില്‍ ലൈന്‍സ് ഏരിയയില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ ബംഗ്ലാവ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ താമസിക്കുന്ന മേഖലയാണിത്. രാജ്ഭവന്‍, മുഖ്യമന്ത്രിയുടെ വസതി, മറ്റു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയെല്ലാം ഈ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.
വ്യാപക തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല.
വനം വകുപ്പ് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വിന്യസിച്ച് പ്രദേശം വളഞ്ഞിട്ടുണ്ട്. പ്രദേശവാസികള്‍ക്കോ മൃഗത്തിനോ ദോഷകരമാകാതെ പുള്ളിപ്പുലിയെ സുരക്ഷിതമായി കണ്ടെത്താനും മയക്കുവെടി വെച്ച് പിടികൂടാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച്, പുള്ളിപ്പുലി ബംഗ്ലാവ് സമുച്ചയത്തിലെ ഏതെങ്കിലും ഭാഗത്തോ തണലുള്ള സ്ഥലത്തോ ഒളിച്ചിരിക്കാനാണ് സാധ്യത. ദുര്‍ഗ്ഗപുര, ജയ്സിംഗ്പുര, ജഗത്പുര, ഖോ-നാഗോറിയന്‍, വിദ്യാധര്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സമീപ മാസങ്ങളില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അതീവസുരക്ഷാമേഖലയിലേക്ക് പുലി കടന്നെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരേയും വനപാലകരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.






