Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen SpecialTravel

നികുതിയടക്കാതെ അന്തര്‍സംസ്ഥാന ബസുകളുടെ സവാരിഗിരിഗിരി ; പരിശോധനയില്‍ മോട്ടോര്‍ വാഹനവകുപ്പ് പൊക്കിയത് പത്തോളം ബസുകള്‍ ; സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തും

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തോളം അന്തര്‍സംസ്ഥാന സര്‍വീസ് ബസുകള്‍ പിടികൂടി.
നികുതി അടയ്ക്കാതെ ഓടിയ അന്തര്‍സംസ്ഥാന ബസുകളാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ഉള്‍പ്പെടെ മൂന്നിടത്തായി നടത്തിയ പരിശോധനയിലാണ് പത്തോളം ബസുകള്‍ പിടികൂടിയത്. കഴക്കൂട്ടത്തു നിന്ന് പിടികൂടിയ മൂന്ന് ബസുകള്‍ക്ക് മാത്രം പത്തുലക്ഷം രൂപയിലധികമാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയത്.
അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന പല ബസുകളും ടാക്‌സ് അടയ്ക്കാതെയാണ് ഓടുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അമരവിള, തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെടെ സ്ഥലങ്ങളിലേക്കുള്ള സര്‍വീസ്് ആരംഭിക്കുന്നതിനായി പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിറുത്തിയിട്ടിരുന്ന ബസുകളിലടക്കം പരിശോധന നടത്തി. പിഴ ചുമത്തിയ ബസുകള്‍ പിഴ ഒടുക്കിയശേഷം മാത്രമേ വിട്ടു നല്‍കൂ എന്ന് ആര്‍ടിഒ അറിയിച്ചു. ശബരിമല ഉള്‍പ്പെടെ തീര്‍ഥാടന കേന്ദ്രങ്ങളുടെ പേരില്‍ താല്‍ക്കാലിക ടാക്‌സ് എടുത്ത് പ്രതിദിന സര്‍വീസ് നടത്തുന്നതിനാല്‍ ക്വാര്‍ട്ടര്‍ ടാക്‌സ് അടയ്ക്കാത്തവരെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് തീരുമാനം.

പ്രതിദിന അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ മിനിമം മൂന്നുമാസത്തെ ടാക്‌സ് അടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും പലരും ഒരു മാസത്തെയും ഒറ്റത്തവണ സര്‍വീസിനുള്ള ചെറിയ ടാക്‌സ് അടച്ചാണ് ഓടുന്നത്.
നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് ഇത്തരക്കാരെ കണ്ടെത്തി ബാക്കിയുള്ള ടാക്‌സ് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും അടയ്ക്കാതിരുന്നവര്‍ക്കാണ് പിഴ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: