‘മറ്റു സംസ്ഥാനങ്ങളില്‍ തിക്കിലും തിരക്കിലും മരിച്ചത് നൂറുകണക്കിനു പേര്‍; ഒരുലക്ഷം പേര്‍ എത്തിയിട്ടും അപകടമുണ്ടാകാതെ നോക്കിയ പോലീസിനെ അഭിനന്ദിക്കണം; കോടതി പറഞ്ഞത് വച്ച് മണ്ഡലകാലത്ത് കയറ്റാന്‍ കഴിയുക 30 ലക്ഷം പേരെ’; 18-ാം പടിയുടെ വീതി കൂട്ടണം; കേന്ദ്രസര്‍ക്കാരിന്റേത് ഇരട്ടത്താപ്പ്: ശബരിമല വിഷയത്തില്‍ മാധ്യമങ്ങളുടെയും വിമര്‍ശകരുടെയും വായടപ്പിക്കുന്ന കണക്കുകള്‍ നിരത്തി ഡിജിപി അലക്സാണ്ടര്‍ ജേക്കബ്
മഹാ കുംഭമേളയില്‍ 360 പേര്‍ മരിച്ചു. ഗുജറാത്തിലെ ഉത്സവത്തില്‍ തിക്കില്‍പെട്ട് 43 പേര്‍ മരിച്ചു. തെലുങ്കാന ക്ഷേത്രത്തില്‍ 40 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ രാഷ്ട്രീയ നേതാവിന്റെ മീറ്റിംഗില്‍ 43 പേര്‍ മരിച്ചു. കര്‍ണാടകയില്‍ ക്രിക്കറ്റ് ടീമിന്റെ ആഘോഷത്തിനിടെ 11 പേര്‍ മരിച്ചു. ജനക്കൂട്ടം ഉണ്ടാകുമ്പോള്‍ സ്റ്റാംപേഡ് ഉണ്ടാകും. നൂറുകണക്കിന് ആളുകള്‍ മരിക്കും. പക്ഷേ, കഴിഞ്ഞ ദിവസം ഒരുലക്ഷം പേര്‍ വന്നിട്ടും ഒരു സംഭവും ഉണ്ടാകാതെ ശ്രദ്ധിച്ച ശ്രീജിത്തിനെയും പോലീസുകാരെയും അഭിനന്ദിക്കുകയാണു വേണ്ടത്.

കൊച്ചി: ശബരി മലയില്‍ ഒരുലക്ഷം പേര്‍ ഒറ്റയടിക്കെത്തിയിട്ടും അപകടമുണ്ടാകാതെ നോക്കിയ പോലീസിനെ അഭിനന്ദിക്കുന്നതിനു പകരം വിമര്‍ശിക്കുന്നത് ശരിയല്ലെന്നു മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും രീതികള്‍ക്കെതിരേ ആഞ്ഞടിച്ചത്.
ശബരിമലയുടെ 18-ാം പടിയുടെ വീതി കൂട്ടുകയാണ് ആദ്യം വേണ്ടതെന്നും കോടതിയുടെ കണക്കില്‍ 50,000 പേര്‍ക്ക് പ്രതിദിനം എത്താവുന്ന ക്ഷേത്രത്തില്‍ പരമാവധി രണ്ടുമാസം 30 പേര്‍ക്കു മാത്രമേ എത്താന്‍ സാധിക്കൂ. കഴിഞ്ഞവര്‍ഷം എത്തിയത് ഒന്നേകാല്‍ കോടി ആളുകളാണെന്നും ബാക്കി 90 ലക്ഷം ഭക്തര്‍ എന്തു ചെയ്യണം? നൂറുപേര്‍ക്ക് ഒരു പോലീസ് എന്ന നിലയില്‍ പോലും രണ്ടായിരം പോലീസുകാര്‍ വേണം. ഇവരെ എവിടെ താമസിപ്പിക്കും. ശൗചാലയം എവിടെ നിര്‍മിക്കും? സ്ഥലം കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ല. വിമാനത്താവളവും റെയില്‍വേയും നിര്‍മിക്കാന്‍ തയാറല്ല. കുറ്റം പറയാന്‍ മാത്രമാണ് എല്ലാവര്‍ക്കും ഉത്സാഹമെന്നും അദ്ദേഹം പറഞ്ഞു.
അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്
‘ഞാന്‍ ശബരിമലയില്‍ മൂന്നുവര്‍ഷം ജോലി ചെയ്തിട്ടുണ്ട്. സന്നിധാനത്തിലെ പതിനെട്ടാം പടിക്കു വീതി കുറവാണ്. സ്റ്റീപ്പാണ് (കുത്തനെയാണ്). പ്രസിഡന്റ് ദ്രൗപദി മുര്‍മു കയറിപ്പോകുന്ന കാഴ്ച കണ്ടതാണ്. ഒരു ഭക്തനു പതുക്കെയാണു കയറിപ്പോകാന്‍ കഴിയുന്നത്. രണ്ടു സൈഡില്‍ നില്‍ക്കുന്ന പോലീസുകാര്‍ അവരെ പിടിച്ചു കയറ്റുകയാണ്. രണ്ടു സൈഡിലും നില്‍ക്കുന്ന 36 പോലീസുകാര്‍ നാലു മണിക്കൂര്‍ ജോലി ചെയ്തു കഴിയുമ്പോള്‍ നട്ടെല്ലും കൈകാലുകളും വേദനയാണ്. അവര്‍ അഞ്ചെട്ടു മണിക്കൂര്‍ കിടന്നുറങ്ങുകയാണ്. ഒരു മിനുട്ടില്‍ 50 പേര്‍ക്കാണു പതിനെട്ടാം പടി കയറാന്‍ പറ്റുന്നത്. എങ്ങനെ പോയാലും അറുപതിനായിരം പേരില്‍ കൂടുതല്‍ ആളുകള്‍ക്കു പതിനെട്ടാം പടി കയറാന്‍ പറ്റില്ല. ആ സ്ഥലത്താണ് ഒരു ദിവസം തൊണ്ണൂറായിരം മുതല്‍ ഒരുലക്ഷം വരെ ആളുകള്‍ ആദ്യ ദിവസം വന്നു കയറിയത്. ഇത്രയും ആളുകള്‍ വന്നിട്ടും ആര്‍ക്കും അപകടം പറ്റാതെ സംഭവം കൈകാര്യം ചെയ്തത് പോലീസിന്റെ സ്തുത്യര്‍ഹമായ കഴിവാണ്.
ശ്രീജിത്ത് (എഡിജിപി ശ്രീജിത്ത്) ശബരിമലയില്‍ പലവര്‍ഷം ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം മികച്ച രീതിയില്‍ ഇടപെട്ടതുകൊണ്ടാണ് അവിടെ സ്റ്റാംപേഡ് (തിക്കിലും തിരക്കിലുമുള്ള മരണം) ഉണ്ടാകാതെ രക്ഷപ്പെട്ടത്. 50,000 പേരെ ഒരു ദിവസം കയറ്റിവിട്ടാല്‍ അറുപതു ദിവസത്തെ മണ്ഡലകാലത്ത് ഒരുവര്‍ഷം 30 ലക്ഷം പേര്‍ക്കാണു മലകയറാന്‍ പറഞ്ഞുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം ഒന്നേകാല്‍ കോടി ആളുകളാണു വന്നത്. അപ്പോള്‍ 50,000 പേരെ മാത്രം കയറ്റിവിട്ടാല്‍ മതിയെന്നു ഹൈക്കോടതി പറയുന്നതു സ്വീകരിച്ചാല്‍ 30 ലക്ഷം പേര്‍ മല കയറും. ബാക്കി 90 ലക്ഷം പേരെ എന്തു ചെയ്യണം? അവര്‍ ശബരിമലയ്ക്കു വരേണ്ടെന്നു പറയാന്‍ കഴിയുമോ?
ഇത്രയും ജനങ്ങള്‍ അവിടെ വരുമ്പോള്‍ 100 പേര്‍ക്ക് ഒരു പോലീസുകാരന്‍ വച്ചു കൊടുത്താല്‍ ഒരുലക്ഷം പേരെ നിയന്ത്രിക്കാന്‍ ആയിരം പോലീസുകാര്‍ വേണം. ആയിരം പേരെ 24 മണിക്കൂറും ജോലി ചെയ്യിക്കാന്‍ കഴിയില്ല. ഷിഫ്റ്റ് ആയി ജോലി ചെയ്യാന്‍ 2000 പോലീസുകാര്‍ വേണം. എന്‍ഡിആര്‍എഫില്‍നിന്ന് 150 പേര്‍ എത്തിയെന്നു പറഞ്ഞാല്‍ അവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
2000 പോലീസുകാര്‍ അവിടെ വന്നാല്‍ അവര്‍ക്കു താമസിക്കാനും വിശ്രമിക്കാനും സ്ഥലമുണ്ടോ? ഇല്ല. അപ്പോള്‍ കൂടുതല്‍ പോലീസുകാരെ എത്തിക്കുകയെന്നതും പ്രായോഗികമല്ല. ഈ ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കും? ഇന്നലെ ഒരുലക്ഷമാണ് വന്നത്. മകര വിളക്കിന് ഇത് ആറുലക്ഷം വരെയാകും. ഈ കണക്കുവച്ച് ആറുലക്ഷം പേരെ നിയന്ത്രിക്കാന്‍ 12,000 പോലീസുകാര്‍ വേണം. എവിടുന്നു കൊണ്ടുവരും?
അവര്‍ വന്നാല്‍ തന്നെ എവിടെ കിടന്നുറങ്ങും? 18-ാം പടിയുടെ വീതി കൂട്ടിയാല്‍ പ്രശ്നം തീരും. പക്ഷേ, തൊട്ടുപോകരുതെന്നാണ് പറഞ്ഞത്. ആചാര പ്രകാരം അത്ര വീതിയേ പാടുള്ളൂ എന്നാണു പറയുന്നത്. എവിടെയാണ് എഴുതിവച്ചത്? വീതികൂട്ടിയാല്‍ തീരുന്ന പ്രശ്നമാണ്. പക്ഷേ, സമ്മതിക്കില്ല.
ശബരിമലയിലെ ഏറ്റവും വലിയ പ്രശ്നം ഗതാഗതമാണ്. വരുന്ന വണ്ടികള്‍ പമ്പയിലെത്തിയാല്‍ വന്ന വഴി മടങ്ങണം. റോഡിനു വീതി കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ല. വനത്തില്‍നിന്ന് സഥലം തരില്ല. പമ്പയുടെ എതിര്‍വശത്തുകൂടി വഴിവെട്ടണമെങ്കില്‍ നൂറേക്കര്‍ വനം വേണം. കേന്ദ്രം കോണ്‍ഗ്രസ് ഭരിച്ചു, ബിജെപി ഭരിച്ചു. പക്ഷേ, ലോകത്തിന്റെ കാലാവസ്ഥ മുഴുവന്‍ ആ നൂറേക്കറിലാണ് ഇരിക്കുന്നതെന്നാണു പറയുന്നത്. അതുകൊണ്ട് ആ റോഡ് ഉണ്ടാക്കാന്‍ പറ്റില്ല.
ഇനി ശൗചാലം. ഇപ്പോള്‍ 500 ശൗചാലയം അവിടെയുണ്ട്. ഒരുലക്ഷം പേര്‍ വന്നാല്‍ അവര്‍ക്ക് 2000-2500 ശൗചാലയം വേണം. അതിനു സ്ഥലം ചോദിച്ചു. ഇത്രകാലവും കേന്ദ്രം ഭരിച്ച ഒരു സര്‍ക്കാരും സ്ഥലം നല്‍കിയില്ല. കോട്ടയം എസ്പിയായിരുന്ന കാലം തൊട്ട് ഞാന്‍ അഭ്യര്‍ഥനകള്‍ അയച്ചു. പക്ഷേ സ്ഥലം കൊടുക്കില്ല. വെള്ളത്തിനു 30 രൂപയാണ് ഈടാക്കിയത്. പീച്ചിയില്‍നിന്ന് വെള്ളമെത്തിച്ച് 10 രൂപയ്ക്കു നല്‍കിയപ്പോള്‍ എന്നെ സ്ഥലം മാറ്റി. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് 12 രുപയാക്കി നിജപ്പെടുത്തിയത്.
ഒരാള്‍ക്കു മലകയറണമെങ്കില്‍ കുറഞ്ഞത് ആറു കുപ്പി വെള്ളം വേണം. 200 രൂപയ്ക്കു വെള്ളം വാങ്ങി മലകയറുന്ന ഭക്തന്‍ മുകളിലെത്തുമ്പോള്‍ ദാഹിച്ചു വലയും. തിരുപ്പതിയില്‍ 100 മീറ്റര്‍ ഇടവിട്ടു വെള്ളം ലഭിക്കും. 12 മണിക്കൂറൊക്കെ ക്യൂവില്‍ നില്‍ക്കേണ്ടിവരുന്ന ഭക്തനു മൂത്രമൊഴിക്കാന്‍ സൗകര്യമില്ല. ജനക്കൂട്ടം കുടുങ്ങിക്കിടക്കുകയാണ്.
ശബരിമലയില്‍ മൂത്രമൊഴിക്കാന്‍ സൗകര്യമുണ്ടാക്കാന്‍ സമ്മതിക്കില്ല. കക്കൂസ് ഉണ്ടാക്കാന്‍ സമ്മതിക്കില്ല. വഴിയുണ്ടാക്കാന്‍ സമ്മതിക്കില്ല. 40 വര്‍ഷം മുമ്പ് കോട്ടയം എസ്പി ആയിരുന്ന കാലം തൊട്ട് കേള്‍ക്കുകയാണ് ചെങ്ങന്നൂരില്‍നിന്നുള്ള റെയില്‍വേ ലൈന്‍. അതിനു സ്ഥലമെടുത്തു കൊടുക്കാന്‍ ഒരു കേന്ദ്രസര്‍ക്കാരും മെനക്കെട്ടില്ല. അവിടെ വിമാനത്താവളം ഉണ്ടാക്കാന്‍ സമ്മതിക്കില്ല. ആറന്‍മുള വിമാനത്താവളം സമരം ചെയ്തു പൂട്ടിച്ചു.
കണ്ണൂരിലെ മൃദംഗശൈലേശ്വരി ക്ഷേത്രത്തിനു സമീപമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നത്. ഇപ്പോള്‍ ക്ഷേത്ത്രിന്റെ വരുമാനം ഒരു കോടി മിച്ചമാണ്. ശബരിമലയില്‍ ഇന്ദിരാഗാന്ധി സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, ഹെലിപ്പാഡ് ഉണ്ടാക്കാന്‍ സമ്മതിച്ചില്ല. ശബരിമല സന്ദര്‍ശിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി അവര്‍ മരിച്ചു. അന്ന് കേരളം കോണ്‍ഗ്രസ് ആണു ഭരിക്കുന്നത്. ഇന്ദിര അവിടെയെത്തിയിരുന്നെങ്കില്‍ ശബരിമലയ്ക്കു കിട്ടുന്ന പ്രശസ്തി എത്രയാകുമായിരുന്നു?
ഇപ്പോ പ്രിയങ്കരിയായ ദ്രൗപദി മുര്‍മു വന്നു. അവിടെ ഹെലിപ്പാഡ് ഉണ്ടാക്കാന്‍ സമ്മതിച്ചില്ല. താത്കാലിക പാഡില്‍ ഹെലികോപ്റ്റര്‍ താഴ്ന്നു. നല്ല പബ്ലിസിറ്റിക്കു പകരം മോശം പബ്ലിസിറ്റി ആയി. എല്ലാ സ്ഥലങ്ങളിലും റോപ്വേ ഉണ്ടാക്കും. പക്ഷേ, ശബരിമലയില്‍ സമ്മതിക്കില്ല.
മഹാ കുംഭമേളയില്‍ 360 പേര്‍ മരിച്ചു. ഗുജറാത്തിലെ ഉത്സവത്തില്‍ തിക്കില്‍പെട്ട് 43 പേര്‍ മരിച്ചു. തെലുങ്കാന ക്ഷേത്രത്തില്‍ 40 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ രാഷ്ട്രീയ നേതാവിന്റെ മീറ്റിംഗില്‍ 43 പേര്‍ മരിച്ചു. കര്‍ണാടകയില്‍ ക്രിക്കറ്റ് ടീമിന്റെ ആഘോഷത്തിനിടെ 11 പേര്‍ മരിച്ചു. ജനക്കൂട്ടം ഉണ്ടാകുമ്പോള്‍ സ്റ്റാംപേഡ് ഉണ്ടാകും. നൂറുകണക്കിന് ആളുകള്‍ മരിക്കും. പക്ഷേ, കഴിഞ്ഞ ദിവസം ഒരുലക്ഷം പേര്‍ വന്നിട്ടും ഒരു സംഭവും ഉണ്ടാകാതെ ശ്രദ്ധിച്ച ശ്രീജിത്തിനെയും പോലീസുകാരെയും അഭിനന്ദിക്കുകയാണു വേണ്ടത്. ഇന്നലെ മുതല്‍ ചാനലുകള്‍ പോലീസിനെ കുറ്റം പറയുകയാണ്. ദേവസം ബോര്‍ഡിനെ പഴിക്കുകയാണ്.
പുല്ലുമേട് ദുരന്തത്തിനു ശേഷം ശബരിമലയില്‍ ഒരു അപകടം ഉണ്ടായിട്ടില്ല. ഇത്രയും ആളുകളെ വിടാതിരുന്നുകൂടേ എന്നാണു കോടതി ചോദിക്കുന്നത്. അതിനനുസരിച്ചു കയറ്റിയാല്‍ പ്രതിദിനം കയറാന്‍ കഴിയുന്നത് 50,000 പേര്‍ക്കാണ്. 60 ദിവസം കഴിയുമ്പോള്‍ 30 ലക്ഷം പേര്‍ക്കാണ് സന്ദര്‍ശിക്കാന്‍ കഴിയുക. ബാക്കി 90 ലക്ഷം ഭക്തര്‍ എന്തു ചെയ്യണം? മക്കയില്‍ ഇന്ത്യയില്‍നിന്ന് 10 പേര്‍ക്കാണു പോകാന്‍ കഴിയുന്നത്. അതുപോലെ ചെയ്യണമെന്നാണോ പറയുന്നതെന്നും അലക്സാണ്ടര്‍ ജേക്കബ് ചോദിച്ചു.






