ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തിയാല്‍ കര്‍ശന നടപടി ; 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ; സൈബര്‍ ആ ക്രമണം നടത്തുന്നവര്‍ക്കെതിരെയും നടപടി

തിരുവനന്തപുരം: ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. പല ജില്ലകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും വളരെ പ്രാധാന്യമുള്ള ചുമതല നിര്‍വഹിക്കുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ഭാരതീയ ന്യായ് സംഹിതയുടെ 121-ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.നന്നായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരെ വ്യാജവാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. കമ്മിഷനെ സംബന്ധിച്ച്, ബിഎല്‍ഒ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് ഇവരാണ്. ബിഎല്‍ഒമാര്‍ക്ക് മേലുള്ള എല്ലാ ഉത്തരവാദിത്വവും തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമായിരിക്കും. അവരുടെ പ്രവര്‍ത്തനഫലമായാണ് സംസ്ഥാനത്തെ എസ്ഐആര്‍ നടപടികള്‍ നല്ലൊരു ശതമാനം പൂര്‍ത്തിയാക്കാനായതെന്നും ഖേല്‍ക്കര്‍ പറഞ്ഞു.
കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ കമ്മീഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. എല്ലാ സഹായവും കുടുംബത്തിനുണ്ടാകും. ആലപ്പുഴ കളക്ടറുടെ സമ്മര്‍ദ്ദമെന്ന പരാതി പരിശോധിക്കുമെന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) നടപ്പാക്കിയേ തീരൂവെന്നും ഇത് ഭരണഘടനാപരമായ ചുമതലയാണെന്നും ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ ഓര്‍മിപ്പിച്ചു. എല്ലാവരുടെയും പങ്കാളിത്തം വേണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ജനങ്ങളും വില്ലേജ് ഓഫീസര്‍മാരുമടക്കം സഹായിക്കണം. ബിഎല്‍ഒമാരുടെ പ്രയാസം പരിഹരിക്കും. കളക്ടര്‍മാരുടെ യോഗം എല്ലാ ദിവസവും ചേരുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഫോം വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തു. അഞ്ചുലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്‌തെന്നും അദ്ദേഹം വിശദമാക്കി.
നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും ഭരണഘടനാ വിധികള്‍ക്കും അനുസരിച്ച് മാത്രമാണ് വോട്ടര്‍പട്ടിക തീവ്രപരിശോധന നടക്കുന്നത്. ഇതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






