കോണ്‍ഗ്രസിനും തരൂരിനുമെതിരെ ജോണ്‍ ബ്രിട്ടാസ് ; അലറിക്കൂവിയവര്‍ എന്തേ മിണ്ടാത്തതെന്ന് ചോദ്യം

തിരുവനന്തപുരം: കോണ്‍ഗ്രസിനും ശശി തരൂര്‍ എംപിക്കുമെതിരെ വിമര്‍ശനവുമായി രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ തരൂര്‍ പുകഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ബ്രിട്ടാസ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അര്‍ബന്‍ നക്‌സലുകളും മാവോയിസ്റ്റ് ശക്തികളും 10-15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിനുള്ളില്‍ കയറിക്കൂടി കോണ്‍ഗ്രസിനെ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് ആക്കി മാറ്റിയെന്ന മോദിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍. മോദിയുടെ പ്രസംഗത്തെ ഉദാത്തം എന്നാണ് ശശി തരൂര്‍ വിശേഷിപ്പിച്ചത്.
മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ദേശീയ താല്‍പ്പര്യം ഉപേക്ഷിച്ചിരിക്കുകയാണെന്നും ഇന്നത്തെ ഈ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.
തരൂരിന് നിലപാടുകള്‍ സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസിന്, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്, ഇക്കാര്യത്തില്‍ എന്തു പറയാനാണുണ്ടെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും ബ്രിട്ടാസ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു. പിഎംശ്രീ ഒപ്പുവച്ചപ്പോള്‍ ഡീല്‍… ഡീല്‍… എന്ന് അലറിക്കൂവിയ ഇവര്‍ എന്തേ മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്.






