Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics

മോഹിപ്പിക്കുന്ന പ്രകടനപത്രികയുമായി എല്‍ഡിഎഫ് ; 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ ; അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ; എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യം നടപ്പാക്കും ; തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കാനുള്ള സങ്കേതങ്ങള്‍

 

തിരുവനന്തപുരം : കേരളത്തെ സുന്ദരമോഹന സംസ്ഥാനമാക്കി മാറ്റുമെന്ന് പറയുന്ന മോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫിന്റെ പ്രകടനപത്രിക കേരളീയരിലേക്കെത്തി. കേരളത്തെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടാക്കി അക്ഷരാര്‍ഥത്തില്‍ മാറ്റുമെന്ന് വിളിച്ചോതുന്നതാണ് സര്‍വമേഖലകളേയും സ്പര്‍ശിച്ചുകൊണ്ടുള്ള പ്രകടനപത്രിക വാഗ്ദാനങ്ങള്‍.
ദരിദ്രരില്ലാത്ത കേരളമെന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്നതാണ് എ.കെ.ജി സെന്ററില്‍ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും ചേര്‍ന്ന് പ്രകാശനം ചെയ്ത ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഉറപ്പുകള്‍.
എല്ലാവര്‍ക്കും ക്ഷേമവും വികസനവും ഉറപ്പുനല്‍കുമെന്ന് പ്രകടനപത്രികയില്‍ അടിവരയിട്ടു പറയുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും കേരളത്തില്‍ നടപ്പാക്കും.
എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും
കേരളത്തെ സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കുകയും ജനകീയ ഭക്ഷണ ശാലകള്‍ ആരംഭിക്കുകയും ചെയ്യുമെന്നും പ്രകടനപത്രികയിലുണ്ട്.
20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുമെന്ന സുപ്രധാന പ്രഖ്യാപനവും നടത്തിട്ടുണ്ട്. കുടുംബ ശ്രീ വഴി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മൂന്ന് ലക്ഷം തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമുണ്ട്.
കേരളത്തിലെ സകല ജില്ലകളും നേരിടുന്ന തെരുവ് നായ ശല്യം പരിഹരിക്കാന്‍ പ്രത്യേക ഷെല്‍ട്ടറുകള്‍ തുടങ്ങും. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കീഴില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കാനുള്ള സങ്കേതങ്ങള്‍ ഒരുക്കും.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഭവനരഹിതര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് നല്‍കും.
വിദ്യാഭ്യാസ മേഖലയെ അഞ്ച് വര്‍ഷം കൊണ്ട് ദേശീയ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്സില്‍ ഒന്നാമതെത്തിക്കും. മിനിമം മാര്‍ക്ക് നടപ്പിലാക്കാന്‍ വിപുലമായ പഠന പിന്തുണ പ്രസ്ഥാനം സൃഷ്ടിക്കും.
തീര ദേശങ്ങളില്‍ കടലിന്റെ 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവാസം ഉറപ്പാക്കുമെന്നും പറയുന്നു.

Signature-ad

പ്രകടനപത്രികയിലും കോണ്‍ഗ്രസ്-ബിജെപിക്കെതിരെ കടന്നാക്രമണം
തിരുവനന്തപുരം: അളവറ്റ വാഗ്ദാനങ്ങള്‍ക്കൊപ്പം ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ എല്‍ഡിഎഫിന്റെ രൂക്ഷവിമര്‍ശനവും കടന്നാക്രമണവും.
രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ട് അധികാരത്തില്‍ വന്ന ബിജെപി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും അതേ വഴിക്കാണെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രിക കുറ്റപ്പെടുത്തുന്നു.
ബിജെപിക്ക് സഹായകരമാകുന്ന നിലപാടാണ് കേരളത്തില്‍ യുഡിഎഫ് സ്വീകരിക്കുന്നത്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവെന്നും പ്രകടനപത്രികയുടെ പ്രകാശന ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതിനൊപ്പം ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോലുള്ള തീവ്രവാദ ശക്തികളുമായി ബാന്ധവത്തിലാണ്. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. നിയോ ലിബറല്‍ നയങ്ങള്‍ക്കു തുടക്കം കുറിച്ചത് കോണ്‍ഗ്രസാണ്. ആ നയങ്ങള്‍ പൂര്‍വ്വാധികം ശക്തമായി ബിജെപി മുന്നോട്ടു കൊണ്ടുപോവുകയാണെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.
കേരളത്തിന്റെ മലയോരമേഖലയില്‍ ഏറ്റവും ഗൗരവമേറിയ പ്രശ്നം മനുഷ്യ -വന്യജീവി സംഘര്‍ഷമാണ്. ആ പ്രശ്നത്തില്‍ ഫലപ്രദമായ ഇടപെടലാണ് കേരള സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. പക്ഷേ ആ നിയമം നിര്‍മിച്ചെങ്കിലും അത് ഗവര്‍ണര്‍ അംഗീകരിക്കപ്പെടുന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലെന്ന് പ്രകടന പത്രികയില്‍ പറയുന്നു. അതിനുള്ള പരിശ്രമം തുടരുമെന്നും
എം.വി.ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button
error: