കേരളത്തിനു പിന്നാലെ രാജസ്ഥാനിലും എസ്.ഐ.ആര് ആത്മഹത്യ ; രാജസ്ഥാനില്‍ ബി.എല്‍.ഒ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു ; എസ്.ഐ.ആര് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദമെന്ന് കുറിപ്പ് ; ജീവനൊടുക്കിയത് പ്രൈമറി സ്കൂള്‍ അധ്യാപകന്

രാജസ്ഥാന്: കേരളത്തിനു പിന്നാലെ രാജസ്ഥാനിലും എസ്.ഐ.ആറിന്റെ പേരില്‍ ആത്മഹത്യ. രാജസ്ഥാനിലെ പ്രൈമറി സ്കൂള്‍ അധ്യാപകനാണ് എസ്.ഐ.ആര് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദമെന്ന കുറിപ്പെഴുതി വെച്ചാണ് ബി.എല്‍.ഒ ആയ അധ്യാപകന് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. ജയ്പൂര്‍ നഹ്രി കാ ബാസിലെ ഗവണ്മെന്റ് പ്രൈമറി സ്കൂളിലെ അധ്യാപകന് കൂടിയായ മുകേഷ് ജംഗിദ് ആണ് ആത്മഹത്യ ചെയ്തത്.
മുകേഷിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. എസ്ഐആര്‍ ജോലികള്‍ കാരണം താന്‍ സമ്മര്‍ദ്ദത്തിലാണെന്നും സൂപ്പര്‍വൈസര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.സസ്പെന്ഷന് ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
കേരളത്തില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ബിഎല്‍ഒ ആത്മഹത്യ ചെയ്ത വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെയാണ് സമാനമായ വിഷയം മറ്റൊരു മനുഷ്യജീവന് അപഹരിച്ചിരിക്കുന്നത്.
ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്കരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ചും നടത്തുന്നുണ്ട്.






