കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നടുറോഡില്‍ വെട്ടിക്കൊന്നു; ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഗിരീഷ് കമ്പോത്തിനെയും മൂന്നുവര്‍ഷം മുമ്പ് കൊന്നു; മുന്‍വൈരാഗ്യമെന്ന് സൂചന

ബംഗളുരു: കര്‍ണാടകയില്‍ പട്ടാപകല്‍ ആളുകള്‍ നോക്കിനില്‍ക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വാഹനം തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. യാദ്ഗിര്‍ സ്വദേശിനിയായ സാമൂഹിക ക്ഷേമവകുപ്പിലെ സെക്കന്‍ഡ് ഡിവിഷണല്‍ ഓഫീസറാണു ദാരുണായി കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു സൂചന.
സാമൂഹിക ക്ഷേമ വകുപ്പില്‍ സെക്കന്‍ഡ് ഡിവിഷണല്‍ ഓഫീസറായ അഞ്ജലി ഗിരീഷ് കമ്പോത്തെന്ന ഓഫീസറാണു കൊല്ലപ്പെട്ടത്. മൂന്നുദിവസം മുന്‍പ് ഓഫീസിലേക്കു പോകുന്നതിനിടെ ഇരുചക്രവാഹനത്തിലെത്തിയ നാലംഗ സംഘം കാര്‍തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും കൈകാലുകളിലും വെട്ടി. സാരമായി പരുക്കേറ്റു ചികിത്സയിലിരിക്കെ പുലര്‍ച്ചെ മരണപ്പെട്ടു. മൂന്നുവര്‍ഷം മുന്‍പ് അജ്ഞലിയുടെ ഭര്‍ത്താവായ കോണ്‍ഗ്രസ് നേതാവ് ഗിരീഷ് കമ്പോത്തിനെ സമാന രീതിയില്‍ വെട്ടിക്കൊന്നിരുന്നു.
ഇതേ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലയാളി സംഘത്തിലെ നാലുപേര്‍ അറസ്റ്റിലായി. ആസൂത്രകനായി തിരച്ചില്‍ തുടരുകയാണ്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നു ഷഹബാദ് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണായിരുന്ന അജ്ഞലിക്കു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുകയായിരുന്നു.
karnataka-government-employee-murder






