Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsSportsTRENDING

‘നീലക്കുപ്പായത്തില്‍ പൊടിമീശക്കാരനായി എത്തി, ക്യാപ്റ്റനായി മടക്കം: താങ്ക്യൂ ചേട്ടാ’; സഞ്ജുവിന്റെ വിടവാങ്ങലിന് കുറിപ്പുമായി രാജസ്ഥാന്‍ റോയല്‍സ്; നായകനായും കൂട്ടുകാരനായും നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുമെന്ന് സഹതാരങ്ങളും; ‘വണക്കം സഞ്ജു, സ്വാഗതം ചേട്ടാ’ എന്നു ചെന്നൈയും

ബംഗളുരു: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. 18 കോടിയുടെ കരാറിനാണ് സഞ്ജുവിനെ രാജസ്ഥാന്‍ കൈമാറ്റം ചെയ്തത്. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ സാം കറനും റോയല്‍സിലേക്കെത്തും.

ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പും വിഡിയോയുമാണ് രാജസ്ഥാന്‍ റോയല്‍സ് പ്രിയപ്പെട്ട ക്യാപ്റ്റനും ‘ചേട്ട’നുമായ സഞ്ജുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘നീലക്കുപ്പായത്തില്‍ ചെറിയ പയ്യനായി ഇവിടേക്ക് എത്തി, ക്യാപ്റ്റനായി, മികച്ച നായകനായി ഇന്ന് വിടവാങ്ങുന്നു, ഞങ്ങളുടെ ചേട്ടാ, എല്ലാത്തിനും നന്ദി എന്നായിരുന്നു പോസ്റ്റ്.

Signature-ad

പൊടിമീശക്കാരനായ സഞ്ജു ക്രിക്കറ്റ് ബാഗിന് മുകളിലിരിക്കുന്നതും മുതിര്‍ന്ന സഞ്ജു കസേരയിലിരുന്ന് പഴയ പൊടിമീശക്കാരനെ നോക്കുന്നതുമായ ചിത്രവും കുറിപ്പിനൊപ്പമുണ്ട്. അവിസ്മരണീയമായ നിമിഷങ്ങള്‍ക്ക് നന്ദിയെന്ന് പോസ്റ്റിന് ചുവടെ ആരാധകരും കുറിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് പറയുമ്പോള്‍ സഞ്ജുവിനെ കുറിച്ച് എങ്ങനെ പറയാതിരിക്കുമെന്നും, ഏറ്റവും മികച്ച ക്യാപ്റ്റനെന്നും, പിന്തുണച്ചതിന് നന്ദിയെന്നും സഹതാരങ്ങള്‍ പറയുന്ന വിഡിയോയും കാണാം. മാധ്യമങ്ങളെന്തും പറഞ്ഞോട്ടെ പക്ഷേ സഞ്ജുവിന്റെ ഏറ്റവും വലിയ ആരാധകന്‍ താനാണെന്ന് റിയാന്‍ പരാഗും പറയുന്നു. നായകനായും കൂട്ടുകാരനായും സഞ്ജുവിനെ മിസ് ചെയ്യുമെന്ന് താരങ്ങള്‍ പറയുന്നു.

‘രാഹുല്‍ സര്‍ വന്ന് എന്നോട് രാജസ്ഥാനിലേക്ക് പോരുന്നോ എന്ന് ചോദിച്ചു, എന്റെ ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമാണത്’ എന്ന സഞ്ജുവിന്റെ വാക്കുകളും ഒടുവില്‍ ക്യാപ്റ്റനായുള്ള യാത്രവരെ അടയാളപ്പെടുത്തുന്നതാണ് വിഡിയോ.

കളിക്കപ്പുറം ഒപ്പമുള്ള ചേര്‍ത്തുപിടിക്കുന്ന സഞ്ജുവിനെയും വിഡിയോയില്‍ കാണാം. സഞ്ജുവിന്റെ ഈ യാത്രയില്‍ ഒപ്പം നില്‍ക്കാനായതില്‍ നിറഞ്ഞ സന്തോഷമെന്ന ക്യാപ്ഷനോടെയാണ് രാജസ്ഥാന്‍ റോയല്‍സ് വിഡിയോ പങ്കിട്ടിരിക്കുന്നത്. റോക്ക്സ്റ്റാറിനെ ഞങ്ങളിങ്ങ് തിരിച്ചെടുത്തുവെന്ന് രവീന്ദ്ര ജഡേജയുടെ ചിത്രം പങ്കിട്ടും റോയല്‍സ് കുറിച്ചു.

 

 

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും സിംഹങ്ങളുടെ മടയിലേക്ക് സ്വാഗതമെന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. തല ധോണിയെ ആരാധനയോടെ നോക്കി നില്‍ക്കുന്ന സഞ്ജുവിന്റെ ചിത്രമാണ് വിസില്‍ പോട് എന്ന ഹാഷ്ടാഗോടെ സിഎസ്‌കെ പോസ്റ്റ് ചെയ്തത്. ജഡേജയും സാം കറനെയും സഞ്ജുവിന് പകരം കൈമാറിയത് കൃത്യമായ ധാരണയുടെ പുറത്താണെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ സിഎസ്‌കെ എംഡി കെ.എസ് വിശ്വനാഥന്‍ വ്യക്തമാക്കി.

ടോപ് ഓര്‍ഡര്‍ ഇന്ത്യന്‍ ബാറ്റര്‍ ടീമിലെത്തണമെന്ന മാനേജ്‌മെന്റ് തീരുമാനത്തിന്റെ ഫലമായാണ് ട്രേഡ് വിന്‍ഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. ജഡേജയെപ്പോലെയൊരു താരത്തെ വിട്ടുകൊടുത്തത് അങ്ങേയറ്റം കഠിനമായ തീരുമാനമായിരുന്നുവെന്നും കളിക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് തീരുമാനമെടുത്തതെന്നും ചെന്നൈ വ്യക്തമാക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: