കോണ്‍ഗ്രസ് വീണപ്പോള്‍ പരിഹാസമൊളിപ്പിച്ച വിമര്‍ശനവുമായി ശശി തരൂര്‍; ‘എന്നെ പ്രചാരണത്തിനു ക്ഷണിച്ചില്ല, പോയവര്‍ മറുപടി പറയട്ടെ’; തരൂരിന് രാജിവച്ചിട്ടു വിമര്‍ശിക്കാമെന്നു തിരിച്ചടിച്ച് എം.എം. ഹസന്; ദേശീയ തലത്തിലെ തോല്‍വിയില്‍ പാളയത്തിലും പട; കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചകളോ?

തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പരിഹാസമൊളിപ്പിച്ച വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. തോല്‍വിയെക്കുറിച്ചു പ്രചാരണത്തിനു പോയവര്‍ മറുപടി പറയട്ടെ. തന്നെ പ്രചാരണത്തിനു ക്ഷണിച്ചില്ലെന്നും തരൂര്‍ പറഞ്ഞു. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും പരാജയകാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ട്. സ്ത്രീ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതില്‍ സര്‍ക്കാരുകളെ തടയാനും കഴിയില്ലെന്ന് തരൂര്‍ പറഞ്ഞു.
ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്നു മറ്റൊരു വേദിയിലും തരൂര്‍ വിമര്‍ശനം ഉന്നയിച്ചു. ഹൈദരാബാദില്‍ ജ്യോതി കോമിറെഡ്ഡി സ്മാരക പ്രഭാഷണത്തില്‍ ‘റാഡിക്കല്‍ സെന്‍ട്രിസം: മൈ വിഷന്‍ ഫോര്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും അവിടെ ചില വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കുന്നത് റാഡിക്കല്‍ സെന്‍ട്രിസത്തിന്റെ പ്രായോഗിക രൂപമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.
1990 കളില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രാബല്യത്തില്‍ വരുത്തിയ ചില നയങ്ങള്‍ ഓര്‍മിപ്പിച്ച ശശി തരൂര്‍ ഇവ പിന്നീട് അധികാരത്തില്‍ വന്ന ബി.ജെ.പിയും പിന്തുടര്‍ന്നിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.
1991 നും 2009 നും ഇടയില്‍ കോണ്‍?ഗ്രസില്‍ കേന്ദ്രീകൃത ഘട്ടം ഉണ്ടായിരുന്നു. അതിനുശേഷം അത് മാറാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ്, പ്രത്യയശാസ്ത്രപരമായോ അല്ലാതെയോ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഇടതുപക്ഷ സ്വഭാവം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന്, സാഹചര്യങ്ങളില്‍ വലിയ വ്യത്യാസമുണ്ടാകാത്ത പക്ഷം താന്‍ മത്സരിക്കുന്നതിനുള്ള സാധ്യതയില്ലെന്നും തരൂര്‍ പറഞ്ഞു. മത്സരിക്കാന്‍ സാധ്യമായ ഒരു നടപടിക്രമവും സംവിധാനവും കോണ്‍ഗ്രസിനുണ്ടായിരുന്നു എന്നതില്‍ തനിക്കിപ്പോഴും സന്തോഷമുണ്ടെന്ന് തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ പാര്‍ട്ടിയിലും പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂര്‍ വന്നതെന്നും ഒരുതുള്ളി വിയര്‍പ്പു പോലും ഒഴുകിയിട്ടില്ലെന്നുമുള്ള രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനും രംഗത്തുവന്നു. നെഹ്റുവിനെ വിമര്‍ശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായിരിക്കെ തരൂര്‍ അതിന് മുതിര്‍ന്നത് ശരിയല്ല. രാജിവെച്ച് വിമര്‍ശിക്കാം. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂര്‍ വന്നത്. സമൂഹത്തിനുവേണ്ടി ഒരുതുള്ളി വിയര്‍പ്പു പോലും ഒഴുകിയിട്ടില്ല. വസ്തുതകളെല്ലാം തമസ്കരിച്ചാണ് തരൂര്‍ ലേഖനമെഴുതിയതെന്നും ഹസന് പറഞ്ഞു. നെഹ്റു സെന്റര്‍ നടത്തുന്ന നെഹ്റു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു പരാമര്‍ശം.






