പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് വരെ ഓഫീസുകളില്‍ കയറുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ; എംഎല്‍എ യെ ആരും ക്ഷണിച്ചിട്ടില്ല, കണ്ണാടിയില്‍ യോഗവും ചേര്‍ന്നിട്ടില്ല ; അതിലേ പോയപ്പോള്‍ ഓഫീസില്‍ കയറിയെന്നേയുള്ളെന്ന് ഡിസിസി പ്രസിഡന്റ്

പാലക്കാട് : ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ ഇരിക്കെ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുടെ പേരില്‍ വിവാദം ഉയരുമ്പോള്‍ എംഎല്‍എ യെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡിസിസി പ്രസിഡന്റ്. കണ്ണാടിയില്‍ യോഗം ചേര്‍ന്നിട്ടില്ലെന്നും അതിലെ കടന്നുപോയപ്പോള്‍ രാഹുല്‍ വെറുതേ ഓഫീസില്‍ കയറിയതാണെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന് വ്യക്തമാക്കി. കണ്ണാടിയില്‍ യോഗം ചേര്‍ന്നതായി അറിയില്ലെന്നും പറഞ്ഞു.
പഞ്ചായത്തിന്റെ വികസന കാര്യങ്ങള്‍ക്കാണ് രാഹുല്‍ പോയത്. രാഹുലിനെ ആരും വിളിച്ചിട്ടില്ല. രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തില്‍ കെപിസിസി മറുപടി പറയുമെന്നും എ തങ്കപ്പന് വ്യക്തമാക്കി. പാലക്കാട് കണ്ണാടിയില്‍ നടന്ന കാഴ്ചപറമ്പ് ക്ഷീരോല്പാദക സഹകരണ സംഘത്തിലെ യോഗത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.് സസ്പെന്‍ഷനില്‍ ഇരിക്കയാണ് രാഹുല്‍ യോഗത്തില്‍ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും വരെ പാര്‍ട്ടി ഓഫീസുകളില്‍ കയറുമെന്ന നിലപാടാണ് രാഹുല്‍ എടുത്തിരിക്കുന്നത്.
സസ്പെന്‍ഷനിലാണെങ്കിലും ചുമതലകള്‍ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കും. പുറത്താക്കുന്നത് വരെ കോണ്‍ഗ്രസ് ഔദ്യോഗിക ഓഫീസുകളില്‍ കയറുമെന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് മണ്ഡലം നേതാക്കളായ പ്രസാദ്, ശെല്വന്, വിനേഷ്, കരുണാകരന് തുടങ്ങിയവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു. യോഗത്തിലല്ല പങ്കെടുത്തതെന്നും പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഇരിക്കലും കൂടിയാലോചനകളും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ടെന്നും രാഹുല്‍ പറഞ്ഞു.






