Breaking NewsBusinessKeralaLead NewsNEWSNewsthen SpecialpoliticsTRENDING

ഓണ്‍ലൈന്‍ ടാക്‌സികള്‍: ഗണേഷ് കുമാര്‍ പറഞ്ഞ കാര്യം ഒരുവര്‍ഷം പഴയത്! കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ വരുത്താത്തത് തിരിച്ചടി; ആര്‍ക്കും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് തുടങ്ങാം; കസ്റ്റമര്‍ റേറ്റിംഗ് നിര്‍ബന്ധം; എല്ലാ വര്‍ഷവും ട്രെയിനിംഗ്

ഇക്കാര്യത്തില്‍ പോളിസികള്‍ മാത്രമാണ് നിലവിലുള്ളത്, ചട്ടങ്ങളില്ല എന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള, മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ഹൈവേയ്സ് (മോര്‍ത്ത്) 2020ല്‍ ആണ് ഓണ്‍ലൈന്‍ ടാക്‌സികളുടെ രജിസ്‌ട്രേഷനും സുതാര്യതയും ഉറപ്പാക്കാന്‍ 'മോട്ടോര്‍ വാഹന അഗ്രിഗേറ്റര്‍ മാര്‍ഗനിര്‍ദേശങ്ങള്‍' രൂപീകരിച്ചത്.

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സികള്‍ നിയമവിരുദ്ധമാണെന്നു ഗതാഗത മന്ത്രി പറഞ്ഞിട്ടും ഊബര്‍, ഒല ടാക്‌സികള്‍ക്കെതിരേ നടപടിയെടുക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനു കഴിയാത്തത് എന്തുകൊണ്ട്? മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന ഓണ്‍ലൈന്‍ ഓട്ടോ- ടാക്‌സി തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളും തമ്മില്‍ വന്‍ തര്‍ക്കത്തിനും നിരത്തിലെ അടിപിടിക്കുമാണു വഴിതുറന്നത്. പരമ്പരാഗത ടാക്‌സി തൊഴിലാളികള്‍ അവസരം കാത്തിരിക്കുന്നതു പോലെയാണ് അവസരം മുതലെടുത്തത്. ഭീഷണിയും കൈയേറ്റവും നിരവധി.

ഇക്കാര്യത്തില്‍ പോളിസികള്‍ മാത്രമാണ് നിലവിലുള്ളത്, ചട്ടങ്ങളില്ല എന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള, മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ഹൈവേയ്സ് (മോര്‍ത്ത്) 2020ല്‍ ആണ് ഓണ്‍ലൈന്‍ ടാക്‌സികളുടെ രജിസ്‌ട്രേഷനും സുതാര്യതയും ഉറപ്പാക്കാന്‍ ‘മോട്ടോര്‍ വാഹന അഗ്രിഗേറ്റര്‍ മാര്‍ഗനിര്‍ദേശങ്ങള്‍’ രൂപീകരിച്ചത്.

Signature-ad

2020 നവംബര്‍ 27ന് വിവിധ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതിനായുള്ള നിര്‍ദേശങ്ങളും നല്‍കി. അതെ സമയം ചുരുക്കം സംസ്ഥാനങ്ങള്‍ ഒഴിച്ച്, മിക്ക സംസ്ഥാനങ്ങളും ഇതിനായി വേണ്ട നിയമ നടപടികള്‍ പിന്നീട് കൈ കൊണ്ടില്ല. കേരളം നാലുവര്‍ഷങ്ങള്‍ക്കുശേഷം അഗ്രിഗേറ്റര്‍ നിയമം രൂപീകരിച്ചു. ഇതുപ്രകാരം രജിസ്‌ട്രേഷന്‍ ഇപ്പോഴും പുരോഗമിക്കുന്നു. എന്നാല്‍, 2025ല്‍ കേന്ദ്രം നിയമം വീണ്ടും പുതുക്കി. പക്ഷേ, 2024 പ്രകാരമുള്ള കാര്യങ്ങളാണു ചെയ്യുന്നത്. അതാത് സംസ്ഥാനങ്ങളില്‍നിന്ന് ലൈസന്‍സ് നേടുന്നതിനാണ് ഇത്. കേരളത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

2025ലെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു ഓണ്‍ലൈന്‍ ടാക്‌സികളെ രജിസ്‌ട്രേഷന്‍ നടത്തി നിയമവിധേയമാക്കുകയാണു വേണ്ടത്. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് അക്രമത്തില്‍നിന്ന് സംരക്ഷണം നല്‍കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ മുമ്പു നല്‍കിയിട്ടുണ്ട്. നിയമം കൈയിലെടുക്കുന്നത് ഒട്ടും നന്നല്ല.

എന്താണ് കേന്ദ്ര മാര്‍ഗ നിര്‍ദേശം

1.

അഗ്രഗേറ്റര്‍ ലൈസന്‍സിനു കമ്പനി ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത കമ്പനിക്കോ, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ആക്ട് പ്രകാരം ഡ്രൈവര്‍മാരുടെയോ മോട്ടോര്‍ വാഹന ഉടമകളുടെയോ ഒരു അസോസിയേഷനോ അല്ലെങ്കില്‍ അത്തരം മറ്റ് അസോസിയേഷനോ അല്ലെങ്കില്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘത്തിനോ അപേക്ഷിക്കാം. കുത്തകള്‍ക്കാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന് ചിന്തിക്കേണ്ടതില്ല.

2.

2024 സംസ്ഥാന അഗ്രിഗേറ്റര്‍ നയം അനുസരിച്ചു, 5 ലക്ഷം രൂപ ലൈസന്‍സിനായും 5 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയും (10,000ന് മുകളില്‍ വണ്ടികള്‍ ഉള്ളപ്പോള്‍), ഗവണ്‍മെന്റിലേക്ക് അടയ്ക്കണം.

3.

മൂന്നുവര്‍ഷത്തിനുള്ളില്‍ മദ്യ/മയക്കുമരുന്ന് ഉപയോഗം, തട്ടിപ്പ്, ലൈംഗിക കുറ്റം, അക്രമം മുതലായ ക്രിമിനല്‍ കേസുകള്‍ ഇല്ലാത്ത, പോലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ, ഡ്രൈവര്‍മാരെ 2024 സംസ്ഥാന അഗ്രിഗേറ്റര്‍ നയം, ഉറപ്പ് വരുത്തുന്നു. സുരക്ഷിതമായി വാഹനങ്ങള്‍ ഓടിക്കുവാന്‍ പ്രാപ്തരാക്കുന്ന, നിശ്ചിത ദിവസത്തെ ട്രെയിനിങ് നേടിയ ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ഇത്തരം വാഹനങ്ങള്‍ ഇനി ഓടിക്കാന്‍ സാധിക്കൂ. എല്ലാ വര്‍ഷവും ട്രെയിനിങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അത് പോലെ മൊത്തത്തിലെ കസ്റ്റമര്‍ റേറ്റിങ്ങ് രണ്ടില്‍ താഴെ വന്നാല്‍, മറ്റൊരു തിരുത്തല്‍ ട്രെയിനിംഗിനും നിര്‍ബന്ധമായും പങ്കെടുക്കണം.

 

2024 സംസ്ഥാന അഗ്രിഗേറ്റര്‍ നയം ഉറപ്പു വരുത്തുന്ന മറ്റു കാര്യങ്ങള്‍

1. മലയാളത്തില്‍ ആപ്പ് (ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍)
2. ഡ്രൈവര്‍ക്ക് ലഭിക്കുന്ന ഓഹരി, പ്രോത്സാഹനങ്ങള്‍, ചാര്‍ജുകള്‍ തുടങ്ങിയവ വെബ്‌സൈറ്റിലും ആപ്പിലും പ്രസിദ്ധീകരിക്കണം.
3. യാത്ര ആരംഭിച്ചതിനു ശേഷം യാത്രക്കാരനു തന്റെ ലൈവ് ലൊക്കേഷന്‍ മറ്റൊരാളുമായി പങ്കിടാന്‍ കഴിയുന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തണം
4. 24 മണിക്കൂറും പ്രവര്‍ത്തനസമയമുള്ള കണ്‍ട്രോള്‍ റൂം സ്ഥാപിച്ച് എല്ലാ വാഹനങ്ങളുടെയും ചലനം നിരീക്ഷിക്കണം
5. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സേവനം ലഭ്യമാക്കുന്ന 24-7 കോള്‍ സെന്റര്‍, പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ സ്വീകരിച്ച് പരിഹരിക്കണം
6. ക്രിമിനല്‍ സ്വഭാവമുള്ള പരാതികള്‍ 72 മണിക്കൂറിനുള്ളില്‍ റജിസ്റ്റര്‍ ചെയ്യണം
7. മോട്ടര്‍ കാബുകള്‍ക്കും ഓട്ടോ റിക്ഷകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന നിരക്കുകള്‍ പാലിക്കണം
8. ഓരോ യാത്രയുടെയും കൂലിയില്‍ ഡ്രൈവറിന് കുറഞ്ഞത് 80% ലഭിക്കണം; ബാക്കി 20% ആഗ്രിഗേറ്റര്‍ക്ക്
9. യാത്രാനന്തരം യാത്രാ ദൂരം, സമയം, കൂലി എന്നിവ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ രസീത് നല്‍കണം
10. ഡ്രൈവര്‍ അനാവശ്യമായി യാത്ര റദ്ദാക്കുകയാണെങ്കില്‍, മൊത്തം കൂലിയുടെ 10% (പരമാവധി 100) പിഴ ഈടാക്കുകയും യാത്രക്കാരന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയും വേണം, യാത്രക്കാരന്‍ അനാവശ്യമായി റദ്ദാക്കുകയാണെങ്കില്‍, 10% (പരമാവധി 100) പിഴ ചുമത്താം.

എന്താണിനി ഭാവി?

1. ചെലവുകുറഞ്ഞ, സുരക്ഷയുറപ്പുവരുത്തുന്ന ഓണ്‍ലൈന്‍ ടാക്‌സികളും ഓട്ടോയും നിയപ്രകാരം നിരത്തിലെത്തിയാല്‍ കൂടുതല്‍ യാത്രക്കാര്‍ ആകര്‍ഷിക്കപ്പെടും.

2. ഒരു ഭാഗത്തു ഓണ്‍ലൈന്‍ ടാക്‌സികളും മറു ഭാഗത്തു നിയമ പ്രകാരമുള്ള വാടക കാറുകളും ബൈക്കുകളും വരുമ്പോള്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചും കൃത്യമായ സര്‍ക്കാര്‍ നിരക്കുകള്‍ അനുസരിച്ചു വാടക മേടിച്ചും ഉപഭോക്താക്കളോടു മാന്യമായി പെരുമാറിയും വെല്ലുവിളികള്‍ നേരിടാന്‍ തൊഴിലാളികള്‍ക്കു കഴിയണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: