പത്മജ വേണുഗോപാല്‍ ബിജെപിയുടെ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ; കോണ്‍ഗ്രസ് വോട്ടുകളും കിട്ടുമെന്ന് പ്രതീക്ഷ ; വെറും പ്രതീക്ഷമാത്രമെന്ന് കോണ്‍ഗ്രസ് ; ഒന്നും സംഭവിക്കില്ലെന്ന് സിപിഎം; കാലം മാറി കഥ മാറുമെന്ന് ബിജെപി;

തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായി കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ മുന്‍നിര്‍ത്തി തൃശൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കാന്‍ ബിജെപി ശക്തന്റെ തട്ടകത്ത് തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും തൃശൂര്‍ കോര്‍പറേഷനില്‍ ഇത്തവണ മേയര്‍ സ്ഥാനം വനിതയ്്ക്കാണെന്നതിനാല്‍ ബിജെപിക്ക് വേണ്ടി പത്മജയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി മത്സരത്തിനറങ്ങിയാല്‍ തൃശൂര്‍ കോര്‍പറേഷനിലെ 56 ഡിവിഷനുകളിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രാദേശിക-ജില്ല-സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് ഇതുവരെയും നല്ലൊരു പദവി ബിജെപിയില്‍ ലഭിച്ചിട്ടുമില്ല. പത്മജയുടെ തട്ടകങ്ങളിലൊന്നായ തൃശൂരില്‍ കരുണാകരപുത്രിക്കുള്ള സ്വാധീനം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടക്കായി പ്രയോജനപ്പെടുത്താന്‍ പത്മജയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്.
മുന്‍പ് കോണ്‍ഗ്രസിലിരിക്കെ പത്മജ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ജനവിധി പത്മജയ്ക്ക് അനുകൂലമായിരുന്നില്ല.
പത്മജ വേണുഗോപാല്‍ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു. കെപിസിസിയുമായും തൃശൂര്‍ ഡിസിസിയുമായും നില നിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2024 മാര്‍ച്ചില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രമുഖരെ തന്നെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കി മത്സരിപ്പിക്കാന്‍ ബിജെപി ആസൂത്രണം ചെയ്യുമ്പോള്‍ പത്മജ മേയര്‍ സ്ഥാനാര്‍ത്ഥിയായി എത്തുകയാണെങ്കില്‍ കോണ്‍ഗ്രസ് പക്ഷത്തുനിന്നുള്ള വോട്ടുകൂടി പത്മജയ്ക്ക് നേടാനാകുമെന്ന കണക്കുകൂട്ടലാണ് ബിജെപിക്ക്.
എന്നാല്‍ പത്മജ മത്സരിച്ച തെരഞ്ഞെടുപ്പുകളുടെ ഫലം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബിജെപിയുടെ കണക്കൂകൂട്ടലുകളെ തള്ളിക്കളയുകയാണ്. പത്മജയെ ഇറക്കിയാലൊന്നും ആ ഇഫക്ട് തൃശൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് തറപ്പിച്ചു പറയുന്നു. ഇടതുപക്ഷവും ഇതേ വാദമാണ് ഉന്നയിക്കുന്നത്. പക്ഷേ മുന്‍പ് പത്മജ മത്സരിച്ചപോലെയല്ല ഇപ്പോഴത്തെ കാര്യങ്ങളെന്നും ഇപ്പോള്‍ ബിജെപിക്ക് അനുകൂലമായ കാലാവസ്ഥയാണെന്നും അതുകൊണ്ടുതന്നെ ഇതുവരെ കണ്ട കഥയല്ല ഇനി കാണാന്‍ പോകുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
അതിനിടെ തൃശൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തദ്ദേശഭരണ പോരാട്ടത്തിന് കളത്തിലിറങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു. 55 ഡിവിഷനുകളില്‍ നിന്ന് 56 ഡിവിഷനുകളായി വര്‍ധിച്ച തൃശൂര്‍ കോര്‍പറേഷനില്‍ ഇത്തവണ 39 സീറ്റുകളില്‍ സിപിഎം മത്സരിക്കും.17 സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്.ച
സിപിഐ 8 , ആര്‍ജെഡി 3 , കേരള കോണ്‍ഗ്രസ് 2 , ജനതാദള്‍ 2, എന്‍സിപി 1 , കോണ്‍ഗ്രസ് (എസ് ) 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
നാളെ എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കും
മേയര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ മേയര്‍ അജിത ജയരാജും മുന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപനും പരിഗണനയിലുണ്ട്.





