ഗാബയില്‍ ശക്തമായ മഴയും ഇടിമിന്നലും അഞ്ചാമത്തെ മത്സരം ഉപേക്ഷിച്ചു ; പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി ; ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവും ഹെഡ് കോച്ച് ഗൗതം ഗംഭീറും തുടര്‍ച്ചയായി അഞ്ച് ടി20ഐ പരമ്പര

ഗാബ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ബാറ്റിംഗുമായി മുമ്പോട്ട് നീങ്ങുമ്പോഴായിരുന്നു മഴയെത്തി രസംകൊല്ലിയായയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരവും മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
മഴ മൂലം കളി തുടരേണ്ടെന്ന് തീരുമാനം എടുക്കുമ്പോള്‍ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഗില്ലും അഭിഷേകും തകര്‍ത്തടിക്കുമ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്.
16 പന്തില്‍ 29 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. ടി20ഐ-യില്‍ 1000 റണ്‍സ് നേടുന്ന ഏറ്റവും വേഗതയേറിയ ബാറ്റ്സ്മാന് എന്ന ലോക റെക്കോര്‍ഡ് ഇതിനിടയില്‍ അഭിഷേക് സ്വന്തമാക്കി. നാല് ബൗണ്ടറികള്‍ ഒരൊറ്റ ഓവറില്‍ നേടിക്കൊണ്ട് ഗില്ലും തന്റെ വൈദഗ്ധ്യം പ്രകടമാക്കി. ഇടയ്ക്ക് മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മഴ ശക്തമായി. ഇതിനൊപ്പം ഇടിമിന്നലും മഴയും കാരണം രണ്ടര മണിക്കൂറിലധികം കളി തടസ്സപ്പെട്ടതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.
പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് പരമ്പരയിലെ താരം. ഓസ്ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പര നേട്ടം ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവും ഹെഡ് കോച്ച് ഗൗതം ഗംഭീറും തുടര്‍ച്ചയായി അഞ്ച് ടി20ഐ പരമ്പരകള്‍ നേട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഏകദിന പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യയ്ക്ക് ടി20 പരമ്പര വലിയ നേട്ടമായി മാറിയിരിക്കുകയാണ്.






