തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പോലും ഇറങ്ങിയില്ല അതിനുമുമ്പേ കോണ്‍ഗ്രസില്‍ അടി ; ചിലര്‍ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി, മറ്റുള്ളവര്‍ എതിര്‍ത്തു ; കോഴിക്കോട് ഡിസിസി ഓഫീസില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ വിവിധ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ തിരക്കിട്ട് നീങ്ങുമ്പോള്‍ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ കൂട്ടയടി. സീറ്റ് വിഭജന തര്‍ക്കത്തിനിടയില്‍ കോഴിക്കോട്ടെ ഡിസിസി ഓഫീസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സീറ്റ് വിഭജന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ഡിസിസി പ്രവര്‍ത്തകര്‍ ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു.
കൂടിയാലോചനകള്‍ക്ക് മുമ്പായി തന്നെ കഴിഞ്ഞതവണ സീറ്റ് കിട്ടാത്ത ഒരു കൂട്ടം ആള്ക്കാര് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയും ഇരുകൂട്ടരും ചേരിതിരിഞ്ഞ് ആക്രമിക്കുകയുമായിരുന്നു. യോഗ നിരീക്ഷകനായി എത്തിയിരുന്നത് മുന്‍ ജില്ലാപഞ്ചായത്തംഗം ഹരിദാസനായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ മത- സാമുദായിക ബാലന്‍സ് പരിഗണിച്ചില്ലെന്നും ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നായിരുന്നു പരാതി.
നടക്കാവ് വാര്‍ഡിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും ഇറങ്ങുന്നതിന് മുമ്പാണ് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അടിപൊട്ടിയിരിക്കുന്നത്. ഉന്തും തള്ളും വരെ ഉണ്ടായതായിട്ടാണ് വിവരം. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നുമാണ് ഡിസിസിയുടെ നിലപാട്.






