മുഖ്യമന്ത്രി ഗള്‍ഫില്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി: മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറിയും ഒപ്പം : ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ മലയാളോത്സവത്തില്‍ പ്രവാസികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും: സൗദി പര്യടനത്തിന് കേന്ദ്രാനുമതി ലഭിച്ചില്ല

ദുബായ് : ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെത്തി. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ.ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെ സന്ദര്‍ശിക്കും.
ഇന്ന് പുലര്‍ച്ചെയാണ് പിണറായി വിജയന്‍ അബുദാബിയിലെത്തിയത്. ബതീന്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍, വ്യവസായ പ്രമുഖന്‍ എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ നടക്കുന്ന മലയാളോത്സവത്തില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും.
അബുദാബിയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുപോകും. ദുബായിയില്‍ ഡിസംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. അന്ന് വൈകിട്ട് ദുബായിയിലെ ഓര്‍മ കേരളോത്സവ വേദിയില്‍ പൗരാവലിയെ അഭിസംബോധന ചെയ്യും. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും. സൗദി അറേബ്യ കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.






