രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയുടേയും വിവാഹനിശ്ചയം കഴിഞ്ഞു? അടുത്ത ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു കൊട്ടാരത്തില്‍ വെച്ച് വിവാഹചടങ്ങ് നടന്നേക്കുമെന്നും സൂചനകള്‍

ദക്ഷിണേന്ത്യന്‍ ആരാധകരുടെ പ്രിയജോഡികളായ രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹ തീയതിയും സ്ഥലവും ഉറപ്പിച്ചതായാി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഹൈദരാബാദില്‍ വെച്ച് സ്വകാര്യമായി നടന്ന നിശ്ചയത്തില്‍ വിവാഹം സംബന്ധിച്ച തീരുമാനം എടുത്തതായിട്ടാണ് വിവരം. രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം അടുത്ത ഫെബ്രുവരിയില്‍ ഉദയ്പൂരിലെ ഒരു കൊട്ടാരത്തില്‍ വെച്ച് നടന്നേക്കാം. വിവാഹ തീയതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
നടന്‍മാരായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും 2026 ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് ആഢംബരപൂര്‍ണവും എന്നാല്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്നതുമായ വിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025 ഒക്ടോബര്‍ 3-ന് ഹൈദരാബാദിലെ വിജയ്യുടെ വസതിയില്‍ വെച്ച് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരും നിശ്ചയം കഴിഞ്ഞിരുന്നു.
രശ്മികയോ വിജയ്യോ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും, അവരുടെ ടീമുകളുടെ സൂചനകളും പൊതുവേദികളിലെ അവരുടെ പ്രസ്താവനകളും ഊഹാപോഹങ്ങള്‍ ശക്തമാക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ബോളിവുഡ് ചിത്രം ‘തമ്മ’യുടെ പ്രൊമോഷന്‍ പരിപാടിക്കിടെ നിശ്ചയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രശ്മികയുടെ പ്രതികരണം ‘ഇതിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ’ എന്നായിരുന്നു. ഇത് ഉടന്‍ തന്നെ ഓണ്‍ലൈനില്‍ ശ്രദ്ധ നേടി.
ഇതോടൊപ്പം, വിജയ്യുടെ ക്യാമ്പുമായി അടുത്ത വൃത്തങ്ങള്‍, ‘അടുത്ത വര്‍ഷം വിവാഹിതരാകാന്‍ ഇരുവരും തീര്‍ച്ചയായും ആസൂത്രണം ചെയ്യുന്നുണ്ട്’ എന്ന് പങ്കുവെച്ചത് അഭ്യൂഹങ്ങള്‍ക്ക് ശക്തി നല്‍കി. ഫെബ്രുവരിയിലെ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. രണ്ട് താരങ്ങളുടെയും സാംസ്‌കാരിക വേരുകളെയും സിനിമാ മേഖലയിലെ സ്ഥാനത്തെയും പ്രതീകവല്‍ക്കരിക്കുന്ന രീതിയില്‍ വിവാഹം തെക്കേ ഇന്ത്യന്‍ ആചാരങ്ങളും രാജസ്ഥാനി ആചാരങ്ങളും സംയോജിപ്പിച്ചായിരിക്കും നടക്കുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരു ഡയമണ്ട് മോതിരം ധരിച്ച് വളര്‍ത്തുനായ ഓറയ്ക്കൊപ്പമുള്ള രശ്മികയുടെ വീഡിയോ ഒക്ടോബറില്‍ പുറത്തുവന്നതോടെയാണ് നിശ്ചയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആദ്യം ഉയര്‍ന്നത്. ഏകദേശം അതേ സമയത്തുതന്നെ, ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ബാബ മഹാസമാധി സന്ദര്‍ശിക്കുന്നതിനിടെ സമാനമായ മോതിരം വിജയ് ധരിച്ചിരിക്കുന്നതും കണ്ടിരുന്നു. ഇത് ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി.
2018-ല്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഗീത ഗോവിന്ദം’ എന്ന സിനിമയുടെ സെറ്റിലാണ് രശ്മികയും വിജയും ആദ്യമായി കണ്ടുമുട്ടിയത്. തുടര്‍ന്ന് 2019-ല്‍ ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു അഭിനയിച്ചു. ഓണ്‍-സ്‌ക്രീനിലെ ഇവരുടെ കെമിസ്ട്രി ഒരു യഥാര്‍ത്ഥ ജീവിത പ്രണയമായിരിക്കുമോ എന്ന ചര്‍ച്ചകള്‍ക്ക് ആരാധകര്‍ക്കിടയില്‍ വഴിയൊരുക്കി. ഈ ബന്ധത്തിന് മുന്‍പ്, രശ്മിക 2017-ല്‍ കന്നഡ നടന്‍ രക്ഷിത് ഷെട്ടിയുമായി നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും 2018-ല്‍ വേര്‍പിരിയുകയായിരുന്നു.





