ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നത് 2022 ല്‍ മരണപ്പെട്ടയാളുടെ പേരിനൊപ്പം ; ചിത്രം എങ്ങിനെ വന്നെന്ന് ഒരു പിടിയുമില്ലെന്ന് ഭര്‍ത്താവിന്റെ പ്രതികരണം ; വോട്ടര്‍പട്ടികയില്‍ ഇപ്പോഴും പേര് ഉണ്ടെന്നും കുടുംബം

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ 22 തവണ പ്രത്യക്ഷപ്പെട്ടതായി അവകാശപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം, അതേ ചിത്രം ഉള്‍പ്പെടുന്ന ഒരു വോട്ടര്‍ രേഖ ഇന്ത്യ ടുഡേ കണ്ടെത്തി. ഈ തവണ, ഈ ചിത്രം 2022 മാര്‍ച്ചില്‍ മരിച്ച ഒരു സ്ത്രീയുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു.
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി വലിയരീതിയിലുള്ള വോട്ടുമോഷണത്തെക്കുറിച്ച് ശക്തമായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നത് 2022 ല്‍ മരണപ്പെട്ടയാളുടെ പേരിനൊപ്പം. അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഇന്ത്യാടുഡേയാണ്.
വിനോദ് എന്നയാളുടെ രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ട ഭാര്യയായ ഗുനിയ എന്ന വോട്ടറുടെ പേരിനൊപ്പമാണ് ബ്രസീലിയന്‍ മോഡല്‍ ലാറിസയുടെ ചിത്രം വന്നതെന്നും അവരുടെ പേര് ഇപ്പോഴും വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതും ഒരു വിദേശ വനിതയുടെ ഫോട്ടോയോടുകൂടി ആണെന്നതും തങ്ങളെ ഞെട്ടിച്ചതായി അവരുടെ കുടുംബം പറഞ്ഞു.
മരിക്കുന്നതിന് മുന്‍പ് ഗുനിയ വോട്ട് ചെയ്തിരുന്നെന്നും, എന്നാല്‍ ഇത്തരം ഒരു ഫോട്ടോ തെറ്റായി വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി 2024-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതിലുള്ള വോട്ടര്‍ തട്ടിപ്പ് നടന്നതായി ആരോപിച്ചിരുന്നു. ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം സീമ, സ്വീറ്റി, സരസ്വതി തുടങ്ങിയ പേരുകള്‍ക്ക് കീഴില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വോട്ട് ‘മോഷ്ടിക്കാന്‍’ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ചു എന്നും, തന്റെ ടീം 25 ലക്ഷം കള്ളവോട്ടര്‍മാരെ കണ്ടെത്തിയെന്നും, ഇത് സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ ഏകദേശം 12% വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിവാദത്തിന് പിന്നാലെ വിവാദത്തിന് കാരണമായ ചിത്രത്തിലെ യുവതി ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് പ്രതികരിച്ചിരിക്കുകയാണ്. ലാരിസ എന്ന് തിരിച്ചറിഞ്ഞ അവര്‍, ആ ചിത്രം തന്റെ തുടക്കകാലത്തെ മോഡലിംഗ് സമയത്തുള്ള ചിത്രമാണെന്നും, അത് തന്നോട് ചോദിക്കാതെ ഉപയോഗിച്ച ഒരു പഴയ സ്റ്റോക്ക് ഫോട്ടോഗ്രാഫ് ആണെന്നും വ്യക്തമാക്കി.
താനൊരു ബ്രസീലിയന്‍ ഡിജിറ്റല്‍ ഇന്‍ഫ്ലുവന്‍സറും ഹെയര്ഡ്രെസറും ആണെന്നും തനിക്ക് ഇന്ത്യയിലെ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനത്തിന് ശേഷം തന്റെ ചിത്രം വൈറലായതോടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ സന്ദേശങ്ങളും കമന്റുകളും നിറഞ്ഞു എന്നും ലാരിസ വെളിപ്പെടുത്തി.





