Breaking NewsIndiaLead NewsNEWSNewsthen SpecialWorld

അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം; കൂപ്പുകുത്തി റഷ്യയുടെ ജിഡിപി

അമേരിക്കയുടെയും യൂറോപ്പിന്റെയും ‘ഉപരോധ മിസൈലുകളേറ്റ്’ കനത്ത തകർച്ചയിലേക്ക് കൂപ്പുകുത്തി റഷ്യയുടെ ജിഡിപി. 2025ന്റെ ആദ്യ 9 മാസക്കാലത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച മുൻവർഷത്തെ 4.3 ശതമാനത്തിൽ നിന്ന് ഒരു ശതമാനത്തിലേക്ക് ഇടിഞ്ഞു. രാജ്യത്തെ വമ്പൻ എണ്ണക്കമ്പനികളെ യുഎസ് ഉപരോധ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും റഷ്യൻ എണ്ണയോട് ഇന്ത്യയും ചൈനയും മുഖംതിരിക്കുകയും ചെയ്യുന്നതിനിടെ, ജിഡിപി വളർച്ച ഇടിഞ്ഞത് പ്രസിഡന്റ് പുട്ടിന് കനത്ത ഷോക്കുമായി.

തുടർച്ചയായ മൂന്നാംപാദത്തിലാണ് റഷ്യൻ ജിഡിപി ഇടിയുന്നത്. സെപ്റ്റംബർപാദ വളർച്ച 0.6% മാത്രം. കഴിഞ്ഞ ഡിസംബർ പാദത്തിലെ 4.5 ശതമാനത്തിൽ നിന്നാണ് വീഴ്ച. മാർച്ച് പാദത്തിൽ 1.4 ശതമാനത്തിലേക്കും ജൂൺപാദത്തിൽ 1.1 ശതമാനത്തിലേക്കും ഇടിഞ്ഞിരുന്നു. വ്യവസായ മേഖലയുടെ വളർച്ച 5.6 ശതമാനത്തിൽനിന്ന് 0.5 ശതമാനത്തിലേക്ക് നിലംപൊത്തിയതും ആഘാതമാണ്.

Signature-ad

ഭക്ഷ്യോൽപാദന വളർച്ചനിരക്ക് 0.2 ശതമാനത്തിലേക്കും തളർന്നു. വസ്ത്ര, പാദരക്ഷാ നിർമാണമേഖല 2.3% താഴ്ന്നതും സമ്പദ്‍വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ആഴംവ്യക്തമാക്കുന്നു. റഷ്യൻ ജിഡിപിയുടെ നട്ടെല്ലായ എണ്ണ റിഫൈനിങ് 4.5 ശതമാനമാണ് ഇടിഞ്ഞത്. റഷ്യയുടെ എണ്ണ റിഫൈനറികൾ, എണ്ണവിതരണ പൈപ്പ്‍ലൈനുകൾ എന്നിവ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന യുക്രെയ്ന്റെ തന്ത്രം ഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കാണിത്. റഷ്യൻ കമ്പനികളുടെ ലാഭം ജനുവരി-ഓഗസ്റ്റ് കാലയളവിൽ 8.3% കുറഞ്ഞു.

സമ്പദ്മേഖലകൾ നേരിടുന്ന തിരിച്ചടി പുട്ടിൻ സർക്കാരിന്റെ വരുമാനത്തെയും ഉലയ്ക്കുകയാണ്. സർക്കാരിന്റെ ഓയിൽ ആൻഡ് ഗ്യാസ് വരുമാനം താഴ്ന്നത് 20%. ഉപരോധംമൂലം ഇറക്കുമതികളും കുറഞ്ഞതിനാൽ കസ്റ്റംസ് വരുമാനം 19 ശതമാനം ഇടിവും നേരിട്ടു. പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ റഷ്യയുടെ കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് 17 ശതമാനത്തിൽ നിന്ന് 16.5 ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്.

റഷ്യ ആണവ മിസൈലുകൾ പരീക്ഷിച്ചെന്ന റിപ്പോർട്ട് ഇതിനിടെ പുട്ടിൻ സർക്കാരിന്റെ വക്താവ് ദിമിത്രി പെസ്കോവ് നിഷേധിച്ചു. ആണവ മിസൈലായ ബ്യുർവെസ്റ്റ്നിക്കിന്റെ (Burevestnik) റഷ്യ നടത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, അത് ന്യൂക്ലിയർ പരീക്ഷണമാണെന്ന് പറയുന്നത് ശരിയല്ലെന്ന് പെസ്കോവ് പറഞ്ഞു. ‘ചില രാജ്യങ്ങൾ’ ആണവ പരീക്ഷണം നടത്തുന്ന പശ്ചാത്തലത്തിൽ അമേരിക്കയും സമാന പരീക്ഷണം നടത്തണമെന്ന് കഴിഞ്ഞ പ്രസിഡന്റ് ട്രംപ് പെന്റഗണിനോട് നിർദേശിച്ചിരുന്നു. 1992ന് ശേഷം ആദ്യമായാണ് അമേരിക്കയുടെ ആണവ മിസൈൽ പരീക്ഷണനീക്കം. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി റഷ്യൻ വക്താവ് മുന്നോട്ടെത്തിയത്.

ട്രംപ്-ഷി ഹണിമൂൺ തുണയ്ക്കുമോ ഓഹരികളെ?

റഷ്യയ്ക്ക് യുഎസ്-ചൈന ‘വ്യാപാര ഹണിമൂണും’ തിരിച്ചടിയാവുകയാണ്. ഉപരോധന പശ്ചാത്തലത്തിൽ യുഎസിന്റെ എണ്ണ വാങ്ങുന്നത് പരിഗണിക്കുകയാണ് ഇപ്പോൾ ഇന്ത്യൻ എണ്ണക്കമ്പനികൾ. ചൈനയും സമാനനിലപാടിലേക്ക് തിരിയുമെന്നാണ് സൂചനകൾ. ട്രംപിന്റെ സമ്മർദത്തിന് വഴങ്ങി ചൈന റഷ്യയോടുള്ള അടുപ്പം കുറയ്ക്കുന്നത് പുട്ടിന് വലിയ ആഘാതമാകും.

അതേസമയം, ട്രംപ്-ഷി കൂടിക്കാഴ്ച ആവേശമാകുമെന്ന പ്രതീക്ഷയിലാണ് ആഗോള ഓഹരി വിപണികൾ. ചൈന റെയർ എർത്ത് കയറ്റുമതി നിയന്ത്രണം ഒരുവർഷത്തേക്ക് വേണ്ടെന്നുവച്ചത് ഈ രംഗത്തെ കമ്പനികളുടെ ഓഹരികൾക്ക് കുതിപ്പേകി. ജാപ്പനീസ് നിക്കേയ് സൂചിക ഇന്ന് രാവിലെ 1.05 ശതമാനം ഉയർന്നുകഴിഞ്ഞു.

യുഎസിൽ ഫ്യൂച്ചേഴ്സ് വിപണികൾക്ക് ടെക് കമ്പനികളുടെ മെച്ചപ്പെട്ട സെപ്റ്റംബർപാദ റിസൽട്ടും കരുത്താവുന്നുണ്ട്. ഡൗ, നാസ്ഡാക്, എസ് ആൻഡ് പി എന്നിവ 1.1% വരെ ഉയർന്നു. ആമസോൺ ഓഹരി 13%, ആപ്പിൾ 3% എന്നിങ്ങനെ ഉയർന്നത് നേട്ടമായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: