ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മലയുടെ മുകളില്‍ നിന്നും ഒരു വലിയ പാറക്കല്ല് വന്ന് പതിച്ചു ; ഫോക്സ്വാഗണ്‍ വിര്‍ടസ് കാറിന് മുകളിലേക്ക് വലിയ പാറക്കല്ല് പതിക്കുകയായിരുന്നു

മുംബൈ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വലിയ പാറക്കല്ല് വന്ന് പതിച്ച് സണ്‍റൂഫ് തകര്‍ത്ത് യുവതി തല്‍ക്ഷണം മരിച്ചു. മഹാരാഷ്ട്രയിലെ ഒരു മലയോര പാതയായ താംഹിനി ഘട്ടിലാണ് ഈ സംഭവം നടന്നത്. പൂനെയില്‍ നിന്ന് മാംഗാവോണിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു യുവതി സഞ്ചരിച്ച ഫോക്സ്വാഗണ്‍ വിര്‍ടസ് കാറിന് മുകളിലേക്ക് വലിയ പാറക്കല്ല് പതിക്കുകയായിരുന്നു.
പൂനെയില്‍ നിന്ന് മാംഗാവോണിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. കാറിന് മുകളിലേക്ക് വലിയ പാറക്കല്ല് പതിക്കുകയായിരുന്നു. പാറയുടെ ആഘാതത്തില്‍ സണ്‍റൂഫ് തകരുകയും, പാറ നേരെ പാസഞ്ചര്‍ സീറ്റിലിരുന്ന യുവതിയുടെ തലയില്‍ പതിക്കുകയും ചെയ്തു. 43 വയസ്സുള്ള സ്‌നേഹല്‍ ഗുജറാത്തി എന്ന യുവതിയാണ് മരണമടഞ്ഞത്.
മറ്റൊരു സംഭവത്തില്‍, ബുധനാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ജല്‍നയിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ആഢംബര ബസിന് സമൃദ്ധി ഹൈവേയില്‍ വെച്ച് തീപിടിച്ചു. ഹൈവേയിലെ നാഗ്പൂര്‍ ലെയ്നില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്. ഡ്രൈവറും സഹായിയും കൂടാതെ 12 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് തന്നെ യാത്രക്കാരെ പുറത്തിറക്കി എല്ലാവരുടെയും ജീവന്‍ രക്ഷിച്ചു.
ഈ മാസം ആദ്യം, ഒക്ടോബര്‍ 18-ന് മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയില്‍ അതിവേഗത്തില്‍ വന്ന മിനി ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് കുറഞ്ഞത് എട്ട് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന, ഏകദേശം 40 പേര്‍ സഞ്ചരിച്ചിരുന്ന മിനി ട്രക്കിന്റെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് മിനി ട്രക്ക് മറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






