‘1500 കോടി രൂപയ്ക്ക് ഇടതുപക്ഷത്തിന്റെ ശുദ്ധത കളയുന്നെന്നു വിലപിച്ച സിപിഎം നന്നാക്കികള്‍ ഉച്ചകഴിഞ്ഞ് പ്ലേറ്റ് തിരിച്ചു’; പെന്‍ഷന്‍, സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ വിമര്‍ശനങ്ങളെ പരിഹസിച്ച് ഇടതു ഹാന്‍ഡിലുകള്‍; ഉമ്മന്‍ചാണ്ടിയുടെ കാലത്തെ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ത്തതും ഇടതുപക്ഷമെന്ന് ഓര്‍മപ്പെടുത്തല്‍

കൊച്ചി: കേവലം 1500 കോടി രൂപയ്ക്കുവേണ്ടി ഇടതുപക്ഷത്തിന്റെ ശുദ്ധത കളയുന്നെന്ന് ഉച്ചവരെ വാദിച്ചവര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അടക്കമുള്ള സൗജന്യങ്ങള്‍ വര്‍ധിപ്പിച്ചതിലൂടെ പണം എങ്ങനെ കണ്ടെത്തുമെന്ന് ഉച്ചകഴിച്ചു വിലപിക്കുന്നത് ബഹുരസമെന്ന പരിഹാസ പോസ്റ്റുമായി ഇടതു ഹാന്‍ഡിലുകള്‍. ജനസംഖ്യയിലെ ഉയര്‍ന്ന വയോജന ചേരുവയും അവരുടെ കൂടിയ ആശ്രിതത്വ നിരക്കും, സ്ത്രീകളുടെ കാണാപ്പണിയും കുറഞ്ഞ തൊഴില്‍ പങ്കാളിത്ത നിരക്കും, വിദ്യാ സമ്പന്നരുടെ തൊഴില്‍ രാഹിത്യം, ഇവ മൂന്നും കേരളത്തിന്റെ മൂന്നു പ്രധാന ചലഞ്ചുകളാണ് . അവയെ അഭിസംബോധന ചെയ്യാന്‍ ഇടതുപക്ഷം കഴിഞ്ഞ പത്തു കൊല്ലമായി നടത്തുന്ന പരിശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ബോധ പൂര്‍വ്വമായ ഇടപെടലുകളാണ് ഇവ എന്നു മനസിലാക്കേണ്ടതുണ്ട്.
ആശമാര്‍ക്ക് പ്രതിമാസം 21000 രൂപ സംസ്ഥാനം കൊടുക്കാന്‍ എന്തു പ്രയാസം എന്നു ചോദിച്ച് അതിനുള്ള പണം ബജറ്റ് ചെലവ് കുറച്ചാല്‍ പോരേ എന്നു ചോദിച്ച ഒരു പറ്റം പണ്ഡിതന്മാരും ശുദ്ധതയുള്ള ഇടതുപക്ഷക്കാരും തന്നെയാണ് ഇന്നലെ പ്രഖ്യാപിച്ച ചെലവിനുള്ള കാശ് എവിടെ എന്നു ചോദിച്ച് ഇറങ്ങിയിട്ടുള്ളത് എന്നതാണ് ബഹുരസമെന്നും കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
1. കേവലം 1500 കോടി രൂപയ്ക്കു വേണ്ടി ഇടതുപക്ഷത്തിന്റെ ശുദ്ധത കളയുന്നു എന്ന് ഇന്നലെ ഉച്ചവരെ വാദിച്ചുകൊണ്ടിരുന്ന സിപിഎം നന്നാക്കികള്‍ എല്ലാം കൂടി അടപടലം വൈകിട്ടായപ്പോള്‍ ഒന്നു മാറ്റി പിടിച്ചത് കണ്ടു. ഈ 1500 കോടി രൂപ തന്നെ ഇല്ലാതായാല്‍ തകരും എന്നു പറഞ്ഞവരാണല്ലോ ഇപ്പോള്‍ 10000 കോടി രൂപയുടെ വാര്‍ഷിക അധിക ബാധ്യത വരുന്ന ആനുകൂല്യ വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഇതെങ്ങനെ നടക്കാനാണ് എന്നതാണ് ഈ സെറ്റിന്റെ പുതിയ വെളിപാട്.
2. ആദ്യം ഇന്നലെ പിണറായി പ്രഖ്യാപിച്ച ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന, നിലവിലുള്ള പെന്‍ഷനു പുറമേ 400 രൂപ വര്‍ധിച്ച് 4800 രൂപയുടെ വാര്‍ഷിക വര്‍ദ്ധനവാണ്് 62 ലക്ഷം പേര്‍ക്ക് കൊടുക്കുന്നത്. അധിക ബാധ്യത ഏതാണ്ട് 2976 കോടി രൂപയാണ്. എസ്എസ്‌കെയില്‍ പിടിച്ചു വെച്ച തുകയുടെ ഏകദേശ കണക്കാണ് 1500 കോടി രൂപ. എന്‍എച്ച്എമ്മില്‍ പിടിച്ചു വെച്ചത് ഏകദേശം 750 കോടി രൂപയും. ഇത് രണ്ടും കൂടി മാത്രം 2250 കോടി രൂപ. എസ്എസ്‌കെയുടെ നടപ്പു വര്‍ഷത്തെ നഷ്ടം കൂടി കണക്കാക്കിയാല്‍ ഇപ്പോള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വര്‍ദ്ധനവിന് ആവശ്യമായ അധിക തുകയോളം വരുമിത്.
എന്താണ് മനസിലാക്കേണ്ടത്? എസ്എസ്‌കെ യിലായാലും എന്‍എച്ച്എമ്മിലായാലും അംഗീകൃത പദ്ധതി അനുസരിച്ച് കേരളം വിന്യസിച്ചിട്ടുള്ള സംവിധാനങ്ങളുടെ പണം, അത് കേരളത്തിന്റെ 40 ശതമാനത്തിനൊപ്പം യൂണിയന്‍ വിഹിതമായ 60 ശതമാനവും ചെലവിടാന്‍ നാം ബാധ്യസ്ഥരായിരിക്കുന്നു. അതായത് കേരളം ചെലവിടുന്ന പണമാണ് യൂണിയന്‍ സര്‍ക്കാര്‍ പിടിച്ചു വെച്ചിരിക്കുന്നത്. ആ തുകയുടെ വലിപ്പം എത്ര എന്നു മനസിലാക്കാന്‍ ശുദ്ധത ആഭരണമാക്കിയ ബുദ്ധി ജീവിതങ്ങള്‍ക്ക് ഈ കണക്ക് സഹായകമാകും. ഏതാണ്ട് 62 ലക്ഷം മനുഷ്യര്‍ക്ക് പ്രതിവര്‍ഷം 4800 രൂപ അധികം കൊടുക്കാവുന്ന തുകയാണ് നിസ്സാരമായി പോട്ടെ എന്നു പറയുന്നത്.
3. സ്ത്രീ സുരക്ഷാ പെന്‍ഷന്റെ ഗുണ ഭോക്താക്കള്‍ 31.34 ലക്ഷം എന്നാണ് കണക്ക്. കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് 5 ലക്ഷം യുവജനതയ്ക്കു വലിയ പ്രചോദനമാകും. അപ്പോള്‍ ഈ മൂന്നു സാമൂഹ്യ സുരക്ഷാ നടപടികളുടെ ഗുണ ഭോക്താക്കളുടെ എണ്ണം 98.43 ലക്ഷം സാധാരണ മനുഷ്യരും യുവതയുമാണ് എന്നു കാണണം. ഈ മൂന്നിനും കൂടി വരുന്ന വാര്‍ഷിക അധിക ബാധ്യത 6710 കോടി രൂപയായിരിക്കും. ഇന്നലെ പ്രഖ്യാപിച്ച വര്‍ദ്ധനയുടെ/ പുതിയ പദ്ധതികളുടെ ആകെ കണക്കാക്കുന്ന അധിക ബാധ്യതയുടെ 68 ശതമാനം ഇതാണ് എന്നു കാണണം.
4. ഈ മൂന്നു പദ്ധതികളുടെയും പ്രത്യേകത കേരളത്തിന്റെ സവിശേഷ സാമൂഹ്യ ഘടനയില്‍ എത്ര പ്രസക്തമാണ് എന്നതു കൂടി മനസിലാക്കേണ്ടതുണ്ട്. ജനസംഖ്യയിലെ ഉയര്‍ന്ന വയോജന ചേരുവയും അവരുടെ കൂടിയ ആശ്രിതത്വ നിരക്കും, സ്ത്രീകളുടെ കാണാപ്പണിയും കുറഞ്ഞ തൊഴില്‍ പങ്കാളിത്ത നിരക്കും, വിദ്യാ സമ്പന്നരുടെ തൊഴില്‍ രാഹിത്യം , ഇവ മൂന്നും കേരളത്തിന്റെ മൂന്നു പ്രധാന ചലഞ്ചുകളാണ് . അവയെ അഭിസംബോധന ചെയ്യാന്‍ ഇടതുപക്ഷം കഴിഞ്ഞ പത്തു കൊല്ലമായി നടത്തുന്ന പരിശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ബോധ പൂര്‍വ്വമായ ഇടപെടലുകളാണ് ഇവ എന്നു മനസിലാക്കേണ്ടതുണ്ട്.
5. യൂണിയന്‍ സര്‍ക്കാര്‍ സ്‌കീം വിഭാഗം തൊഴില്‍ ചെയ്യുന്നവരുടെ കഷ്ടത ദേശീയ തലത്തില്‍ ഒരു കോടി മനുഷ്യരുടെ പ്രശ്‌നമാണ്. അതില്‍ അങ്കണവാടി, ആശ, സ്‌കൂള്‍ പാചക തൊഴിലാളികള്‍ എന്നിവര്‍ എല്ലാമുണ്ട്. കൂലി കൊടുക്കാതെ യൂണിയന്‍ സര്‍ക്കാര്‍ പണിയെടുപ്പിക്കുന്ന വിഭാഗമാണിത്. ഇവയെല്ലാം കേന്ദ്രാവിഷ്‌കൃത പദ്ധതികളുമാണ്. ഇവരെ എല്ലാം ഒന്നു പോലെ കാണാതെ സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവില്ല എന്നാണ് കേരളം ഇവിടെ നടക്കുന്ന ഒരു സെക്‌റ്റേറിയന്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞത്. ഈ സെക്‌റ്റേറിയന്‍ സമര നേതാക്കളുടെ നിക്ഷിപ്ത ലക്ഷ്യം അവര്‍ തന്നെ വ്യക്തമാക്കി. തങ്ങള്‍ക്ക് തങ്ങളുടെ എംപ്ലോയര്‍ ആയ യൂണിയന്‍ സര്‍ക്കാരിനോട് യാതൊരു ഡിമാന്‍ഡും ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. എല്ലാ സ്‌കീം വിഭാഗം തൊഴിലാളികളുടെയും ഏറ്റവും ഉയര്‍ന്ന പ്രത്യേക സംസ്ഥാന വേതനം കേരളമാണ് കൊടുക്കുന്നത്. അതിപ്പോള്‍ എല്ലാവര്‍ക്കും ഉയര്‍ത്തിയിരിക്കുന്നു. ഇനിയെങ്കിലും രാജ്യത്തെ ഒരു കോടി സ്‌കീം വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തില്‍ അണി ചേരാന്‍ ഈ സെക്‌റ്റേറിയന്‍ സമരക്കാര്‍ തയ്യാറാകുമോ?
6. ആശമാര്‍ക്ക് പ്രതിമാസം 21000 രൂപ സംസ്ഥാനം കൊടുക്കാന്‍ എന്തു പ്രയാസം എന്നു ചോദിച്ച് അതിനുള്ള പണം ബജറ്റ് ചെലവ് കുറച്ചാല്‍ പോരേ എന്നു ചോദിച്ച ഒരു പറ്റം പണ്ഡിതന്മാരും ശുദ്ധതയുള്ള ഇടതുപക്ഷക്കാരും തന്നെയാണ് ഇന്നലെ പ്രഖ്യാപിച്ച ചെലവിനുള്ള കാശ് എവിടെ എന്നു ചോദിച്ച് ഇറങ്ങിയിട്ടുള്ളത് എന്നതാണ് ബഹുരസം.
7. നെല്ലു സംഭരണത്തിന്റെയും റബ്ബര്‍ സംഭരണത്തിന്റെയും കഥ കൂടി പറയണം. രാജ്യത്ത് നെല്ലിന് പ്രത്യേക സംസ്ഥാന വിഹിതം കൊടുക്കുന്ന ഏക സംസ്ഥാനം കേരളമാണ്. എന്നാല്‍ യൂണിയന്‍ സര്‍ക്കാര്‍ അവരുടെ പണം പല തട്ടാമുട്ടികളും പറഞ്ഞ് കുടിശികയാക്കുന്നതാണ് രീതി. ഇപ്പോള്‍ കുറഞ്ഞത് 2000 കോടി രൂപയെങ്കിലും കേരളത്തിനു കിട്ടാനുണ്ടാകും. കേരളം ഇത് വായ്പ്പയായി സംഘടിപ്പിച്ചു കൊടുക്കുകയും അതിന്റെ പലിശ ബാധ്യത ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ ഇവിടെ ഉയര്‍ന്ന ആഖ്യാനം ഓര്‍മ്മ വേണം. നെല്ലുവില വായ്പയായിട്ടാണോ കൊടുക്കുന്നത് എന്ന ആഖ്യാനം? വായ്പയോ പലിശയോ കര്‍ഷകരുടെ ബാധ്യതയല്ല. യൂണിയന്‍ സര്‍ക്കാര്‍ കൊടുക്കേണ്ട പണം കൊടുക്കാത്തത് കൊണ്ട് വരുന്ന പ്രയാസം ഒഴിവാക്കാന്‍ സംസ്ഥാനം പലിശ വഹിച്ച് ചെയ്യുന്ന സംവിധാനമാണിത് എന്നത് ഈ ആഖ്യാന കര്‍ത്താക്കള്‍ പറഞ്ഞോ? എന്തായാലും സംസ്ഥാനം അധികം നല്‍കുന്ന പണം വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. റബ്ബര്‍ സംഭരണ വിലയും കൂട്ടി.
8. ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം ഇതിനുള്ള പണം എവിടെ എന്നതാണ്. 2024-2025 ലെ വരവും ചെലവും കാണിക്കുന്ന രണ്ടു പട്ടികകള്‍ ഇവിടെ കൊടുത്തിട്ടുണ്ട്. ആകെ ചെലവിന്റെ 33.68 ശതമാനം ഈ വിധ ചെലവുകളാണ്. ഇത് ആകെ റവന്യൂ ചെലവിന്റെ 37 ശതമാനം വരും. വരവിന്റെ പട്ടിക നോക്കുക. ആകെ റവന്യൂ വരുമാനമായ 124702 കോടി രൂപയില്‍ 10,0489 കോടി രൂപയും സംസ്ഥാനത്തിന്റെ തനതു റവന്യൂ വരുമാനമാണ്. അതായത് 80.58 ശതമാനം. ഇതില്‍ വരുന്ന വളര്‍ച്ച സംബന്ധിച്ച ആത്മ വിശ്വാസം തന്നെയാണ് ഈ അധിക ചെലവ് ചെയ്യുന്നതിനുളള അടിസ്ഥാനം. ഇപ്പോള്‍ നടപ്പു വര്‍ഷത്തെ കണക്കുകളില്‍ തന്നെ ഇത് പ്രതിഫലിക്കുന്നുണ്ട്. അപ്പോള്‍ കേരളത്തിനു ലഭിക്കേണ്ട ഫെയര്‍ ഷെയര്‍ പരമശുദ്ധത ഭാവിച്ച് ‘ഉപേക്ഷിക്കുന്നതാണ്’ ഇടതുപക്ഷ നന്മ എന്നൊക്കെയുള്ള അസംബന്ധം എഴുന്നള്ളിക്കാതെയിരുന്നാല്‍ ഇവയെല്ലാം ഇനിയും നന്നായി കൂട്ടാന്‍ കഴിയും. പ്രായോഗികതയും ശരിയായ പ്രിയോറിറ്റിയും വേണം. അതാണ് ഇടതു പക്ഷ ബദല്‍ എന്നു പറയുന്നത്.
9. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കിട്ടുമെന്ന പ്രതീക്ഷ തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പറയുന്ന കാര്യം അങ്ങനെ കുടിശിക ഉണ്ടായിരുന്നു എന്നതിനു എന്തു തെളിവ്? 2016 ആഗസ്റ്റ് 18 ലെ ഒരു സര്‍ക്കാര്‍ ഉത്തരവ് ഇവിടെ കൊടുത്തിരിക്കുന്നു. 2016 ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശിക കൊടുക്കാന്‍ തീരുമാനിക്കുന്നു. കണക്കെടുക്കാന്‍ ശ്രമിക്കുന്നു. അന്‍പതു മാസത്തിനു മുകളില്‍ കുടിശികയുടെ കണക്കു വരുന്നു. ഒരു തീര്‍പ്പ് പെട്ടെന്നു പറ്റാത്ത സ്ഥിതി വരുന്നു. ഓണത്തിനു മുന്‍പു കുടിശികയും അപ്പോഴത്തെ പെന്‍ഷനും കൊടുക്കണം. ഒടുക്കം ഒരു തീരുമാനം എടുക്കുന്നു. പരമാവധി ഒരാള്‍ക്ക് കുടിശികയായി ഇപ്പോള്‍ 15000 രൂപ വരെ കൊടുക്കുക. ബാക്കി കണക്കുകള്‍ പരിശോധിച്ചു കൊടുക്കാം. (അതും പിന്നീടു കൊടുത്തു തീര്‍ത്തു). കൊടുത്തിരിക്കുന്ന ഉത്തരവില്‍ അതു വായിക്കാം. അന്നു പെന്‍ഷന്‍ 600 രൂപയാണ്. എത്ര മാസത്തെ പെന്‍ഷന്‍ കുടിശികയാണ് ഈ 15000 രൂപ? ഇത് സര്‍ക്കാര്‍ ഉത്തരവാണ് എന്നു മറക്കരുത്. 25 മാസം. അതായിരുന്നു ഉമ്മന്‍ ചാണ്ടി അധികാരം വിട്ടപ്പോളുള്ള സ്ഥിതി. അത് കൊടുത്തു തീര്‍ത്ത് പെന്‍ഷന്‍ വിതരണത്തിന് ഒരു വ്യവസ്ഥയുണ്ടാക്കി. അറുന്നൂരില്‍ നിന്നും 1600 രൂപയുമാക്കി. ഇതാണു പഴയ കഥ.
ഇതെന്തു സര്‍ക്കാര്‍ എന്നതു കുറച്ചു കൂടി മനസിലാകുന്നില്ലേ ?






