ഏകദിനത്തിന് മറുപടി നല്‍കാനുള്ള ഇന്ത്യയുടെ ആദ്യശ്രമം പാളി ; കാന്‍ബറയില്‍ മഴയൊഴിയുന്നതേയില്ല, ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ടി20 മത്സരം ഉപേക്ഷിച്ചു

കാന്‍ബറ: ഏകദിനത്തിന് പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കാന്‍ബറയിലെ മനുക ഓവലില്‍ നടന്ന മത്സരത്തിനിടെ രണ്ട് തവണയാണ് മഴ കളി തടസ്സപ്പെടുത്താനെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയില്‍ നില്‍ക്കെ രണ്ടാമതും മഴയെത്തുകയായിരുന്നു. പിന്നീട് മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു.
24 പന്തില്‍ 39 റണ്‍സെടുത്ത് നില്ക്കുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, 20 പന്തില്‍ 37 റണ്‍സുമായി ശുഭ്മന്‍ ഗില്‍ എന്നിവരായിരുന്നു ക്രീസില്‍. 14 പന്തില്‍ 19 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
താരത്തെ നതാന്‍ എല്ലിസാണ് പുറത്താക്കിയത്. പിന്നാലെ അഞ്ചാം ഓവറിന് ശേഷം മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു.
മത്സരം പുനരാരംഭിച്ചതിന് ശേഷം ഗില്‍-സൂര്യ സഖ്യം തകര്‍ത്തടിച്ചു. ഇരുവരും മഴയ്ക്ക് തൊട്ടുമുമ്പ് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പത്താം ഓവറിലെ നാലാം പന്ത് എറിഞ്ഞതിന് പിന്നാലെ മഴ വീണ്ടുമെത്തുകയും ശക്തമായതോടെ മത്സരം ഉപേക്ഷിച്ചു.






