കേരളത്തില്‍ സവര്‍ക്കറും ഹെഡ്‌ഗേവാറും പഠന വിഷയമാകും; ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട; ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ പൂര്‍ണമായും നടപ്പാക്കുമെന്നും സുരേന്ദ്രന്‍

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ കോണ്‍ഗ്രസ് തിരസ്കരിച്ച എല്ലാ ചരിത്രവും പഠിപ്പിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സവര്‍ക്കറും ഹെഡ്ഗെവാറും പഠനവിഷയമാകും. ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട. പി.എം ശ്രീയില്‍ ഒപ്പുവച്ചെങ്കില്‍ എല്ലാ വ്യവസ്ഥയും ഉള്‍പ്പെടും. പണംവാങ്ങി വ്യവസ്ഥകള്‍ നടപ്പാക്കാതെ ഇരിക്കാമെന്ന് കരുതേണ്ട. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ഥത്തിൽ കേരളത്തിൽ നടപ്പാക്കും. കരിക്കുലം പരിഷ്കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറയട്ടെയെന്ന് കെ.സുരേന്ദ്രന്‍. കേന്ദ്രവുമായി എന്തെങ്കിലും ഡീൽ ഉണ്ടോ എന്ന് എനിക്കറിയില്ല. കരാർ ഒപ്പിട്ടത് സിപിഎമ്മിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മാത്രമാണ് അറിഞ്ഞത്. സിപിഎമ്മിലെ മറ്റു മന്ത്രിമാര്‍ പോലും അറിഞ്ഞില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രാധാന്യം വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് മനസിലായി. അതുപോലെ പിണറായി വിജയനും മനസ്സിലാകുമെന്ന് കരുതുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ സിപിഐഎയും കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചു. സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ല. അജിത് കുമാറിനെ മൂക്കില്‍ കയറ്റും എന്നുപറഞ്ഞിട്ട് അജിത്ത് അവിടെത്തന്നെ ഇരിപ്പുണ്ട‌്. പിണറായി വിജയന്‍റെ ഉഗ്രശാസനയ്ക്ക് മുന്നില്‍ ബിനോയ് വിശ്വം മുട്ടുമടക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.






