‘പാലാ പോയിട്ട് വീടിനു പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല; സത്യം തൊട്ടുതീണ്ടാത്ത സാങ്കല്പിക കഥ കേരളത്തില്‍ വിലപ്പോകില്ല’; ബീഫും പൊറോട്ടയും നല്കി മലകയറ്റിയെന്ന എന്‍.കെ. പ്രേമചന്ദ്രന്റെ പ്രസംഗത്തിന് ചുട്ട മറുപടിയുമായി രഹന ഫാത്തിമ

കൊച്ചി: രഹന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എന്‍.കെ. പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞ പ്രസ്താവനയില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കല്‍പ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയുമെന്നും രഹ്ന വ്യക്തമാക്കി. സത്യം തൊട്ടുതീണ്ടാത്ത ഈ സാങ്കല്പിക കഥ കേരളത്തില്‍ വിലപ്പോകുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു.
കുറിപ്പ്
ബഹുമാനപ്പെട്ട എന്‍.കെ. പ്രേമചന്ദ്രന് സാറിന്റെ ഒരു പ്രസ്താവന ശ്രദ്ധയില്‍ പെട്ടു. എന്റെ അറിവില്‍ അദ്ദേഹം ഒരു യുഡിഎഫ് ഘടകകക്ഷി ആണ്. എന്നാലും പ്രസ്താവന വന്നപ്പോള്‍ ഞാന്‍ ഒന്നുകൂടെ സെര്‍ച്ച് ചെയ്തു നോക്കി. ഇനി എനിക്ക് തെറ്റുപറ്റിയതാണോ അതോ അദ്ദേഹം മറ്റേതെങ്കിലും മുന്നണികളുടെ ഘടകകക്ഷി ആണോ എന്ന്. തെറ്റിയിട്ടില്ല എന്നു മനസിലായി. അതുകൊണ്ട് മാത്രം ഒരു മറുപടി അനിവാര്യം ആണെന്ന് തോന്നി.
എന്‍.കെ. പ്രേമചന്ദ്രന് സര് പറഞ്ഞ പ്രസ്താവനയില്‍ യാതൊരു കഴമ്പും ഇല്ല എന്ന് മാത്രമല്ല, അദ്ദേഹം സ്വന്തം ഇമേജിനേഷനില്നിന്ന് കൊണ്ടു വന്ന ഒരു ‘പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയും’. ബഹുമാനപ്പെട്ട പ്രേമചന്ദ്രന് സര്, താങ്കളുടെ സത്യം തൊട്ടുതീണ്ടാത്ത ഈ ഇമാജിനേഷന്, കേരളത്തില്‍ വിലപ്പോകുമെന്ന് എനിക്ക് തോന്നുന്നില്ല.
ഇനി ചില കാര്യങ്ങള്‍ പറയാം: ഞാന്‍ ബിന്ദു അമ്മിണിചേച്ചിക്ക് ഒപ്പം ശബരിമല കയറി എന്നത് ആണ് ആദ്യത്തെ ആരോപണം.
സുപ്രീം കോടതി വിധിവന്നതിനു ശേഷം, 2018 ഒക്ടോബര്‍ 19ന് ആണ് ഞാന്‍ ശബരിമലയില്‍ കയറാന്‍ ശ്രമിക്കുന്നത്. പതിനെട്ടാംപടിക്ക് താഴെ വരെ എത്തിയെങ്കിലും. കുഞ്ഞു കുട്ടികളെ നിലത്തു കിടത്തി പ്രതിഷേധിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ പിന്മാറിയത്.
രണ്ടാമത്തെ ആരോപണം, ഞാനും ബിന്ദു അമ്മിണി ചേച്ചിയും ആരൊക്കെയോ വാങ്ങി തന്ന പൊറോട്ടയും ബീഫും കഴിച്ചിട്ടാണ് ശബരിമല കയറാന്‍ വന്നത് എന്നാണ്.
ഞാന്‍ മല കയറാന്‍ ശ്രമിക്കുന്നത് 2018 ഒക്ടോബര്‍ 19നും ബിന്ദു അമ്മിണി ചേച്ചി കയറുന്നത് 2019 ജനുവരി രണ്ടിനും ആണ്. 2018ന് നവംബര്‍ 27ന് ഞാന്‍ അറസ്റ്റില്‍ ആവുകയും, ഡിസംബര്‍ 14 നു ഞാന്‍ പുറത്തിറങ്ങുമ്പോള്‍ എന്റെ ജാമ്യ വ്യവസ്ഥയില്‍, പമ്പ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത് എന്നും, സമാനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുത് എന്നുമാണ്. തന്മൂലം ഞാന്‍ ജനുവരി 2 നു പാലാ പോയിട്ട് വീടിനു പുറത്തേക്കു പോലും ഇറങ്ങിയാല്‍ ഇവിടുത്തെ ആചാരസംരക്ഷകരുടെ കണ്ണ് വെട്ടിച്ച് ഏതെങ്കിലും ഒരു സ്ഥലത്തു നില്ക്കാന് പോലും കഴിയില്ല എന്നത് പകല്‍പോലെ വ്യക്തമാണ്.
മൂന്നാമത്തെ ആരോപണം, കേരള സര്‍ക്കാര്‍ ആണ് പ്രത്യേകിച്ച് പിണറായി സഖാവ് ആണ് എന്നെ മല കയറാന്‍ കൊണ്ടുവന്നത് എന്നാണ്. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, മല കയറുന്നതിനു മുന്‍പോ, ശേഷമോ എന്റെ ജീവിതത്തിലുടനീളം ഒരു രാഷ്ട്രിയ പാര്‍ട്ടിയില്‍ നിന്നോ, രാഷ്ട്രിയക്കാരില്‍ നിന്നോ, മതസഘടനകളില്‍ നിന്നോ ഞാന്‍ യാതൊരുവിധ സഹായവും സ്വീകരിച്ചിട്ടില്ല.
മാത്രമല്ല, ഞാന്‍ മല കയറിയതിന് രണ്ടു കാരണങ്ങളുണ്ട്.
ഒന്നാമത്: എനിക്ക് ശബരിമലയില്‍ പോകാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ശബരിമല മാത്രമല്ല ക്ഷേത്രങ്ങളോട് എനിക്ക് വളരെ ഇഷ്ടവും അടുപ്പവുമുണ്ട്. പക്ഷെ, എന്നും അതിനു വിലങ്ങുതടി ആയത് എന്റെ പേരാണ്.
രണ്ടാമത്: കോടതി വിധി വന്നപ്പോള്‍, ചില ആചാരസംരക്ഷകര്‍ വെല്ലുവിളിക്കുന്നത് കണ്ടു ‘ധൈര്യമുള്ള സ്ത്രീകളുണ്ടെങ്കില്‍ ഒന്ന് മലകയറി കാണിക്കു എന്ന്’. ‘ധൈര്യമുള്ള സ്ത്രീകളുണ്ട്, പക്ഷെ എന്റെ ധൈര്യം ആ ചുട്ടു പൊള്ളുന്ന വെയിലില്‍ നിലത്തു കിടത്തിയ കുട്ടികളുടെ മുന്നില്‍ മാത്രമാണ് ചോര്‍ന്നു പോയത്, ഇല്ലെങ്കില്‍ ഞാന്‍ തീര്‍ച്ചയായും കയറിയേനേ….! പിന്നെ വിശ്വാസികളോടാണ്, ഞാന്‍ മലകയറുന്നതുള്ള ആചാരങ്ങള്‍ എനിക്കറിയാവുന്ന പോലെ പൂര്‍ണമായി പാലിച്ചു തന്നെയാണു മല കയറിയത്. അതുകൊണ്ട് തന്നെ അതിന്റെ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും എനിക്ക് കിട്ടിയിട്ടുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്തൊക്കെയാണ് ആ അനുഗ്രഹങ്ങളും, ഐശ്വര്യങ്ങളും എന്ന് എന്റെ രണ്ടാമതെ പുസ്തകത്തില്‍ വ്യക്തമാക്കുന്നതുമാണ്.






