Breaking NewsKeralaLead News

പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ല, കേന്ദ്രം നോക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴി, ആർഎസ്എസ് അജണ്ട നടപ്പാക്കണ്ട, കാബിനറ്റിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കും- ബിനോയ് വിശ്വം

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രം നോക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ്. അതിനായാണ് പിഎം ശ്രീയെന്നും ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര ഫണ്ടും നയവും തമ്മിൽ ബന്ധമുള്ളതാണ്. ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് വാങ്ങിയാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളിയാണ് ബിനോയ് വിശ്വത്തിൻറെ പ്രതികരണം. ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള പദ്ധതി അനുവദിക്കില്ലെന്നും ബിനോട് വിശ്വം വ്യക്തമാക്കി.

അതോടൊപ്പം ഇതു സംബന്ധിച്ചു സിപിഐ മന്ത്രിമാർക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർദേശം നൽകി. പാർട്ടി മന്ത്രിമാരുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. ബിനോയ് വിശ്വത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കാബിനറ്റിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കാൻ ബിനോയ് വിശ്വം നിർദേശിച്ചു. ഇന്നത്തെ അജണ്ടയിൽ പിഎം ശ്രീ പദ്ധതിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കാനും സിപിഐ തീരുമാനിച്ചു.

Signature-ad

അതേസമയം പിഎം ശ്രീയിൽ മുന്നണിയിൽ ചർച്ച നടത്താതെ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ സിപിഐയ്ക്ക് അമർഷമുണ്ട്. ഫണ്ടാണ് പ്രധാനമെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ആവർത്തിക്കുന്നത്. പക്ഷെ ഇതെങ്ങനെ പ്രാവർത്തികമാക്കാനാണ് വിദ്യാഭ്യാസ മന്ത്രി ഇത്തരമൊരു പ്രസ്താവനയിലൂടെ ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.

അതിനിടെ പിഎം ശ്രീക്കെതിരെ ശക്തമായ പോരാട്ടമാണ് വേണ്ടതെന്ന് സിപിഐ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കി. അതേസമയം പിഎം ശ്രീ പദ്ധതി വീണ്ടും ചർച്ചയായത് മുതൽ സിപിഐ ഇടംതിരിഞ്ഞാണ് നിൽകുന്നത്. പിഎം ശ്രീ പദ്ധതിയുടെ കാതൽ എൻഇപിയാണെന്നും അതിന്റെ അടിസ്ഥാനം ആർഎസ്എസിന്റെയും ബിജെപിയുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണെന്നും പിഎം ശ്രീ വിവാദമായ ഘട്ടത്തിൽ ബിനോയ് വിശ്വം പറഞ്ഞിരുന്നു. കേരളം എല്ലാ രംഗത്തും ഒരുബദൽ രാഷ്ട്രീയത്തിന്റെ സംസ്ഥാനമായാണ് കാണുന്നത്. ഡാർവിന്റെ പരിണാമ സിദ്ധാന്തം പോലും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് സിലബസ് മാറ്റുന്ന ബിജെപി, ചരിത്രം വളച്ചൊടിക്കുന്ന ശാസ്ത്രത്തെ ഭയപ്പെടുന്ന അന്തവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ആർഎസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സർക്കാർ വഴങ്ങരുതെന്നായിരുന്നു ലേഖനത്തിൽ പറഞ്ഞത്. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയിൽ ഒപ്പുവെയ്ക്കരുതെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: