Breaking NewsIndiaLead NewsNEWS

മരണം മുന്നിൽ കണ്ടപ്പോഴും പൊന്നുമോൾക്കു പൊള്ളലേൽക്കാതിരിക്കാൻ അവളെ ആ അച്ഛനും അമ്മയും അവളെ പൊതിഞ്ഞുപിടിച്ചിരുന്നു, പക്ഷെ… നവി മുംബൈയിലെ തീപിടിത്തത്തിൽ നിന്ന് രക്ഷിക്കാൻ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഫ്ലാറ്റിലേക്ക് കയറിയത് യാതൊരു ഉപകരണങ്ങളുമില്ലാതെ…

മുംബൈ: ചുറ്റും ആളിപ്പടരുന്ന തീ എന്തുചെയ്യണമെന്ന് അറിയാതെ പകച്ച് ഒരു കൂട്ടം ആൾക്കാർ… ഇതിനിടയിൽ 12ാം നിലയിൽ മലയാളി കുടുംബം താമസിച്ച ഫ്ലാറ്റ് തുറന്നപ്പോൾ കണ്ട കാഴ്ച ഹൃദയം നുറുങ്ങുന്നതായിരുന്നു. മരണം മുന്നിൽ കണ്ടപ്പോഴും ആ അച്ഛനും അമ്മയും ആറുവയസുകാരിയെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ടായിരുന്നു. തന്റെ പൊന്നു മകളെങ്കിലും രക്ഷപ്പെടാൻ, അവളുടെ ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാൻ. എന്നാൽ ആ മാതാപിതാക്കളുടെ ശ്രമം വിഭലമായി…

പാർപ്പിട സമുച്ചയത്തിലെ 12–ാം നിലയിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം ചിറയിൻകീഴ് പണ്ടകശാലയ്ക്കു സമീപം ആൽത്തറമൂട് നന്ദനത്തിൽ രാജൻ–വിജയ ദമ്പതികളുടെ മകൾ പൂജ (39), ഭർത്താവ് ചെന്നൈ സ്വദേശി സുന്ദർ ബാലകൃഷ്ണൻ(42) മകൾ വേദിക (6) എന്നിവരും തൊട്ടടുത്ത ഫ്ലാറ്റിലെ കമല ജെയിനുമാണ് (84) മരിച്ചത്.

Signature-ad

അതേസമയം വാതിൽ തുറക്കാനുള്ള ഉപകരണങ്ങൾ പോലുമില്ലാതെയാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഫ്ലാറ്റിനു മുന്നിലെത്തിയതെന്ന് ഇന്നലെ നവി മുംബൈയിലെ ഫ്ലാറ്റിലെ തീപിടിത്തതിൽ മരിച്ച മലയാളി യുവതി പൂജയുടെ സഹോദരൻ ജീവൻ രാജൻ പറഞ്ഞു. വലിയ പുകയും തീയും ഉള്ള സ്ഥലത്ത് കയറാൻ മാസ്ക് പോലും അവരുടെ കൈവശം ഇല്ലായിരുന്നുവെന്നും ജീവൻ പറഞ്ഞു.

‘‘ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി 10.30 വരെ സഹോദരിയും ഭർത്താവും കുഞ്ഞും ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. അതിനുശേഷമാണ് അവർ തിരിച്ചുപോയത്. ഇവിടെനിന്ന് ഒരു കിലോമീറ്ററിൽ താഴെയാണ് അവരുടെ ഫ്ലാറ്റിലേക്കുള്ള ദൂരം. ചൊവ്വാഴ്ച പുലർച്ചെ 1.55നാണ് അപകടവിവരം അറിഞ്ഞത്. ഉടൻ അവിടെയെത്തി. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും മുകളിൽ ആരുമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സഹോദരിയെയോ അളിയനെയോ അവിടെ കണ്ടില്ല. തുടർന്ന് ഏറ്റവും മുകളിലത്തെ നിലയിലുള്ള ഫ്ലാറ്റിനു മുന്നിലെത്തിയെങ്കിലും പൂട്ടിയ നിലയിലായിരുന്നു.

ഇതിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുകളിലേക്കു വന്നു. എന്നാൽ, അവരുടെ പക്കൽ വാതിലുകൾ തുറക്കാനുള്ള ഉപകരണം ഇല്ലായിരുന്നു. സമയം പോകുന്നതിനിടെ, പുറത്ത് സാധാരണ വയ്ക്കാറുള്ള താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്നെങ്കിലും വലിയ പുകയും തീയും കാരണം അകത്തേക്കു കയറാനായില്ല. അഗ്നിരക്ഷാ സേനാംഗങ്ങളുടെ പക്കൽ മാസ്ക് ഉണ്ടായിരുന്നില്ല. പിന്നീട് അവ എത്തിച്ചതിനു ശേഷ‌‌മാണ് അകത്തേക്കു പ്രവേശിച്ചത്. അപ്പോഴും മകൾക്കു പൊള്ളലേൽക്കാതിരിക്കാൻ കുഞ്ഞിനെ പൊതിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ഇരുവരും’’ – ജീവൻ പറഞ്ഞു.

അതേസമയം നവി മുംബൈയിലെ വാശിയിൽ റഹേജ അപ്പാർട്മെന്റ് ബി വിങിലെ പത്താം നിലയിൽ നിന്ന് 11, 12 നിലകളിലേക്ക് ചൊവ്വാഴ്ച പുലർച്ചെ തീ ആളിപ്പടരുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ദീപാവലി ദിവസങ്ങളിലുണ്ടായ തീപിടിത്തത്തിന്റെ കാരണം പടക്കമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: