സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ കരൂരില്‍ എത്താത്തത് ; ചോരക്കറ പുരണ്ട ആര്‍എസ്എസ് വേഷം ധരിച്ച് വിജയ് ; ഡിഎംകെ യുടെ ഐടിവിംഗ് തയ്യാറാക്കിയ ഗ്രാഫിക് പോസ്റ്റര്‍

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പോടെ തമിഴ്രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനിരുന്ന വിജയ് യ്ക്ക് കരൂര്‍ ദുരന്തം നല്‍കിയ തിരിച്ചടി ചെറുതൊന്നുമല്ല. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും തിരിച്ചുവരാന്‍ ശ്രമിക്കുന്ന വിജയ് ബിജെപിയുടെ എന്‍ഡിഎയുമായി സഹകരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇക്കാര്യത്തില്‍ നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇത്തരം ചര്‍ച്ചയ്ക്ക് വലിയ പ്രചാരം നല്‍കുകയാണ് ഡിഎംകെ.
ഡിഎംകെ ഐടി വിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വിജയ്യെ ആര്‍എസ്എസ് യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണ്‍ വലിയ ശ്രദ്ധ നേടുകയാണ്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ചോരപ്പാടുകള്‍ ഉള്ള ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് ഭരണകക്ഷിയായ ഡിഎംകെ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തില്‍ ചോരയുടെ നിറത്തില്‍ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റില്‍ ഡിഎംഎകെയുടെ വിമര്‍ശനം. സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റില്‍ പരിഹാസിച്ചിട്ടുണ്ട്. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരില്‍ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു.
അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്‍ത്തുന്നുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടി ആളെക്കൂട്ടി അപകടമുണ്ടാക്കി എന്നും വിമര്‍ശനം. കരൂര്‍ ദുരന്തത്തിന് ശേഷം വിജയ് ഇതുവരെ ദുരന്തസ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ഇവിടേയ്ക്ക് എത്താനൊരുങ്ങുന്ന താരം വലിയ സുരക്ഷാ സംവിധാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കരൂര്‍ ദുരന്തത്തിനിരയായവരെ ഏറ്റെടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചെലവ് വഹിക്കുമെന്നും താരം നേരത്തേ പ്രഖ്യാപനം നടത്തിയിരുന്നു.






