Breaking NewsLead NewsNewsthen Specialpolitics

തെറ്റുകൾക്കെതിരെ പോരാടാനുള്ള ജനാധിപത്യത്തിന്റെ ബദലാകുന്ന കോൺഗ്രസ്

കേന്ദ്രസർക്കാറിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചത് സിവിൽ സർവീസിൽ നിന്നും രാജിവച്ച കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ അംഗത്വമെടുത്തു. കേവലം ഒരു മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കോൺഗ്രസിൽ ചേർന്നു എന്നതിലുപരി ഈ വാർത്തയ്ക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്. കോൺഗ്രസ് അതിന്റെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നു എന്ന രീതിയിലാണ് കോൺഗ്രസിലേക്കുള്ള കണ്ണൻ ഗോപിനാഥന്റെ കടന്നുവരവിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ രാജ്യത്ത് ജനാധിപത്യ ആശയങ്ങൾക്കായി നിലകൊള്ളുന്ന മനുഷ്യർക്ക് ഒത്തുകൂടാനുള്ള വേദിയായി കോൺഗ്രസ് രൂപപ്പെടുന്നു എന്ന നിലയിലാണ് ഈ കടന്നുവരവിനെ നാം നോക്കി കാണേണ്ടത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കോൺഗ്രസ് തങ്ങളുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി കാൽനടയായി നടന്ന ഭാരത് ജോഡോ മുതൽ ഇങ്ങോട്ട് കോൺഗ്രസ് പ്രവർത്തനത്തിന്റെ മട്ടും ഭാവവും അടിമുടി മാറ്റിയിരിക്കുന്നു. സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ പ്രശ്നങ്ങൾക്ക് കാതോർക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വോട്ട് ചോരി ക്യാമ്പയിലും ശേഷം രാഹുൽഗാന്ധി ബീഹാറിൽ നടത്തിയ വോട്ടർ അധികാർ യാത്രയിലും യുവാക്കളുടെ വലിയ ജനപിന്തുണ പ്രകടമായിരുന്നു. കോൺഗ്രസിന്റെ ഈ മാറ്റം വിജയമാണ് എന്ന് അടയാളപ്പെടുത്തുന്നതാണ് കണ്ണൻ ഗോപിനാഥൻ കടന്നുവരവ്. കണ്ണൻ ഗോപിനാഥന് സമാനമായി കേന്ദ്രസർക്കാറുമായി കലഹിച്ചുകൊണ്ട് സിവിൽ സർവീസ് രാജിവെക്കുകയും പിന്നീട് കോൺഗ്രസിൽ അംഗമാവുകയും ചെയ്ത നിലവിലെ തമിഴ്നാട്ടിലെ തിരുവള്ളൂർ ലോക്സഭ എംപി ശശികാന്ത് സെന്തിലിന്റെ സാന്നിധ്യത്തിൽ ആയിരുന്നു സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൽ നിന്നും കണ്ണൻ ഗോപിനാഥൻ അംഗത്വം സ്വീകരിച്ചത്.

Signature-ad

സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കാലത്തും ശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ തുടക്കത്തിലും കോളനിവൽക്കരണത്തിനെതിരെ പോരാടുന്ന ദേശസ്നേഹികൾക്ക് വിയോജിപ്പോടെ ഒരുമിച്ചു നിൽക്കാൻ കഴിയുന്ന ഒരു വിശാലമായ ജനാധിപത്യ വേദിയായിരുന്നു കോൺഗ്രസ്. ഇന്നിപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ വീണ്ടും കോൺഗ്രസ് ഉൾക്കൊള്ളലിന്റെ ഒരു വിശാല രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നതായി കാണാം. സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരായി ജനാധിപത്യ മതേതര ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ദേശസ്നേഹികൾക്ക് ഒന്നായി നിന്ന് പോരാട്ടം നയിക്കാനുള്ള വേദിയായി കോൺഗ്രസ് പരിണമിക്കുകയാണ്. ഗാന്ധിയെയും അംബേദ്കറിനെയും ഒരുപോലെ ചർച്ച ചെയ്യുകയും അവർ മുന്നോട്ടുവച്ച ആശയങ്ങളെ ഒരുമയോടെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് രാഹുൽ ഗാന്ധിയുടെ കീഴിൽ കോൺഗ്രസ് പറയാൻ ശ്രമിക്കുന്നത്. കണ്ണൻ ഗോപിനാഥനെ പോലുള്ള വിദ്യാഭ്യാസവും കാഴ്ചപ്പാടുകളും ഉള്ള യുവാക്കളുടെ കടന്നുവരവ് കോൺഗ്രസിന്റെ സമീപനത്തിൽ ഉണ്ടായ മാറ്റത്തെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായകരമാകും.

‘2019ലാണ് ഞാൻ രാജിവെച്ചത്. സർക്കാർ രാജ്യത്തെ കൊണ്ടുപോകുന്ന ദിശ ശരിയല്ലെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. തെറ്റിനെതിരെ പോരാടേണ്ടതുണ്ടെന്നും തോന്നി. ഞാൻ 80-90 ജില്ലകളിലൂടെ സഞ്ചരിച്ച് ജനങ്ങളോട് സംസാരിച്ചു. നിരവധി നേതാക്കളെ കണ്ടു. രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ കോൺഗ്രസ് പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന് അപ്പോഴാണ് വ്യക്തമായത്’ എന്നായിരുന്നു അംഗത്വം സ്വീകരിച്ചുകൊണ്ട് കണ്ണൻ ഗോപിനാഥൻ സംസാരിച്ചത്. സംഘപരിവാറിനെതിരെ പോരാടാൻ രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ഉള്ള ഏക ബദലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന് രാജ്യത്തെ പിന്നാക്കം നിൽക്കുന്നവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും ഒപ്പം നിൽക്കുകയും നീതിക്കും ഐക്യത്തിനും വേണ്ടി എപ്പോഴും പോരാടുകയും ചെയ്ത കണ്ണൻ ഗോപിനാഥൻ എന്ന ധീരനായ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുമ്പോൾ അത് ഇന്ത്യയിലെ ഒരു വലിയ വിഭാഗം ജനങ്ങളുടെ കൂടി അഭിപ്രായമാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന് പ്രഖ്യാപിച്ചവരെ ഈ രാജ്യത്ത് നിന്നും മുക്തമാക്കാൻ ജനാധിപത്യ വിശ്വാസികൾ കോൺഗ്രസിലേക്ക് ഒഴുകിയെത്തുന്നത് ദേശീയ രാഷ്ട്രീയത്തിൽ വളരെ വലിയ സ്വാധീനം ആണ് ഉണ്ടാക്കാൻ പോകുന്നത് എന്ന് നിസംശയം തന്നെ പറയാം. കണ്ണൻ ഗോപിനാഥൻ ഒരു പ്രതിനിധിയാണ്, കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടാൻ ആഗ്രഹിക്കുന്ന ഭരണഘടനാ മൂല്യങ്ങളെയും മതേതര ആശയങ്ങളെയും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യവാദികളുടെ പ്രതിനിധി. വരും ദിവസങ്ങളിലും ഇത്തരത്തിൽ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും അറിയപ്പെടുന്ന ഒട്ടനവധി ആളുകൾ കോൺഗ്രസിന്റെ ഭാഗമാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കോൺഗ്രസിന് അനുകൂലമായ ഒരു മാറ്റം രാജവ്യാപകമായിത്തന്നെ കാണാൻ സാധിക്കും. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലുകൾക്ക് ശേഷം യുവാക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റാഗ്രാമിൽ കോൺഗ്രസിന് അത്ഭുതകരമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ബിജെപി രാഹുൽ ഗാന്ധിക്കെതിരെ നടത്തുന്ന ക്യാമ്പയിനുകൾ ഒന്നും വിജയിക്കുന്നില്ല എന്നു മാത്രമല്ല രാഹുലിന്റെ പഴയ പ്രസംഗങ്ങൾ പോലും ഇൻസ്റ്റാഗ്രാമിൽ വലിയ രീതിയിൽ ട്രെന്റിങ്ങ് ആവുകയാണ്. ഇത്തരത്തിൽ യുവാക്കൾക്കിടയിൽ നരേന്ദ്രമോദിയേക്കാൾ വലിയ സ്വാധീനമുള്ള നേതാവായി രാഹുൽ ഗാന്ധി മാറിയെന്ന് ഈ അടുത്തു വന്ന പല സർവ്വേകളും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ബീഹാറിലെ ഗ്രാമങ്ങളിലൂടെയും തെരുവുകളിലൂടെയും രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയ്ക്ക് ലഭിച്ച വലിയ ജന പിന്തുണയും സാക്ഷ്യപ്പെടുത്തുന്നത് ഇതേ കാര്യം തന്നെയാണ്. വിഷയത്തിൽ നിന്നും രാജ്യത്തിന്റെ ശ്രദ്ധ മാറ്റാനായി ബിജെപി പല അടവുകൾ ഇറക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. വോട്ടു ചോരിയുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ആറ്റം ബോംബ് ആണ്, അതിലും വലിയ ഹൈഡ്രജൻ ബോംബ് വരാനിരിക്കുന്നതേയുള്ളൂ എന്ന രാഹുലിന്റെ പ്രഖ്യാപനം ബിജെപിയിൽ വലിയ ആശങ്കകളാണ് ഉണ്ടാക്കുന്നത്. ഒരുകാലത്ത് ബിജെപി പി ആർ ഏജൻസികളെ ഉപയോഗിച്ച് പരിഹസിച്ചിരുന്ന രാഹുൽ ഗാന്ധിയുടെ ഈ വളർച്ച ബിജെപിയെ ചെറുതായി ഒന്നുമല്ല ഭയപ്പെടുത്തുന്നത്.

തെറ്റുകൾക്കെതിരെയാണ് തന്റെ പോരാട്ടം, കോൺഗ്രസ് ആണ് അതിനു ബദൽ എന്ന് കണ്ണൻ ഗോപിനാഥൻ സംസാരിക്കുമ്പോൾ അത് മുന്നോട്ടുവയ്ക്കുന്നത് ഒരു വലിയ രാഷ്ട്രീയമാണ്. വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തെയും കോൺഗ്രസിന്റെ പ്രാധാന്യത്തെയും ഒറ്റ വാചകത്തിൽ വ്യക്തമാക്കുന്നുണ്ട് കണ്ണൻ ഗോപിനാഥൻ. ഇന്ത്യയിലെ ജനാധിപത്യ മതേതര ഫെഡറൽ സംവിധാനങ്ങളെ ബിജെപി അനുദിനം തകർത്തു കൊണ്ടിരിക്കുകയാണെന്നും അതിനെതിരെയുള്ള ജനാധിപത്യത്തിന്റെ ബദൽ കോൺഗ്രസ് ആണ് എന്നുമുള്ള തിരിച്ചറിവ് രാജ്യത്തെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചു. വരുന്ന ബീഹാർ തിരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളിലും വിജയിക്കാനും അതുപോലെ വോട്ടുചോരി ക്യാമ്പയിൻ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും കോൺഗ്രസിന് കഴിഞ്ഞാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തലവരയെ തന്നെ മാറ്റിയെഴുതും.

വോട്ടർ പട്ടിക വിഷയങ്ങളിലും വോട്ട് മോഷണം ക്യാമ്പയിനിലും കണ്ണൻ ഗോപിനാഥൻ എന്ന സമർത്ഥനായ ഉദ്യോഗസ്ഥനെ ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് കഴിയണം. പാർട്ടിയിലേക്ക് നേതാക്കൾ ഒഴുകിയെത്തിയത് കൊണ്ട് മാത്രം കാര്യമില്ല അവരെ കൃത്യമായ ഉപയോഗിക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിയേണ്ടതുണ്ട്, അല്ലാത്തപക്ഷം നിലവിലെ ഈ എഡ്ജ് കോൺഗ്രസിന് നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പിൽക്കാലങ്ങളിൽ പറ്റിയ പിഴവ് കോൺഗ്രസ് ഇനി ആവർത്തിക്കില്ല എന്ന് കരുതുന്നു. കോൺഗ്രസും പ്രതിപക്ഷവും കൂടുതൽ ശക്തമാകുമ്പോൾ അത് ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും. തിരഞ്ഞെടുപ്പ് ജയ പരാജയങ്ങൾക്കപ്പുറം ശക്തമായ ഒരു പ്രതിപക്ഷവും ശക്തവും സുതാര്യവുമായ ഒരു ജനാധിപത്യ സംവിധാനവും ഈ രാജ്യത്ത് ഉണ്ടാവേണ്ടത് ഒരു അനിവാര്യതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: