Breaking NewsSports

ഇന്ത്യന്‍ ഫുട്ബോളിന് കനത്ത തിരിച്ചടി; ഗോവയില്‍ സിംഗപ്പൂരിനോട് 2-1 ന് തോറ്റു ; ഒരു ദശാബ്ദത്തിന് ശേഷം ബ്ലൂ ടൈഗേഴ്സിന് ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനായില്ല

ഗോവയില്‍ നടന്ന മത്സരത്തില്‍ സിംഗപ്പൂരിനോട് 2-1 ന് തോറ്റതോടെ ഇന്ത്യന്‍ ഫുട്ബോളിന് വീണ്ടും നാണക്കേട്. സൗദി അറേബ്യയില്‍ നടക്കുന്ന 2027-ലെ ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കാനില്ല. തോല്‍വി ഇന്ത്യയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും അടയാന്‍ കാരണമായി.

യോഗ്യതാ റൗണ്ടില്‍ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീമിന് ആകെ രണ്ട് പോയിന്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ഹോങ്കോങ്ങിനും സിംഗപ്പൂരിനും എട്ട് പോയിന്റ് വീതമുണ്ട്. ഇരു ടീമുകള്‍ക്കും ഒരു മത്സരം കൂടി അവശേഷിക്കുന്ന സാഹചര്യത്തില്‍ ടീമിന് ഒമ്പത് പോയിന്റാകും. ഇന്ത്യന്‍ ടീമിന് അവരെ മറികടക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി.

Signature-ad

കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെ 0-0 സമനില നേടിയ ഇന്ത്യ, ഹോങ്കോങ്ങിനെതിരായ എവേ മത്സരത്തില്‍ 94-ാം മിനിറ്റിലെ ഗോളില്‍ 1-0 ന് തോറ്റു. കഴിഞ്ഞ ആഴ്ച കല്ലാങ്ങില്‍ സിംഗപ്പൂരിനെതിരെ ഭാഗ്യം കൊണ്ട് 1-1 സമനില നേടിയെങ്കിലും ഇന്നത്തെ ഹോം മത്സരത്തില്‍ അവര്‍ പരാജയം ഏറ്റുവാങ്ങി. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് ഈ കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയില്ല. 2015-ല്‍ ഖത്തറില്‍ നടന്ന ടൂര്‍ണമെന്റിലാണ് ഇന്ത്യ അവസാനമായി പങ്കെടുത്തത്.

വാസ്തവത്തില്‍, 2019-ല്‍ ടൂര്‍ണമെന്റ് 16 ടീമുകളില്‍ നിന്ന് 24 ടീമുകളായി വികസിപ്പിച്ചതിന് ശേഷം ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഇല്ലാതെ പോകുന്നത് ഇത് ആദ്യമായാണ്. കളിയുടെ പതിനാലാം മിനിറ്റില്‍ ലാല്‍ലിയന്‍സുവാല ചാങ്തെ ബോക്സിന് പുറത്ത് നിന്ന് നേടിയ മനോഹരമായ ഗോളില്‍ മുന്നിലെത്തിയതാണ്. എന്നാല്‍ നഷ്ടപ്പെടുത്തിയ ചില അവസരങ്ങള്‍ ഇന്ത്യക്ക് തിരിച്ചടിയായി.

ആദ്യ പകുതിയുടെ അവസാനത്തില്‍ (44ാം മിനിറ്റില്‍) സോംഗ് ഗോള്‍ നേടി സിംഗപ്പൂര്‍ സമനില പിടിച്ചു. 58-ാം മിനിറ്റില്‍ സോംഗ് വീണ്ടും വലകുലുക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും, ഫൈനല്‍ തേര്‍ഡില്‍ പാഴാക്കിയതിനാല്‍ ഇന്ത്യക്ക് ഗോള്‍ നേടാനായില്ല.

ആതിഥേയരാകാന്‍ സാധ്യതയുണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് ടൂര്‍ണമെന്റില്‍ ഇടമില്ലാത്ത സ്ഥിതിയിലേക്ക് ഇന്ത്യ വീണത്. 2027-ലെ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ശക്തമായി ശ്രമിച്ചിരുന്നു, എന്നാല്‍ 2022 ഡിസംബറില്‍ അവര്‍ പിന്മാറിയതിനെത്തുടര്‍ന്ന് സൗദി അറേബ്യ ഏക ബിഡ്ഡറായി മാറുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: