NEWS

സാമുദായിക സമവാക്യം നോക്കി ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു ; ചരിത്രത്തില്‍ ആദ്യമായി യൂത്ത്‌കോണ്‍ഗ്രസിന് വര്‍ക്കിംഗ് പ്രസിഡന്റ്

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. സാമുദായിക സമവാക്യമാണ് സംഘടനാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായത്. അബിന്‍ വര്‍ക്കിയെയും കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്.

നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ്. ബിനു ചുള്ളിയിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കുന്നത്. കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അഡ്വ. ഒജെ ജനീഷിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നത്.

Signature-ad

തൃശൂര്‍ സ്വദേശിയായ ജനീഷ് കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പെരുമ്പാവൂര്‍ പോളിടെക്‌നിക്കിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്നു. 2007ല്‍ കെഎസ്‌യു മാള നിയോജകമണ്ഡലം പ്രസിഡന്റായും 2012ല്‍ കെഎസ്‌യു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായി. 2017 കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റായി. 2010 മുതല്‍ 2012വരെ യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. 2020-23വരെ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ഷാഫി പറമ്പില്‍ എംപിയുടെയും മറ്റു നേതാക്കളുടെയും സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഒജെ ജനീഷിനെ അധ്യക്ഷനായി നിയമിച്ചതെന്നാണ് വിവരം. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റുമ്പോള്‍ അതേ ചേരിയില്‍ നിന്നുള്ള ഒരാളെ തന്നെ പുതിയ അധ്യക്ഷനായി പരിഗണിക്കണമെന്ന് ഷാഫി പറമ്പിലിന്റെ ഭാഗത്തുനിന്നടക്കം നിരന്തരം സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: