ഗാസയില്‍ സമാധാന ശ്രമങ്ങള്‍ക്കിടയില്‍ ആഭ്യന്തരകലാപം ; ഹമാസ് പോരാളികളും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ കുറഞ്ഞത് 27 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഓപ്പറേഷനുകള്‍ അവസാനിച്ചതിന് ശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും അക്രമാസക്തമായ ആഭ്യന്തര സംഘട്ടനങ്ങളില്‍ ഒന്നാണിത്.
നഗരത്തിലെ ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം മുഖംമൂടി ധരിച്ച ഹമാസ് തോക്കുധാരികളും കുടുംബത്തിലെ പോരാളികളും തമ്മില്‍ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഹമാസ് നിയന്ത്രിത ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, സുരക്ഷാ യൂണിറ്റുകള്‍ ഇവരെ വളയുകയും പിടികൂടാന്‍ കനത്ത പോരാട്ടത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.
ശനിയാഴ്ച ആരംഭിച്ച പോരാട്ടത്തില്‍ ദുഗ്മുഷ് കുടുംബത്തിലെ 19 പേരും എട്ട് ഹമാസ് പോരാളികളും കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. 300-ല്‍ അധികം പോരാളികളുള്ള ഹമാസ് സേന, ദുഗ്മുഷ് തോക്കുധാരികള്‍ ഒളിച്ചിരുന്ന ഒരു റെസിഡന്‍ഷ്യല്‍ ബ്ലോക്ക് ലക്ഷ്യമാക്കി നീങ്ങിയതിനെ തുടര്‍ന്നാണ് ഗാസ സിറ്റിയുടെ തെക്ക് ഭാഗത്തുള്ള തെല്‍ അല്‍-ഹവ പ്രദേശത്ത് ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കനത്ത വെടിവയ്പ്പിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തതോടെ പരിഭ്രാന്തിയുടെ അന്തരീക്ഷമായിരുന്നുവെന്ന് പ്രദേശവാസികള്‍ വിവരിച്ചു.
ഗാസയിലെ ഏറ്റവും പ്രമുഖമായ കുടുംബങ്ങളില്‍ ഒന്നായ ദുഗ്മുഷ് കുടുംബത്തിന് ഹമാസുമായി വളരെക്കാലമായി അസ്വാരസ്യമുണ്ട്, കൂടാതെ അവരുടെ സായുധ അംഗങ്ങള്‍ മുന്‍പും പല അവസരങ്ങളിലും ഈ ഗ്രൂപ്പുമായി ഏറ്റുമുട്ടിയിട്ടുണ്ട്. ദുഗ്മുഷ് തോക്കുധാരികള്‍ തങ്ങളുടെ രണ്ട് പോരാളികളെ കൊലപ്പെടുത്തുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അവര്‍ക്കെതിരെ ഓപ്പറേഷന്‍ ആരംഭിക്കാന്‍ ഗ്രൂപ്പിനെ പ്രേരിപ്പിച്ചതെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍, അടുത്തിടെ നടന്ന ഇസ്രായേലി ആക്രമണത്തില്‍ വീടുകള്‍ നശിച്ചതിനെ തുടര്‍ന്ന് കുടുംബം അഭയം തേടിയിരുന്ന, മുന്‍പ് ജോര്‍ദാനിയന്‍ ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് ഹമാസ് സേന വന്നതായി ദുഗ്മുഷ് കുടുംബം പറഞ്ഞു. തങ്ങളുടെ സേനയ്ക്ക് പുതിയ താവളം സ്ഥാപിക്കാന്‍ കുടുംബത്തെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കാനാണ് ഹമാസ് ശ്രമിച്ചതെന്നും ഈ വൃത്തം അവകാശപ്പെട്ടു. ഇസ്രായേലി സൈന്യം ഒഴിഞ്ഞുപോയ ഗാസയിലെ പ്രദേശങ്ങളില്‍ നിയന്ത്രണം വീണ്ടെടുക്കുന്നതിനായി ഏകദേശം 7,000 സുരക്ഷാ സേനാംഗങ്ങളെ ഹമാസ് തിരിച്ചുവിളിച്ചതായി പ്രാദേശിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.






